അതിശക്തമായ രാസവിസ്ലേഷണ ശേഷികൊണ്ട് ശാസ്ത്രലോകത്ത് ശ്രദ്ധേയമായ ഒരു രാസവസ്തുവാണ് ഡൈ-ഹൈഡ്രജൻ മോണോക്സൈഡ് അഥവാ DHMO. അതിന്റെ മാരകമായ പ്രഹരശേഷിമൂലം “അദൃശ്യനായ കൊലയാളി”എന്ന് വിളിക്കപ്പെടുന്നു. DHMO നിരോധിക്കണം എന്ന കാമ്പയിന് ലോകത്ത് ശക്തമാണ്. എന്നിട്ടും അറിഞ്ഞോ അറിയാതെയോ നാം നിത്യവും ഇത് കൈകാര്യ ചെയ്യുന്നു. എന്താണ് DHMO?
പരല്‍ രൂപത്തിലുള്ള ഡൈഹൈഡ്രജൻ മോണോക്സൈഡ് | കടപ്പാട് വിക്കിപീഡിയ
ഡൈഹൈഡ്രജൻ മോണോക്സൈഡ് വസ്തുതകൾ
- ഹൈഡ്രിക് ആസിഡ് എന്നും അറിയപ്പെടുന്നു, ആസിഡ് മഴയുടെ പ്രധാന ഘടകമാണ്.
- ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്നു.
- കടുത്ത പൊള്ളലേല്പിക്കുന്നു.
- പ്രകൃതിയ്ക്ക് വന്‍തോതില്‍ നാശം വരുത്തുന്നു.
- പല ലോഹങ്ങളും തുരുമ്പെടുക്കുന്നതിനും ദ്രവിക്കുന്നതിനും കാരണമാകുന്നു.
- ഇലക്ട്രിക്കൽ തകരാറുകൾക്കും ഓട്ടോമൊബൈൽ ബ്രേയ്ക്കുകളുടെ കാര്യക്ഷമത കുറയ്ക്കന്നതിനും ഇടയാക്കുന്നു.
- കാൻസര്‍ കോശങ്ങളില്‍ 75%ല്‍ അധികമായി DHMO അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
- ആയിരക്കണക്കിന് മറ്റ് പ്രകൃതി ദുരന്തങ്ങളുടെ പ്രാഥമിക കാരണം DHMO ആണ്. ഉദാ- ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, സുനാമി
ഡൈഹൈഡ്രജൻ മോണോക്സൈഡ് ഉപയോഗങ്ങൾ
ഇത്രയധികം അപകടങ്ങളുണ്ടായിട്ടും ഡൈ-ഹൈഡ്രൺ മോണോക്സൈഡ് താഴെ പറയുന്ന ആവശ്യങ്ങള്‍ക്കായി ധാരാളമായി ഉപയോഗിക്കപ്പെടുന്നു.
- ഒരു വ്യാവസായിക ശീതീകരണിയായും ലായകമായും.
- ആണവ നിലയങ്ങളില്‍.
- സ്റ്റൈറോഫോമിന്റെ ഉത്പാദനത്തില്‍.
- തീ കെടുത്താനുള്ള യന്ത്രങ്ങളില്‍.
- മൃഗങ്ങളില്‍ നടത്തുന്ന ക്രൂരമായ പരീക്ഷണങ്ങളില്‍.
- കീടനാശിനികളില്‍.
- ചില ജങ്ക്-ഭക്ഷണങ്ങളിലും മറ്റും അഡിറ്റീവായി.
- ദ്രവരൂപത്തിലുള്ള മരുന്നുകളില്‍.
- ഹോട്ടല്‍ ഭക്ഷണങ്ങളില്‍.
- പെപ്സി, കൊക്കക്കോള തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളില്‍.
- പായ്ക്കറ്റ് പാലില്‍.
- മിനറല്‍ വാട്ടര്‍ കുപ്പികളില്‍.
- മത്സ്യം, മാംസം, പാല് തുടങ്ങിയവ കേടാകാതെ സൂക്ഷിക്കുന്നതിന് ഖരരൂപത്തിലുള്ള ഡിഎച്ച്എംഒ ധാരാളമായി ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്

