നിങ്ങളുടെ ‘കൂടെ’ ആരുണ്ട്?

സിനിമാ നിരൂപണം – കൂടെ

ഒരുപാട് ആളുകള്‍ ചുറ്റുമുണ്ടെങ്കിലും നിങ്ങളുടെ കൂടെ ആരുണ്ട്? കൂടെയുള്ളവരെ പോലും നിങ്ങള്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്നുണ്ടോ? കാതങ്ങള്‍ അകലെയായിരിക്കുമ്പോഴും നിങ്ങളുടെ കൂടെ പലരും ഉണ്ടായിരുന്നെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നോ? കൂടെയുണ്ടെന്ന് നിങ്ങള്‍ കരുതുന്നവരൊക്കെ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കൂടെയുണ്ടോ?

Koode film poster
ചിത്രത്തിന് കടപ്പാട് – justdial.com

മതിപ്പ്‌ : ★ ★ ★ ★ ☆


ലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മനഃശാസ്ത്രസിനിമകളില്‍ എന്തുകൊണ്ടും വ്യത്യസ്തമായ ഒന്നാണ് അഞ്ജലി മേനോന്റെ കൂടെ. ‘മനശാസ്ത്രസിനിമ’ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് മണിച്ചിത്രത്താഴുപോലെ മനോരോഗം പ്രമേയമാക്കിയ സിനിമകളോ, അല്ലങ്കില്‍ കുറ്റാന്വേഷണം പ്രമേയമാക്കിയ സിനിമകളോ ആണ്. എന്നാല്‍ കൂടെ കുടുംബ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു സിനിമയാണ്.

സ്വതേ അന്തര്‍മുഖനായ ജോഷ്വ എന്ന കൗമാരക്കാരന് ഏറെ വൈകി, തന്റെ ഹൈസ്കൂള്‍ പഠനകാലത്ത് ലഭിക്കുന്ന കൂടപ്പിറപ്പാണ് ജനി. ജനിക്ക് ആ പേരിട്ടതും അവനാണ്. ജോഷ്വയ്ക്ക് ജനിയോടുള്ള സ്നേഹത്തിന്റെ ആഴം മനോഹരമായ ദൃശ്യങ്ങളിലൂടെ സംവിധായിക കാട്ടിത്തരുന്നുണ്ട്. ജനിക്കാന്‍ പോകുന്ന കൂടെപ്പിറപ്പിന് കളിപ്പാട്ടങ്ങള്‍ കൊണ്ടലങ്കരിച്ച ഒരു മുറി തന്നെ ജോഷ്വ ഒരുക്കിയിരുന്നു. അവന്റേതായ ഒരു ലോകത്ത് അവന്‍ ഏറെ ഇഷ്ടപ്പെടുന്ന ഫുട്ബോള്‍, ഫുട്ബോള്‍ കോച്ച്, പിന്നെ സോഫി എന്ന കളിക്കൂട്ടുകാരി എന്നിവരോടൊപ്പം ജനിയും കൂടിച്ചേര്‍ന്ന് ജീവിതം മനോഹരമായി മുന്നേറുമ്പോഴാണ്, എന്നുവേണമെങ്കിലും മരണപ്പെട്ടു പോകാവുന്ന അസുഖത്തിനിരയാണ് ജനിയെന്ന വാര്‍ത്ത അവനെയും കുടുംബത്തെയും ഒരു പോലെ തകര്‍ക്കുന്നത്. എന്ത് വിറ്റും മകളുടെ ജീവന്‍ വിട്ടുകൊടുക്കില്ല എന്ന പിതാവിന്റെ നിശ്ചയത്തിനൊടുവില്‍ ജോഷ്വ എന്ന പതിനഞ്ചുകാരന്‍, ഒരു കുടുംബ സുഹൃത്തിനൊപ്പം ഗള്‍ഫിലേക്ക് ജോലിക്കായി അയക്കപ്പെടുന്നു. സ്നേഹിച്ച് കൊതി തീരും മുമ്പ് വീട്ടില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ടവന്റെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയം.

