2017 നെ യാത്രയാക്കാന്‍ പൊന്മുടിയിലേക്ക് ഒരു ഫാമിലി ട്രക്കിംഗ് ആകട്ടെയെന്നു് വച്ചു. മുമ്പൊരിക്കല്‍ പൊന്മുടുയില് പോയിട്ടുണ്ടെങ്കിലും ട്രക്കിംഗ് സാധിച്ചിരുന്നില്ല. ആ കുറവ് അങ്ങ് പരിഹരിക്കാമെന്നുവച്ചു. അങ്ങനെ ഞങ്ങള്‍ അഞ്ചുപേര്‍ – ഞാന്‍, വിദ്യ (ഭാര്യ), കാളിന്ദി, കാവരി (മക്കള്‍), അനൂപ് (വിദ്യയുടെ സഹോദരന്) 2017 ഡിസംബര്‍ 31ന് പൊന്മുടിയ്ക്ക് തിരിച്ചു. ചെറിയ വിവരണവും ചിത്രങ്ങളും കാണാം.
രാവിലെ പത്ത് മണിയോടെ തിരുവനന്തപുരത്തുനിന്നും ഞങ്ങളുടെ വണ്ടിയിലാണ് യാത്ര തിരിച്ചത്. കുടിവെള്ളം, ഭക്ഷണം, പ്ലേറ്റ്, ഗ്ലാസ്സ്, അത്യാവശ്യത്തിന് പഴങ്ങള്‍ എന്നിവ കരുതിയിരുന്നു. നെടുമങ്ങാട്, വിതുര, കല്ലാര്‍ വഴി പൊന്മുടിക്ക് ഏകദേശം 70 കിലോമീറ്റര്‍ ദൂരമേ ഉള്ളു എങ്കിലും രണ്ടര മണിക്കൂറില്‍ അധികം സമയം എടുക്കും. പന്ത്രണ്ട് മണിയോടെ വന അതിര്‍ത്തിയില്‍ ചെക്പോസ്റ്റ് കടന്ന് പൊന്‍ മുടിയ്ക്കുള്ള ഹെയര്‍പിന്‍ വളവുകള്‍ കയറിത്തുടങ്ങി. ആകെ 22 ഹെയര്‍പിന്‍ വളവുകളാണ് പൊന്മുടി മുകളിലേയ്ക്കുള്ളത്. ഫോറസ്റ്റ് ചെക്പോസ്റ്റില്‍ ക്യാമറയ്ക്കുള്ള 25 രൂപ പാസ്സ് എടുക്കണം. നാലാം ഹെയര്‍പിന്‍ വളവ് കഴിഞ്ഞപ്പോള്‍ സൗകര്യമുള്ള സ്ഥലത്ത് വണ്ടി ഒതുക്കി വിശ്രമിച്ച് ഭക്ഷണം കഴിച്ചു.

ഒന്നരയോടെ പൊന്മുടിയിലെത്തി. ഹെയര്‍ പിന് വളവുകള്‍ അവസാനിക്കുന്നിടത്ത് വീണ്ടും ഫോറസ്റ്റ് ചെക്ക് പോസ്റ്റുണ്ട്. അവിടെ നിന്നും ടിക്കറ്റ് എടുക്കണം. ഒരാള്‍ക്ക് 20 രൂപയും വണ്ടിയ്ക്ക് 20 രൂപയും. അവിടെനിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ കൂടി പോകുന്നിടത്താണ് വിനോദ കേന്ദ്രം. പാര്‍ക്കിംഗ് സ്ഥലത്തിന് മുമ്പായി ഒരു ലഘുഭക്ഷണശാലയും വിശ്രമ കേന്ദ്രവുമുണ്ട്. അവിടെ ഇറങ്ങി എല്ലാവരും ഒന്ന് ഫ്രഷായി.
പ്രതീക്ഷിച്ചതിന് വിപരീതമായി തണുപ്പില്ലായിരുന്നു എന്ന് മാത്രമല്ല നല്ല വെയിലും ഉണ്ടായിരുന്നു. മലകള്‍ക്ക് പച്ചപ്പ് കുറവായിരുന്നു. വിശ്രമിച്ച് വെയില് താഴ്നശേഷം മല കയറിയാലോ എന്ന് ആലോചിച്ചെങ്കിലും വേണ്ടെന്നു് വച്ചു. വണ്ടി പാര്‍ക്കിംഗ് ഏരിയയില്‍ ഒതുക്കി. വലിയ തിരക്കുണ്ടായിരുന്നില്ല. വെയിലിന് വലിയ ചൂടുണ്ടായിരുന്നില്ല. എങ്കിലും കുടയും തോര്‍ത്തും ഒക്കെ എടുത്തുകൊണ്ട് ട്രക്കിംഗ് ആരംഭിച്ചു. വെള്ളം, കുറച്ച് ആപ്പിള്‍, ഓറഞ്ച് എന്നിവ കയ്യില്‍ കരുതി.

