വഴികാട്ടാനൊരു വേട്ടക്കാരന്‍ മാനത്തങ്ങനെ നില്പുണ്ട്

വാനനിരീക്ഷണം വിജ്ഞാനപ്രദമായ ഒരു ഉല്ലാസമാണ്. ഡിസംബര്‍-ജനുവരി മാസങ്ങള്‍ വാനനിരീക്ഷണം തുടങ്ങുന്നതിനു നല്ല സമയമാണ്. നമുക്കു പ്രയാസം കൂടാതെ തിരിച്ചറിയാൻ കഴിയുന്നതും പേരുകൊണ്ട് പരിചിതവുമായ നിരവധി ആകാശവസ്തുക്കളെ ഈ സമയത്ത് സന്ധ്യാകാശത്തു കാണാൻ കഴിയും.

Continue reading വഴികാട്ടാനൊരു വേട്ടക്കാരന്‍ മാനത്തങ്ങനെ നില്പുണ്ട്

ചീത്തയായ ഒരു ശരീരം

സ്ഥിരം മാമൂലുകളിൽ തട്ടിയാണ് സ്ത്രീകളുടെ നരകജീവിതം മുന്നോട്ട് പോകുന്നത്. എല്ലാവിധ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും (privileges) അനുഭവിച്ച് മുന്നോട്ട് പോകുന്ന പുരുഷന്‍മാര്‍ക്ക് അത് മനസ്സിലാകില്ല. അടുത്ത ജന്മത്തിൽ ഒരു സ്ത്രീയായി ജനിക്കാൻ ഒരു സ്ത്രീയും ആഗ്രഹിക്കാത്തത് അതുകൊണ്ടാണ്.

womens-power-tanya-sahu
ചിത്രത്തിന് കടപ്പാട് – Tanya Sahu

സ്ത്രീയെ സമൂഹത്തിൽ രണ്ടാംതരം ജീവിയായി കാണണം എന്ന് പരിശീലിപ്പിച്ചാണ് ഓരോ ആണ്‍കുട്ടിയെയും പെൺകുട്ടിയെയും നമ്മൾ വളര്‍ത്തുന്നത്. ആൺകുട്ടി ഉറക്കെ കരഞ്ഞാൽ “അയ്യേ, ആണായ നീ കരയാൻ പാടുണ്ടോ?” എന്ന് ചോദിച്ച് അവന്റെ അഭിമാനം ഉണർത്തും. പെണ്ണ് കരഞ്ഞാൽ, “കരഞ്ഞ് പഠിക്കട്ടെ, ഇനിയെത്ര കരയാനുള്ളതാ” – എന്ന് പറഞ്ഞ് അവളുടെ അഭിമാനം കെടുത്തും. പെൺകുട്ടി കഴിച്ച പാത്രം അവൾതന്നെ കഴുകി വയ്ക്കണം. ആൺകുട്ടി കഴിച്ച പാത്രം അമ്മയോ പെങ്ങളോ കഴുകി വയ്ക്കും.

കായികമായ കളികളെല്ലാം പെൺകുട്ടിക്ക് നിഷിദ്ധമാണ്. ആണ്‍കുട്ടിയെ പോലെ ഒരു മൈതാനത്ത് പോയി കൂട്ടികാരുമൊത്ത് സ്വതന്ത്രമായി കളിക്കാൻ പെൺകുട്ടിക്ക് അനുവാദമില്ല. തന്റെ കായികമായ കഴിവിൽ അങ്ങനെ അവൾക്ക് വിശ്വാസം ഇല്ലാതെയാകുന്നു. വളര്‍ന്നുവരുന്ന ആൺകുട്ടിയും പെൺകുട്ടിയും ക്രമേണ ആണിന്റെ മേധാവിത്വവും പെണ്ണിന്റെ അടിമത്തവും ഒരു മടിയും കൂടാതെ അംഗീകരിക്കുന്നു.

മറ്റൊന്ന് മതങ്ങളാണ്. എല്ലാ മതനിയമങ്ങളും എഴുതിയത് പുരുഷന്മാരാണ്. അവയെല്ലാം തന്നെ സ്ത്രീ വിരുദ്ധങ്ങളുമാണ്. മതപരമായ ആചാരങ്ങള്‍ പാലിച്ചുവരുന്ന കുട്ടികളിൽ പുരുഷ മേധാവിത്തം ഉറപ്പിക്കാനുതകുന്ന ആചാരക്രമങ്ങളാണ് കാലങ്ങളായി ഉണ്ടാക്കി വച്ചിരിക്കുന്നത്. ഹിന്ദു-കൃസ്ത്യൻ-ഇസ്ലാം മതങ്ങളിൽ പുരോഹിതര്‍ പുരുഷന്മാരാണ്. പേരിന് സ്ത്രീയെ പൂജിക്കണം എന്നൊക്കെ പറയും. പൂജയുടെ ഗുണം അറിയണമെങ്കിൽ അവരോട് സ്വകാര്യത്തിൽ ചോദിച്ചു നോക്കണം.

