2018ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 31ന് ആണ്. ഇത് ഒരു സാധാരണ ചന്ദ്രഗ്രഹണമല്ല, ഒരു സൂപ്പര്‍-ബ്ലൂമൂണ്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്!
എല്ലാ പൗര്ണമിയിലും സന്ധ്യയ്ക്ക് സൂര്യന് പടിഞ്ഞാറ് അസ്തമിക്കുന്നതോടൊപ്പം കിഴക്കേ ചക്രവാളത്തില്‍ നിറശോഭയോടെ പൂര്‍ണ ചന്ദ്രന് ഉദിച്ചുയരും. 2018 ജനുവരി 31ന് പൗര്‍ണമിയാണ്. അന്നേദിവസം ഉദിച്ചുവരുന്ന പൂര്‍ണ്ണ ചന്ദ്രനെ മറ്റെല്ലാ പൗര്ണമിയിലേയും പോലെ കാണാന്‍ കഴിയില്ല! കാരണം പൂര്‍ണ ഗ്രഹണത്തോടെയാകും ചന്ദ്രന് അന്നേദിവസം സന്ധ്യയ്ക്ക് ഉദിക്കുക.
ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെങ്ങനെ?
പൗര്ണമിയില് മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗര്‍ണമി ദിവസം ഭൂമി ഇടയിലും സൂര്യന്, ചന്ദ്രന് എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേര് രേഖയില്‍ വന്നാല്‍, ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന് ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. എല്ലാ പൗര്ണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തിനു കാരണം ഭൂമി, സൂര്യന്, ചന്ദ്രന് ഇവ കൃത്യം നേര് രേഖയില്‍ വരാത്തതാണ്. അപ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും പതിക്കുക.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഭൂമിക്കുചുറ്റുമുള്ള ചന്ദ്രന്റെ പരിക്രമണ തലം, ക്രാന്തിവൃത്തവുമായി (സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണ പാത) 5° ചരിഞ്ഞാണുള്ളത്. തന്മൂലം ചന്ദ്രന്റെ പരിക്രമണ തലവും ക്രാന്തിവൃത്തവും രണ്ട് ബിന്ദുക്കളില്‍ മാത്രമേ സന്ധിക്കൂ. ഇവയെ രാഹു-കേതുക്കള്‍ (Nodes) എന്ന് വിളിക്കുന്നു. ഒരു പൗര്‍ണമി ദിവസം ചന്ദ്രന് കൃത്യമായും രാഹു-കേതുക്കളിലൊന്നില് എത്തിപ്പെട്ടാല്‍ ചന്ദ്രഗ്രഹണവും, അമാവാസിയില്‍ ഇങ്ങനെ സംഭവിച്ചാല്‍ സൂര്യഗ്രഹണവും സംഭവിക്കുന്നു.
രക്തചന്ദ്രന്‍
ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന് മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രന്‍ (Blood Moon) എന്ന് വിളിക്കുന്നത്. ചുവപ്പ് ചന്ദ്രന് (Red Moon), ചെമ്പന്‍ ചന്ദ്രന് (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.
ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴല്‍ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനില്‍ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികള്‍ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയില്‍ പതിയ്ക്കുമ്പോള്‍ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാല്‍ ദൃശ്യപ്രകാശത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയില്‍ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല. തരംഗ ദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ മാത്രം ചന്ദ്രനില്‍ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു. അതായത് പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂര്‍ണ്ണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രന് മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാവുകയാണ് ചെയ്യുക. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാന്‍ കഴിയില്ല.
ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിദ്ധ്യത്തിനനുസൃതമായി ചുവപ്പ് നിറത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു അളവുകോലായും ഇതിനെ കണക്കാക്കുന്നു.
ബ്ലൂ മൂണ്‍
2018 ജനുവരി 31ന്റേത് ബ്ലൂ-മൂണ്‍ ചന്ദ്രഗ്രഹണം ആണെന്ന് പറഞ്ഞല്ലോ. എന്താണത്? സാധാരണ മാസങ്ങളില്‍ ഒരു പൗര്‍ണമിയാണ് ഉണ്ടാവുക. എന്നാല്‍ ചില മാസങ്ങളില്‍ രണ്ട് പൗര്‍ണമികള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഒരു കലണ്ടര്‍ മാസത്തിലുണ്ടാകുന്ന രണ്ടാമത്തെ പൗര്‍ണമിയെയാണ് ബ്ലൂമൂണ്‍ എന്ന് പറയുന്നത്. 2018ലെ രണ്ട് ബ്ലൂമൂണുകളില് ആദ്യത്തേതാണ് ജനുവരി 31ന്റേത്.
അതിചന്ദ്ര (Super Moon) ഗ്രഹണം
2018 ജനുവരി 31ന്റേത് ഒരു അതിചന്ദ്ര (Super Moon) ഗ്രഹണം കൂടിയാണ്. ചന്ദ്രന് ഭൂമിയോട്ഏറ്റവും അടുത്തുവരുമ്പോള്‍ സംഭവിക്കുന്ന പൗര്ണമിയില് സാധാരണയില്‍ കവിഞ്ഞ വലിപ്പത്തില്‍ പൂര്‍ണചന്ദ്രനെ കാണാനാകും. ഇതാണ് അതിചന്ദ്രന് അഥവാ സൂപ്പര്‍ മൂണ്‍. അതായത് 2018 ജനുവരി 31ന്റേത് ഒരു സൂപ്പര്‍മൂണ്‍ ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 2018 ജനുവരി 31ന് ഒരു സൂപ്പര്‍-ബ്ലൂമൂണ്‍-പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്!
അതി ചന്ദ്രന് അഥവാ സൂപ്പര്‍ മൂണിനെ പറ്റി കൂടുതലറിയാന്‍ വായിക്കുക – അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും
എപ്പോള്‍ കാണാം?
ഇന്ത്യന്‍ സമയം വൈകിട്ട് 6.24ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 7.00 മണിയോടെ പൂര്‍ണമാകും. രാത്രി 7.30-ഓടെ ഭൂമിയുടെ നിഴലില്‍ നിന്നും അല്പാല്പമായി ചന്ദ്രന് പുറത്തുവരുന്നത് കാണാന്‍ കഴിയും. 9.30 ആകുമ്പോഴേയ്ക്കും ഗ്രഹണം അവസാനിക്കും. കേരളത്തില്‍ ഗ്രഹണ ദൈര്‍ഘ്യം 3മണിക്കൂര്‍ 14 മിനിറ്റാണ്.
ഓരോ വര്‍ഷവും കുറഞ്ഞത് രണ്ട് ചന്ദ്രഗ്രഹണങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. എന്നാല്‍ എല്ലാ ചന്ദ്രഗ്രഹണവും ഭൂമിയില്‍ എല്ലായിടത്തും ദൃശ്യമാകണമെന്നില്ല. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ നമുക്ക് മങ്ങിയ ചുമപ്പ് നിറത്തില്‍ കാണാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷത.
ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ?
നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല എന്ന് അറിയാമല്ലോ. സൗരവികിരണം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന് ചെയ്യുന്നത്. ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും നിര്‍ദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു ദോഷവും ഇല്ല.
എന്തായാലും ഒരു ചന്ദ്രോത്സവം തന്നെ ഒരുക്കി കൗതുകകരമായ ഈ പ്രതിഭാസത്തെ നമുക്കും വരവേല്‍ക്കാം.
പുറം കണ്ണികള്‍-
3 thoughts on “2018 ജനുവരി 31 – പൂര്‍ണ്ണ ചന്ദ്രഗ്രഹണം”