
ശ്രീരാം വെങ്കിട്ടരാമന്റെ അറസ്റ്റും എം.എം. മണിയുടെ മുൻ പ്രസംഗവുമായി ബന്ധപ്പെട്ട് ഞാനിട്ട പോസ്റ്റിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രിയ സുഹൃത്ത് Arun Ravi നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്. ശ്രീരാം വെങ്കിട്ടരാമൻ മദ്യപിച്ച് ഒരു അപകടമുണ്ടാക്കുകയും അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു എന്നതുകൊണ്ട് അയാളുടെ മുൻകാല പ്രവൃത്തികളെല്ലാം തെറ്റായിരുന്നു എന്ന് കരുതാനാകില്ല എന്നാണ് അരുൺ ചൂണ്ടിക്കാട്ടിയത്. ഈ വിഷയം ഒന്നുകൂടി പരിശോധിക്കുകയാണിവിടെ.
അരുണിന്റെ അഭിപ്രായം ഇതാണ്
“ഇതിലെ ഇൻഡിവിജ്വൽ വാദങ്ങളുടെ ശരിതെറ്റുകൾ ഞാൻ നോക്കുന്നില്ല. പക്ഷേ, ആ വാദങ്ങൾ കമ്പൈൻ ചെയ്തതിൽ ഒരു വലിയ ഫാലസി ഉണ്ട്. അതായത് A എന്നൊരു കാര്യം നടന്നു (അത് ശരിയോ തെറ്റോ ആവാം.) B എന്നൊരു കാര്യവും നടന്നു (അത് തെറ്റു തന്നെയാണ്). ഈ അവസ്ഥയിൽ B തെറ്റായത് കൊണ്ട് A സ്വാഭാവികമായും തെറ്റാണ് എന്ന വാദം ഫലേഷ്യസ് ആണ്. A യുടെ ശരിതെറ്റുകൾ അപ്പോഴും ആ കാര്യത്തിന്റെ പ്രിമൈസിൽ നിന്ന് തന്നെയാവണം വിലയിരുത്തേണ്ടത്. ഈ രണ്ട് കാര്യങ്ങളെ കൂട്ടിയിണക്കേണ്ടി വരുന്ന ഒരു സാഹചര്യം ശാസ്ത്രീയത എന്ന അടിസ്ഥാനമൂല്യത്തിൽ വിശ്വസിക്കുന്ന ഒരു പരിഷത്തുകാരനായ സാനു നടത്താൻ പാടില്ല എന്നൊരഭിപ്രായം ഉണ്ട്. ശ്രീരാം വെങ്കിട്ടരാമൻ ശരിയോ തെറ്റോ എന്നത് എന്റെ വിഷയമല്ല. അയാളെന്തെങ്കിലും ആവട്ടെ..”
എന്റെ കുറിപ്പിലെ ലോജിക്കൽ ഫാലസി ചൂണ്ടിക്കാണിച്ച പ്രിയ സുഹൃത്തിന് നന്ദി. ഇതോടൊപ്പം ഇവിടെ കറങ്ങി നടക്കുന്ന മറ്റൊരു വാദവുമുണ്ട്, ശ്രീറാമിന് ഒരു തെറ്റുപറ്റി, അതുകൊണ്ട് അയാൾ ചെയ്ത മുൻകാല നന്മകൾ കാണാതെ പോകരുത് എന്ന ഉത്തമ വിലാപമാണത്.
ഇതു രണ്ടും കൂടി ചേർത്ത് എന്റെ കാഴ്ചപ്പാടിനെ ഒന്നുകൂടി അവതരിപ്പിക്കാം.
അരുൺ പറയും പോലെ A, B എന്നിവയുടെ ഓഡറിലല്ല ഞാൻ ഈ സംഭവങ്ങളെ വിലയിരുത്തിയത്, നേരേ തിരിച്ചാണ്. മാത്രമല്ല എന്റെ പോസ്റ്റിലെ A എന്ന കാര്യം എം.എം. മണിയുടെ പ്രസംഗമാണ്, അല്ലാതെ ശ്രീറാമിന്റെ കുരിശുപൊളിക്കൽ അല്ല. അതായത്:
A എന്ന സംഭവം
മൂന്നാറിൽ സബ്-കളക്ടറുടെ നേതൃത്വത്തിൽ ചില ഉപചാപങ്ങൾ നടക്കുന്നുണ്ടെന്നും അതിന് ചില മാധ്യമ മേലാളന്മാർ മദ്യപാനവും മറ്റുചില പരിപാടികളുമായി വനത്തിലെ ഗസ്റ്റ് ഹൌസിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും എം. എം. മണി പറഞ്ഞു. (അവിടെ നടക്കുന്നത് മറ്റേ പണിയാണെന്ന നാടൻ പ്രയോഗം – മറ്റേ പണിയെന്നാൽ വ്യഭിചാരം മാത്രമാണെന്ന് നമ്മളങ്ങു തീരുമാനിച്ചു.)