Women struggle

പെണ്ണിന്റെ സ്വാഭിമാനം (self respect) തകര്‍ക്കുകയും ആണിന്റെ മേധാവിത്വം ഉറപ്പിക്കുകയും ചെയ്യുന്നതില്‍ വിശ്വാസങ്ങൾക്കുള്ള പങ്ക് വലുതാണ്. അത്തരത്തില്‍ ഉള്ള ഒന്നാണ് 10 വയസ്സ് കഴിഞ്ഞാൽ ശബരിമലയില്‍ പെണ്ണിനെ പ്രവേശിപ്പിക്കില്ല എന്ന ആചാരം. ഓരോ പെണ്‍കുട്ടിയും മനസ്സിൽ ചോദിക്കും 10 വയസ്സുകഴിഞ്ഞാല്‍ എന്താണ് തനിക്ക് പറ്റുന്നതെന്ന്. അപ്പോൾ അവളോട് പറയുക, “നീ ഇനിമുതല്‍ അശുദ്ധയാണ്. ആര്‍ത്തവമാണ് അതിന് കാരണം. അശുദ്ധമായ നിന്റെ ശരീരം വിശുദ്ധമായ സ്ഥലങ്ങളിൽ കയറ്റാന്‍ കൊള്ളില്ല.” എന്നാണ്.

സമാനമായ ചിന്ത ആണ്‍കുട്ടിയുടെ മനസ്സിലും കയറിപ്പറ്റുന്നു. തനിക്ക് പ്രാപ്യമായ പല ഇടങ്ങളും പെണ്ണിന് നിഷിദ്ധമാണ്. സ്ത്രീയുടെ ശാരീരിക അവസ്ഥയാണ് അവളുടെ അധഃസ്ഥിതിയ്ക്ക് കാരണം. അവള്‍ ഒരു ശരീരം മാത്രമാണ്. ചീത്തയായ ഒരു ശരീരം. തനിക്ക് അങ്ങനെ ഒരവസ്ഥയില്ല. അതിനാൽ സ്ത്രീ തന്നെക്കാള്‍ ഒരു പടി താഴെയാണ്. ഈ ചിന്താഗതി ആണിന്റെ മേധാവിത്വ മനോഭാവം പാറപോലെ ഉറപ്പിക്കുകയും പെണ്ണിനെ അടിമത്തബോധത്തിൽ തളച്ചിടുകയും ചെയ്യുന്നു.

ഇങ്ങനെ മാനസികമായി സൃഷ്ടിക്കപ്പെട്ട അടിമത്തം തകരാൻ സമൂഹം ആഗ്രഹിക്കുന്നില്ല. പാവ്‍ലോവിന്റെ ക്ലാസ്സിക്കൽ കണ്ടീഷനിംഗ് സിദ്ധാന്തം പോലെയാണ്. മാനസികമായി കണ്ടീഷൻ ചെയ്യപ്പെട്ട പുരുഷന്‍ സ്ത്രീയുടെ തുല്യത അംഗീകരിക്കുകയുമില്ല, മാനസികമായ അടിമത്തം അംഗീകരിച്ച സ്ത്രീ അതിൽ നിന്നും മോചിതയാകാൻ ശ്രമിക്കുകയും ഇല്ല. ഇനി ആരെങ്കിലും അതിനായി മുന്നോട്ട് വന്നാൽ, അതിനെതിരെ ശക്തമായി പ്രതികരിക്കാൻ സ്ത്രീകൾ തന്നെ മുന്നിൽ കാണും.

സ്ത്രീയെ അടിമയാക്കി കാണുന്നതിനുള്ള ഏറ്റവും വലിയ കാരണമായി കേരളസമൂഹം ധരിച്ചിരിക്കുന്നത് ആര്‍ത്തവമാണ്. അത് അശുദ്ധിയല്ല എന്ന് പറയുന്നതിനെതിരെ അതുകൊണ്ട് തന്നെയാണ് സമൂഹം ഇത്രയധികം അക്രമോത്സുകമായി പ്രതികരിക്കുന്നത്. അല്ലാതെ ഇത് കേവലം ആചാരത്തിന്റെ മാത്രം കാര്യമല്ല.

എന്തുകൊണ്ടാണ് ശബരിമല വിഷയത്തിൽ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള കാരണം ഇതാണ്.

“ആര്‍ത്തവം അശുദ്ധിയല്ല.
സ്ത്രീയ്ക്ക് അയിത്തമില്ല.”


പിൻകുറിപ്പ് – ശബരിമലയിൽ സ്ത്രീ കയറിയാലും ഇല്ലങ്കിലും അയ്യപ്പന് ഒന്നും വരാനില്ല. അങ്ങനെ എന്തെങ്കിലും വരുന്ന അയ്യപ്പൻ എന്ത് അയ്യപ്പനാണ്?