ആദ്യം വാച്ച് ടവര്‍ മല കയറാന്‍ തീരുമാനിച്ചു. പാര്‍ക്കിംഗ് സ്ഥലത്തുനിന്നും വാച്ച് ടവറിലേക്ക് റോഡുണ്ട്. സാഹസികര്‍ക്ക് വേണമെങ്കില്‍ റോഡ് ഉപേക്ഷിച്ച് നേരെ മലകയറാം. തുടക്കമെന്ന നിലയില്‍ റോഡ് മാര്‍ഗ്ഗം കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പകുതിയെത്തിയപ്പോള്‍ റോഡുപേക്ഷിച്ച് പുല്ലുകള്‍ക്കും പാറകള്‍ക്കും ഇടയുലൂടെ മലകയറണമെന്നായി കുട്ടികള്‍. എന്നാല്‍ അങ്ങനെതന്നെയെന്ന് ഞാനും പറഞ്ഞു. സൂക്ഷിച്ച് സാവധാനം കയറുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളും നല്കി. വിദ്യ പക്ഷേ റോഡ് മാര്‍ഗ്ഗം തന്നെ കയറ്റം തുടര്‍ന്നു.

ദൂരം കുറവാണെങ്കിലും കുത്തനെയുള്ള കയറ്റവും വെയിലും എല്ലാവരെയും അല്പം തളര്‍ത്തി. ഒരു കുപ്പി വെള്ളം അവിടെ കുടിച്ച് തീര്‍ത്തു. വാച്ച് ടവറില്‍നിന്നും ചുറ്റുപാടുമുള്ള കാഴ്ച മനോഹരമാണ്. പുല് മേടുകള്‍ അല്പം സ്വര്‍ണ നിറമാര്ന്നിരിക്കുന്നു. അതാവുമോ ഈ സ്ഥലത്തിന് പൊന്മുടി എന്ന് പേര് വന്നത്?

അടുത്തുതന്നെയുള്ള മലയിലെ വയര്‍ലസ്സ് കേന്ദ്രം, കുറച്ചകലെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി കാമ്പസ് എന്നിവയാണ് മറ്റ് പ്രധാന മനുഷ്യ നിര്‍മ്മിതികള്‍. ബാക്കിയുള്ളവ ചോലക്കാടുകളും മഴക്കാടുകളുമാണ്. കണ്ണെത്താ ദൂരത്തോളം പച്ചപ്പും മലകളും.
വാച്ച് ടവറിനടുത്ത് അല്പം വിശ്രമിച്ച് മലയിറക്കം തുടങ്ങി. വാച്ച് ടവര്‍ നില്കുന്ന മലയുടെ മറ്റൊരു വശത്തുകൂടി ഇറങ്ങിയാല്‍ അകലെ ഒരു നിത്യ ഹരിത വനം കാണാം. അവിടം ലക്ഷ്യം വച്ച് മലയിറങ്ങി. കയറിയ ഭാഗത്തേക്കാള്‍ ദൂരവും ആഴവും ഉണ്ടായിരുന്നു അവിടേക്ക്. കുത്തനെയുള്ള ഇറക്കവും. വളരെ സൂക്ഷിച്ചും മെല്ലെയുമായിരുന്നു യാത്ര. ഇടയ്ക്ക് പലയിടത്തും വിശ്രമിച്ചു. കയറ്റത്തേക്കാള്‍ പ്രയാസകരമാണ് ഇറക്കം. പ്രത്യേകിച്ചും വിദ്യയ്ക്ക് മലയിറക്കം അത്ര വശമില്ല.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മലയിറങ്ങി താഴെയെത്തി. അവിടെ ചെറിയ ഒരു മരക്കൂട്ടമുണ്ട്. മരത്തണലില്‍ വിശ്രമിച്ചു. വെള്ളം കുടിച്ചു, ആപ്പിള്‍ കഴിച്ചു. ഇനി കുറെ ദൂരം പുല്ലുകള്ക്കിടയുലൂടെ നടന്നാലേ വനപ്രദേശത്തെത്തൂ … അപ്പോ നടത്തം തന്നെ …

വനപ്രദേശം തുടങ്ങുന്നതിനു മുമ്പായി ചെറിയ ഒരു അരുവിയുണ്ട്. മഴക്കാലത്ത് ധാരാളം വെള്ളം ഒഴുകുമായിരിക്കണം. എന്തായാലും നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയപ്പോള്‍ വലിയ ആശ്വാസമായി. അല്പസമയം അവിടെ ചെലവഴിച്ചു.