ഈ പ്രസംഗത്തെ സമൂഹവും മാധ്യമങ്ങളും വിലയിരുത്തിയത് പ്രധാനമായും രണ്ടുരതത്തിലാണ്-
- എം.എം. മണി വിദ്യാഭ്യാസമില്ലാത്തയാളും ഒരു കയ്യേറ്റക്കാരനും അസംബന്ധം പറയുന്നയാളുമാണ്. ടിയാന്റെ ആരോപണം അതുകൊണ്ടുതന്നെ ഗൌരവമല്ല, അയാൾ പറയുന്നത് വിശ്വസനീയമല്ല, അതിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതുപോലുമില്ല. കയ്യേറ്റക്കാരെ സഹായിക്കാനാണ് മണി ഇത്തരം അസംബന്ധങ്ങൾ പറഞ്ഞുനടക്കുന്നത്. (ad hominem fallacy). അതോടെ എം.എം. മണിയുടെ കഥ കഴിഞ്ഞു.
- ശ്രീറാം വെങ്കിട്ടരാമൻ മിടുമിടുക്കനായ ഉദ്യോഗസ്ഥനാണ്. അയാൾ എം.ബി.ബി.എസ്. കഴിഞ്ഞ് സിവിൽ സർവ്വീസ് രണ്ടാം റാങ്കിൽ പാസ്സായ ആളാണ്, സർവ്വോപരി ഉന്നതകുലജാതനാണ്. അതുകൊണ്ട് അയാൾ ഒരിക്കലും തെറ്റുചെയ്യില്ല. അഥവാ അയാൾ ചെയ്യുന്നത് എന്തുതന്നെയായാലും അത് ശരിയായിരിക്കും (argument from authority logical fallacy). അതോടെ ശ്രീരാം വെങ്കിട്ടരാമൻ എന്ന ബ്യൂറോക്രാറ്റ് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒരു നന്മമരവും വാഴ്തപ്പെട്ടവനും രാഷ്ട്രീയക്കാരെ മര്യാദ പഠിപ്പിക്കുന്ന ഹീറോയും ആയി. അയാൾക്കെതിരെ സംസാരിക്കുന്ന ആരും വില്ലന്മാരാണെന്ന സാമാന്യബോധം സൃഷ്ടിക്കപ്പെട്ടു.
B. എന്ന സംഭവം-
ശ്രീരാം വെങ്കിട്ടരാമൻ എന്ന ഹൈ-പ്രൊഫൈൽ ബ്യൂറോക്രാറ്റ് അമിതമായി മദ്യപിച്ച അവസ്ഥയിൽ സഹായത്തിനായി (വീട്ടിലെത്താനായിരിക്കണം, അല്ലങ്കിൽ എവിടെയെങ്കിലും എത്താൻ) തന്റെ സുഹൃത്തിനെ വണ്ടിസഹിതം വിളിച്ചുവരുത്തുന്നു. ഇടക്കുവച്ചു സുഹൃത്തിനെ മാറ്റി സ്വയം വണ്ടിയോടിക്കുന്നു. അമിത വേഗത്തിൽ പാഞ്ഞ വണ്ടിയിടിച്ച് വഴിയരികിൽ നിന്നിരുന്ന ഒരു പത്രപ്രവർത്തകൻ കൊല്ലപ്പെടുന്നു. (വണ്ടി അമിതവേഗത്തിലായിരുന്നു എന്ന് മനസ്സിലാക്കുന്നതിന് കാറിന്റെയും ഇടിയേറ്റ ബൈക്കിന്റെയും അവസ്ഥ കണ്ടാൽ മതി.) തുടർന്ന് സ്ഥലത്തെത്തിയ പോലീസിനോട്, തന്റെ സുഹൃത്താണ് ഈ കൃത്യം ചെയ്തതെന്ന് പറയുന്നു. അതായത് ഒരു സഹായത്തിന് ഓടിയെത്തിയ സുഹൃത്തിനെ നൈസായി തേച്ച് രക്ഷപെടാൻ ശ്രമിക്കുന്നു. എന്നാൽ ദൃക്സാക്ഷികളുടെയും സുഹൃത്തിന്റെയും മൊഴിയെ തുടർന്ന് ടിയാൻ അറസ്റ്റിലാകുന്നു.
B എന്ന സംഭവവവും A എന്ന സംഭവത്തിന്റെ വിയിരുത്തലുകളുമായി പൊരുത്തപ്പെടുന്നില്ല.
- സബ്-കളക്ടർ മദ്യപാനിയാണെന്നു മാത്രമല്ല നിയമത്തെ പറ്റി ഉന്നത ബോധ്യമുണ്ടായിട്ടും അധികാരത്തിന്റെ മറവിൽ നിയമ ലംഘനം നടത്താൻ യാതൊരു മടിയും ഇല്ലാത്തയാളുമാണ്. സ്വയരക്ഷക്കായി മറ്റൊരാളുടെ തലയിൽ കുറ്റകൃത്യം കെട്ടിവയ്ക്കാനും അയാൾ മടിക്കാറില്ല. അതായത് സബ്കളക്ടറുടെ നേതൃത്വത്തിൽ മദ്യപാനവും മറ്റേ പരിപാടികളും നടന്നുവെന്ന എം.എം. മണിയുടെ ആരോപണം തള്ളിക്കളയാനാകില്ല.