അപകടകരമായ ഈ രാസവസ്തു എന്തുകൊണ്ട് ഉപയോഗിക്കപ്പെടുന്നു?
അപകചകരമാണ് എന്നറിയാമെങ്കിലും DHMO തങ്ങളുടെ വ്യവസായത്തിലും ഉല്പന്നങ്ങളിലും ഉപയോഗിക്കുന്നതിന് വ്യവസായികളെ/നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇവയാണ്-
- വിലക്കുറവ്.
- ഉപയോഗിക്കുന്നതിനുള്ള സൗകര്യം.
- രൂപമാറ്റം വരുത്തുന്നതിനുള്ള എളുപ്പം.
- മറ്റ് ദ്രാവകങ്ങളുമായി കലര്‍ന്നാല്‍ തിരിച്ചറിയാന്‍ പറ്റാത്തത്.
- നിറമോ, മണമോ, രുചിയോ ഇല്ലാത്തത്.
DHMO എന്തുകൊണ്ട് നിരോധിക്കുന്നില്ല?
- വ്യവസായ തകര്‍ച്ചയ്ക്കു് കാരണമാകും.
- തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും.
- സര്‍ക്കാരുകള്‍ക്ക് വരുമാനക്കുറവുണ്ടാകും.
- പകരം രാസവസ്തു കണ്ടെത്തുന്നതിന് കോടിക്കണക്കിനു് പണം ചെലവാകും.
DHMO മലിനീകരണം കാട്ടുതീ പോലെ പടരുന്നു!
ഇന്ന് അമേരിക്കയിലെ എല്ലാ നീരുറവകളിലും തടാകങ്ങളിലും ജല സംഭരണികളിലും ഡൈഹൈഡ്രജൻ മോണോക്സൈഡിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. ഭാരതത്തിലും വിശിഷ്യ കേരളത്തിലും അവസ്ഥ വ്യത്യസ്തമായിരിക്കില്ല. ഇതിന്റെ മലിനീകരണം ഭൂമിയിലാകമാനം കണ്ടെത്തിയിട്ടുണ്ട്. അന്റാർട്ടിക് മഞ്ഞിലും എവറസ്റ്റില്‍ പോലും ഇതിന്റെ സാന്നിദ്ധ്യം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഭീതി അവസാനിപ്പിക്കുക – ഡൈഹൈഡ്രജൻ മോണോക്സൈഡ് നിരോധിക്കുക.
കമ്പനികൾ നദികളിലേക്കും കടലിലേയ്ക്കും മലിനമായ ഡൈഹൈഡ്രജൻ മോണോക്സൈഡ് ഒഴുക്കിവിടുന്നു. ഈ രീതി ഇപ്പോഴും നിയമപരമായതിനാൽ തടയാൻ കഴിയുന്നില്ല. ഇത് ജീവജാലങ്ങളില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്, അതിനെ ഇനിയും അവഗണിക്കാനാവില്ല.
ഉല്പന്നങ്ങളില് DHMO യുടെ സാന്നിദ്ധ്യം സംബന്ധിച്ച അപകട സൂചനകള്‍ നല്‍കാറില്ല. സര്‍ക്കാരുകള്‍ അത് നിര്‍ബന്ധമാക്കിയിട്ടുമില്ല. സിനിമയില്‍ സിഗരറ്റ് വലിച്ചാല്‍ പോലും “ആരോഗ്യത്തിന് ഹാനികരം” എന്ന് എഴുതിക്കാണിക്കുന്ന നാട്ടിലാണ് ഇത് നടക്കുന്നത് എന്ന് ഓര്‍ക്കണം.
നശീകരണ സ്വഭാവമുള്ള ഈ രാസവസ്തുവിന്റെ ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ നിരോധിക്കാൻ അമേരിക്കൻ സർക്കാർ വിസമ്മതിച്ചു. രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രത തകരും എന്നതാണ് പ്രാധാന കാരണം.
വാസ്തവത്തിൽ, നാവികസേനയും മറ്റു സൈനിക സംഘടനകളും ഡൈഹൈഡ്രജൻ മോണോക്സൈഡ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തുന്നു. യുദ്ധ സാഹചര്യങ്ങളിൽ ഇതിനെ നിയന്ത്രിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും സൂക്ഷിക്കുന്നതിനുമായി ശതകോടി ഡോളറുകള്‍ ചെലവഴിച്ച് ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുന്നു. പിന്നീടുള്ള ഉപയോഗത്തിനായി അനേകം സംഭരണികളും വലിയ അളവിൽ നിര്‍മ്മിക്കുന്നുണ്ട്.
DHMO – രാസഘടന
ഒരു ഓക്സിജന്‍ ആറ്റം രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളുമായി കൂടിച്ചേര്‍ന്ന നിലയിലാണ് DHMO യുടെ ഘടന. ഇതിന് ഖര-ദ്രാവക-വാതക രൂപങ്ങളില്‍ സ്ഥിതിചെയ്യാന്‍ സാധിക്കും. H2O എന്നാണ് രാസവാക്യം. ഇംഗ്ലീഷില്‍ water എന്നും മലയാളത്തില്‍ വെള്ളം എന്നും അറിയപ്പെടുന്നു.

ഇതാണ് സത്യം.
ആരും എന്നെ ചീത്തവിളിക്കേണ്ട. ഇതാണ് സത്യം. വാട്സാപ്പ്, ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന, ഭയപ്പെടുത്തുന്ന പല വാര്‍ത്തകളും ഇമ്മാതിരി വക്രീകരിച്ച് പടച്ച് വിടുന്നതാണ്. രാസവസ്തു എന്ന് കേള്‍ക്കുമ്പോഴേക്കും നമ്മള് ഭയപ്പെടുന്നു. ഒന്നറിയുക പ്രകൃതിയിലെ എല്ലാ വസ്തുക്കളും രാസവസ്തുക്കളാണ്. പ്രചരണങ്ങള്‍ വിശ്വസിക്കുന്നതിനും കണ്ണുമടച്ച് ഫോര്‍വേഡ് ചെയ്യുന്നതിനും മുമ്പ് വിസ്വസനീയമാണോ എന്ന് ചിന്തിച്ചു് നോക്കുക.

വായിക്കുക – http://www.dhmo.org/
വാട്സാപ്പ്, ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന, ഭയപ്പെടുത്തുന്ന പല വാര്‍ത്തകളും ഇമ്മാതിരി വക്രീകരിച്ച് പടച്ച് വിടുന്നതാണ്. രാസവസ്തു എന്ന് കേള്‍ക്കുമ്പോഴേക്കും നമ്മള് ഭയപ്പെടുന്നു. ഒന്നറിയുക പ്രകൃതിയിലെ എല്ലാ വസ്തുക്കളും രാസവസ്തുക്കളാണ്. പ്രചരണങ്ങള്‍ വിശ്വസിക്കുന്നതിനും കണ്ണുമടച്ച് ഫോര്‍വേഡ് ചെയ്യുന്നതിനും മുമ്പ് വിസ്വസനീയമാണോ എന്ന് ചിന്തിച്ചു് നോക്കുക.?????????
LikeLike