വനത്തിനുള്ളിലേക്ക് അല്പം നടക്കാന്‍ വഴിയുണ്ടായിരുന്നു. ഉള്ളിലേക്ക് കടക്കുമ്പോള്‍ തീരെ വെളിച്ചം കടക്കാതെയാകും.കാട് അത്ഭുതകരമായ ഒരു അനുഭവം തന്നെയാണ്.

കുറെ ദൂരം നടക്കുമ്പോഴേക്കും യാത്ര പ്രയാസകരമായി. വള്ളിപ്പടര്‍പ്പുകളും കുറ്റിച്ചെടികളും കാരണം വഴി അടഞ്ഞിരിക്കുന്നു. തീരെ പരിചിതമല്ലാത്ത ഒരു കായയുടെ തോട് കാളിന്ദി കണ്ടെത്തി. തോടിന്റെ ഉള്ളില്‍ മുള്ളുകള്‍ പോലെയുള്ള ഭാഗങ്ങള്‍. പുറം തോടിന് നല്ല കട്ടിയുണ്ട്. അതിന്റെ മരം ഏതാണെന്ന് മനസ്സിലായില്ല. ഒരു പ്രത്യേക സുഗന്ധം അവിടെ പരക്കുന്നതായി കണ്ടെത്തിയതും കാളിന്ദിയാണ്. ഇഞ്ചിവര്ഗ്ഗത്തിലുള്ള ധാരാളം കാട്ടു ചെടികള്‍ അവിടെ വളര്‍ന്നു നില്കുന്നുണ്ടായിരുന്നു. അതാകാം സുഗന്ധത്തിന് കാരണം.

മുന്നോട്ടുള്ള യാത്ര ദുഷ്കരമായതോടെ തിരികെ നടന്നു. മൂന്നരയോടെ പാര്‍ക്കിംഗ് സ്ഥലത്തെത്തി. വെയിലിന്റെ കാഠിന്യം കുറഞ്ഞ് തണുപ്പായി തുടങ്ങുന്നുണ്ടായിരുന്നു. മറ്റൊരു മലകൂടി കയറണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരികെ പോകുന്ന വഴിക്ക് കല്ലാറില്‍ കുളിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നതിനാല്‍ ട്രക്കിംഗ് മതിയാക്കി പൊന്മുടിയില് നിന്നും മടക്കയാത്ര ആരംഭിച്ചു. വഴിയോരക്കച്ചവടക്കാരില്‍ നിന്നും തേയിലയും കാപ്പിപ്പൊടിയും വാങ്ങി. ഹെയര്‍ പിന് വളവുകള്‍ തുടങ്ങിയാല്‍ പിന്നെ വനപ്രദേശമാണ്. ഇടക്ക് വണ്ടിനിര്‍ത്തി അല്പം ഭക്ഷണം കഴിച്ചു.
നാലരയോടെ കല്ലാറിന്റെ തീരത്തെത്തി. ശരിക്കും കല്ലുകള്‍ നിറഞ്ഞ ആറാണ്. രണ്ട് വശങ്ങളും കുത്തനെ താഴ്ന്നാണ്. സൂക്ഷിച്ച് താഴേയ്ക്കിറങ്ങണം. നല്ല തണുത്ത വെള്ളം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞിടത്ത് ഒഴുക്കിന് വേഗം കൂടുതലാണ്. നിരന്നൊഴുകുന്നഒരുഭാഗം കണ്ടെത്തി ഞങ്ങള്‍ നീരാട്ട് ആരംഭിച്ചു.

അങ്ങനെ കല്ലാറിലെ കുളിയും കഴിഞ്ഞ് 2017ന്റെ അവസാന ദിവസം ആസ്വദിച്ച് ഞങ്ങള്‍ മടങ്ങി.
നന്നായിരിക്കുന്നു
LikeLiked by 1 person