- ശ്രീറാം വെങ്കിട്ടരാമൻ മിടുമിടുക്കനായിരിക്കാം, സിവിൽ സർവ്വീസ് രണ്ടാം റാങ്കിൽ പാസ്സായ ആളായിരിക്കാം, ഉന്നതകുലജാതനുമായിരിക്കാം. പക്ഷേ, അയാൾ ഒരിക്കലും തെറ്റുചെയ്യില്ല എന്നും അയാൾ ചെയ്യുന്നത് എന്തുതന്നെയായാലും അത് ശരിയായിരിക്കും എന്നുമുള്ള വാദം B എന്ന സംഭവത്തോടെ പൊളിഞ്ഞു. കുരിശുപൊളിക്കലടക്കമുള്ള അയാളുടെ പ്രവൃത്തികൾ നാടകമായിരുന്നു എന്ന ആരോപണം പരിശോധിക്കപ്പെടേണ്ടതാണ്. പൊതുവെ പറഞ്ഞാൽ എം.എം. മണിയുടെ മുൻ പ്രസംഗം പാടെ തള്ളിക്കളയാനാകില്ല.
സംഗതികളെ ഒന്നു ചുരുക്കിപ്പറയാം
- എം.എം. മണി എന്ന ജനപ്രതിനിധി ഒരു ആരോപണം ഉന്നയിച്ചു. എന്നാൽ ആരോപണത്തിന്റെ നിജസ്ഥിതിയെപറ്റി അന്വേഷിക്കാതെ ആരോപണം ഉന്നയിച്ച ആൾക്കുനേരെ നമ്മൾ തിരിഞ്ഞു (അയാളല്ലങ്കിലും മോശക്കാരനാണെന്ന കുയുക്തി – ad hominem fallacy)1.
- കുറ്റാരോപിതനായ ശ്രീറാം മിടുക്കനും സമൂഹത്തിൽ നിലയും വിലയുമുള്ളയാളായതിനാൽ തെറ്റുചെയ്യുകയില്ല എന്നു തീരുമാനിക്കപ്പെട്ടു (തിരുവായ്ക്ക് എതിർ വാ ഇല്ല എന്ന കുയുക്തി – argument from authority fallacy)2.
- ശ്രീറാം നടത്തിയ ഹീനമായ ഒരു കുറ്റകൃത്യം ഇപ്പോൾ ബോധ്യപ്പെട്ടു. അപ്പോൾ ശ്രീറാമിനെ പറ്റിയുള്ള മുൻധാരണയും എം.എം. മണിയുടെ ആരോപണത്തെ പറ്റിയുള്ള പൊതു നിലപാടും തെറ്റായിരുന്നു എന്ന് ബോധ്യപ്പെടാവുന്നതാണ്.
ഇങ്ങനെ പരിശോധിച്ചാൽ എന്റെ വാദങ്ങളിൽ എന്തെങ്കിലും ഫാലസി ഉള്ളതായി എനിക്കു തോന്നുന്നില്ല. മറിച്ചാണെന്ന് ബോധ്യപ്പെടുത്തിയാൽ അത് അംഗീകരിക്കാൻ യാതൊരു മടിയും ഇല്ലതാനും.
എന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
കുറിപ്പുകൾ
- വ്യക്തിക്ക് നേരെതിരിയുക (Ad Hominem) എന്ന കുയുക്തി – ഒരു വാദത്തെ ഖണ്ഡിക്കുന്നതിനു പകരം അത് പറയുന്ന വ്യക്തിയെ കടന്നാക്രമിക്കുന്ന പ്രവണത. (ഉദാഹരണം : അയാള് ഇന്ന രാഷ്ട്രീയക്കാരനാണ് , അതുകൊണ്ടു അവൻ പറയുന്നത് മണ്ടത്തരമായിരിക്കും.)
- തിരുവായ്ക്ക് എതിര്വായില്ല (Argument from authority) എന്ന കുയുക്തി – അഭിപ്രായം പറയുന്നയാൽ ഉന്നതനാണെന്നും അംഗീകാരമുള്ളയാളാണെന്നും ആയതിനാൽ അയാളുടെ വാദങ്ങൾ അനിഷേധ്യങ്ങളാണെന്നുമുള്ള വാദം. പറയുന്നയാൾ എത്രവലിയ ജീനിയസ് ആയാലും, എത്ര ബഹുമാനിക്കപ്പെടുന്ന ആളായാലും പറയുന്ന വസ്തുതകളുടെയും, അവയ്ക്കുള്ള സ്വതന്ത്രമായ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം വാദങ്ങൾ അംഗീകരിക്കപ്പെടേണ്ടത്. (കൂടുതൽ വായിക്കാം … കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ LUCA)