അഞ്ജലി മേനോൻ | ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്
അഞ്ജലി മേനോൻ | ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്

ഇരപതാം വയസ്സില്‍ ജനി മരണപ്പെടുന്ന വാര്‍ത്ത അറിയുന്ന ജോഷ്വയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഏതോ എണ്ണക്കമ്പനിയുടെ വലിയ ടാങ്ക് വൃത്തിയാക്കുമ്പോഴാണ് അവനാ വാര്‍ത്തയറിയുന്നത്. മനസ്സിന്റെ ഉള്ളിലൂടെ കഥപറയാന്‍ പോകുന്ന സംവിധായിക, ആദ്യ ദൃശ്യം അങ്ങനെ മനോഹരമാക്കിയിരിക്കുന്നു.

ജോഷ്വാ ചെറുപ്പത്തില്‍ ചൂഷണം ചെയ്യപ്പെട്ടവനാണെന്നു് സിനമ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. നന്നേ ചെറുപ്പത്തില്‍ തന്നെ അടര്‍ത്തി മാറ്റിയ അച്ഛനും അമ്മയും തന്നെ ചൂഷണം ചെയ്യുകയായിരുന്നു എന്ന് അവന്‍ കരുതുന്നു. ഒറ്റപ്പെടലിന്റെ വേദനയില്‍ നീറിപ്പുകയുന്ന ജോഷ്വയ്ക്ക് മാതാപിതാക്കളോട വിദ്വേഷമാണുള്ളത്. എന്നാല്‍ അവന്റെയുള്ളില്‍ അവന്‍പോലും അറിയാതെ മൂടിക്കിടക്കുന്ന വൈകാരിക സ്നേഹവും, ജനിയടക്കം തന്റെ കുടുംബാംഗങ്ങള്‍ക്ക് തന്നോടുള്ള സ്നേഹവും അവന്‍ പിന്നീട് തിരിച്ചറിയുന്നു.

നസ്രിയ - കൂടെയില്‍ koode review
നസ്രിയ കൂടെയില്‍ | ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്

മരണപ്പെട്ട ജനിയെ അവന്‍ കാണുന്നു. അവളുമായി സംസാരിക്കുകയും (അവളാണ് സംസാരിക്കുന്നത്!) യാത്രചെയ്യുകയും ചെയ്യുന്നു. ആ യാത്രയിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ആ യാത്രയില്‍ അവന്‍ തന്റെ കളിക്കൂട്ടുകാരിയും വിവാഹമോചനം നേടിയവളുമായ സോഫിയെ അറിയുന്നു, അവള്‍ക്ക് തണലാകുന്നു. അശരണനാക്കപ്പെട്ട തന്റെ ബാല്യകാല കോച്ചിനെ ജീവിതത്തിലേക്ക് തിരിച്ച് നടത്തുന്നു. എന്തിന്, തന്റെ പിതാവ് പുറത്തുകാണിക്കാതെ ഒളിച്ചുവച്ച അവനോടുള്ള സ്നേഹത്തിന്റെ ആഴം തിരിച്ചറിയുന്നു. ഊട്ടിയുടെ പശ്ചാത്തലത്തില്‍ അതിമനോഹരമായാണ് ഓരോ ദൃശ്യവും അവതരിപ്പിക്കുന്നത്. എന്നാള്‍ നമ്മള്‍ സിനിമയില്‍ ഇതുവരെ കണ്ടിച്ചുള്ള പരമ്പരാഗത കാഴ്ചകളല്ല താനും.

പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്തര്‍മുഖനായ ജോഷ്വയുടെ ശരീരഭാഷ പൃഥ്വി അസ്സലാക്കിയിരിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം അഭിയലോകത്തേയ്ക്ക് തിരിച്ചെത്തി, ജനിയെ അവതരിപ്പിക്കുന്ന നസ്രിയ തന്റെ ഭാഗം ഗംഭീരമാക്കി. സോഫിയെ അവതരിപ്പിക്കുന്ന പാര്‍വ്വതി, മുഴുനീള കഥാപാത്രമല്ലാതിരുന്നിട്ടും തന്റെ ക്ലാസ്സ് അഭിനയം കാഴ്ചവച്ചിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്താണ് അച്ഛനായി വേഷമിടുന്നത്.

koode-revire-5
രഞ്ജിത്തും മാല പാര്‍വ്വതിയും കൂടെയില്‍ | ചിത്രത്തിന് മനോരമ ഓണ്‍ലൈനോട് കടപ്പാട്

ജോഷ്വയുടെ കഥയാണെങ്കിലും ഒരുപാട് പേരുടെ കഥകള്‍ ചിത്രത്തില്‍ പറയുന്നുണ്ട്. പെണ്ണും വിവാഹബന്ധം വേര്‍പെടുത്തിയതുമായ ഒരുവള്‍ സ്വന്തം വീട്ടില്‍ പോലും അനുഭവിക്കുന്ന ചൂഷണങ്ങളുടെ കഥ സോഫിയിലൂടെയും, മികച്ച ഒരു സാങ്കേതിക വിദഗ്ദനാകുമെന്ന പ്രതീക്ഷിച്ച മിടുക്കനായ മകനെ പഠനം മുടക്കി ഗള്‍ഫിലയക്കേണ്ടി വന്ന പിതാവിന്റെ വേദന, ജീവിതത്തിന്റെ ഏതെങ്കിലും നിമിഷത്തില്‍ മറ്റുള്ളവര്‍ക്കായി നല്‍കിയ സ്നേഹം എന്നെങ്കിലും തിരിച്ചു കിട്ടുമെന്ന് കാണിക്കുന്ന കോച്ചിന്റെ കഥ, മനുഷ്യനൊപ്പം പ്രാധാന്യം നല്‍കി, സിനിമയിലുടനീളം കാണുന്ന ബ്രൗണി എന്ന നായുടെ കഥ, തന്നെ ഉപേക്ഷിച്ചു പോയ കാമുകിയ്ക്ക് സുഖമില്ലന്നറിഞ്ഞ്, വാര്‍ദ്ധക്യത്തില്‍ ജന്മനാട്ടിലേക്ക് തിരിച്ചുപോയ സായിപ്പിന്റെകഥ, സായിപ്പ് സൂക്ഷിക്കാനായി ഏല്പിച്ചു പോയ വാനിന്റെ കഥ… അങ്ങനെ നിരവധി കഥകള്‍ സിനിമയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

koode-review-3
പ്രിഥ്വിരാജും പാര്‍വ്വതിയും | ചിത്രത്തിന് മനോരമ ഓണ്‍ലൈനോട് കടപ്പാട്

മാലാ പാര്‍വതി, ദേവന്‍, റോഷന്‍ മാത്യൂ, പോളി വല്‍സണ്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എം. ജയചന്ദ്രനോടൊപ്പം കര്‍ണാകട സംഗീസംവിധായകന്‍ രഘു ദീക്ഷിത്തും ചേര്‍ന്ന് ഗാനങ്ങള്‍ക്ക് മനോഹരമായി ഈണം നല്‍കിയിരിക്കുന്നു. പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നതും രഘു ദീക്ഷിതാണ്.

സംവിധായികയുടെ മുന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്സിന്റെ പ്രതീക്ഷയില്‍ ഈ ചിത്രം കാണരുത്. കുടുംബ ബന്ധങ്ങളുടെ തീവ്രത എന്ന സാമ്യമൊഴിച്ചാല്‍ പ്രമേയവും അവതരണ രീതിയും ഒക്കെ വ്യത്യസ്തമാണ്. ഒരു പക്കാ വിനോദസിനിമ എന്ന രീതിയല്ല അഞ്ജലി സ്വീകരിച്ചിരിക്കുന്നത്. ഞാന്‍ കൂടി സംസാരിച്ചില്ലെങ്കില്‍ ഇതൊരു അവാര്‍ഡ് പടമായി പോയേനെഎന്ന് ജെനി യാത്രയ്ക്കിടയില്‍ പറയുന്നുപോലുമുണ്ട്. എങ്കിലും സിനിമ സാധാരണക്കാരായ പ്രേഷകരെ പോലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പായും പറയാം.


പിന്‍കുറിപ്പ്:

“കാശ് പോകുമോ?”

“ഇല്ല.”

“എന്നാ പോയി കാണാം ല്ലേ?”

“പോയി കണ്ടോന്നേ…”

2 thoughts on “നിങ്ങളുടെ ‘കൂടെ’ ആരുണ്ട്?”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.