തത്വമസി

Image Courtesy – Tanya Sahu

ഇടുങ്ങിയ ഒരു വഴിയിൽ കൂടി ഗംഗാതീരത്തേക്കു പതിവുപോലെ ശങ്കരാചാര്യര്‍ നടന്നുപോകുമ്പോഴാണ് ആ വഴി അടഞ്ഞുപോകുമാറ് ഭീമാകാരനായ ഒരു ചണ്ഡാളന്‍ വേട്ടനായ്ക്കള്‍ക്കൊപ്പം എതിരേ നടന്നു വന്നത്. ബ്രാഹ്മണനായ ശങ്കരൻ വിളിച്ചു പറഞ്ഞു:

“മാറിപ്പോകൂ… മാറിപ്പോകൂ… ” ആചാര്യൻ ആജ്ഞാപിച്ചു.

എന്നാല്‍ ആ ചണ്ഡാളനാകട്ടെ യാതൊരു കൂസലുമില്ലാതെ സ്വാമിയുടെ മുന്നില്‍ നിവര്‍ന്നു നിന്നുകൊണ്ട് ഏവരും കേള്‍ക്കുമാറ് ചോദിച്ചു:
“അല്ലയോ സന്യാസി ശ്രേഷ്ഠാ അങ്ങ് മാറിപ്പോകാന്‍ ആജ്ഞാപിക്കുന്നത് ആരെയാണ്. ശരീരത്തെയാണോ ? അതോ ആത്മാവിനെയാണോ ? ശരീരത്തെയാണെങ്കിൽ അത് യുക്തിസഹമല്ലല്ലോ. ചണ്ഡാളനായ എന്റെ ശരീരവും ബ്രാഹ്മണനായ അങ്ങയുടെ ശരീരവും അന്നമയം തന്നെയാണ്. പഞ്ചഭൂത നിര്‍മ്മിതമായ അവകളില്‍ ഭേദത്തിനു കാരണമില്ല. ആത്മാവിനോടാണ് മാറിപ്പോകാന്‍ പറയുന്നതെങ്കില്‍ അത് സര്‍വവ്യാപിയല്ലേ? എന്നിലും അങ്ങയിലും എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന ആ ചൈതന്യം എങ്ങോട്ടു മാറിപ്പോകാനാണ് ? എങ്ങനെ മാറാനാണ് ? മാറേണ്ട കാരണമെന്താണ് ?”

കണ്ടുനിന്നവരെയെല്ലാം വിസ്മയത്തിലാക്കിക്കൊണ്ട് അദ്ദേഹം ചണ്ഡാളന്റെ പാദങ്ങളില്‍ ദണ്ഡനമസ്‌കാരം ചെയ്തു. തുടര്‍ന്ന് ശങ്കരാചാര്യസ്വാമികള്‍ ഇങ്ങനെ പാടി.

ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ

(ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്. മനീഷാ പഞ്ചകം – ശ്രീ ശങ്കരാചാര്യർ)

അല്ലയോ സ്ത്രീ വിരുദ്ധരായ വിശ്വാസികളെ, ആരെയാണ് നിങ്ങള്‍ “തത്വമസിയിൽ നിന്നും അകറ്റി നിർത്തുന്നത്? പഞ്ചഭൂത നിര്‍മ്മിതമായ സ്ത്രീ ശരീരത്തെയോ, അതോ സര്‍വ്വവ്യാപിയും നശ്വരവുമായ അതിലെ ആത്മാവിനെയോ?

പ്രളയശേഷം വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാം.

മുൻകരുതലുകൾ

 • എലിപ്പനി പ്രതിരോധ മരുന്ന് കഴിച്ചിരിക്കണം.

 • കയ്യുറയും കാലുറയും ധരിച്ചിരിക്കണം.

 • ആവശ്യമായ ഉപകരണങ്ങൾ കരുതണം.

 • മാസ്കോ ടവ്വലോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം.

പ്രധാന നിർദ്ദേശങ്ങൾ

 • വീടിന്റെ പരിസരത്ത് പാമ്പുകളില്ല എന്ന് ഉറപ്പുവരുത്തണം.

 • ഇലക്ട്രിക് മെയിൻ സ്വിച്ച് ശ്രദ്ധയോടെ ഓഫ് ചെയ്യണം.

 • വീട്ടിൽ പ്രവേശിച്ചയുടെനെ ലൈറ്റർ/തീപ്പെട്ടി/മെഴുക്തിരി കത്തിക്കാൻ പാടില്ല.

 • ജനലുകൾ, വാതിലുകൾ, ഗേറ്റ് എന്നിവ ബലം പ്രയോഗിച്ച് തള്ളി തുറക്കരുത്ഇടിഞ്ഞ് വീണേക്കാം.

 • വീട്ടിൽ കയറിയാലുടൻ വാതിലുകളും ജനലുകളും തുറന്നിടുക, ഗ്യാസ് ഓഫ് ചെയ്യുക. എന്തെങ്കിലും തരത്തിലുള്ള ഗന്ധം അനുഭവപ്പെട്ടാൽ പുറത്തിറങ്ങി അരമണിക്കൂർ കഴിഞ്ഞ് മാത്രം വീണ്ടും പ്രവേശിക്കുക.

 • പാമ്പോ മറ്റ് ഇഴജന്തുക്കളോ ഇല്ലാ എന്ന് ഉറപ്പ് വരുത്തുക.

 • വിണ്ടുകീറിയതോ ബലക്ഷയമുള്ളതോ ആയ വീടുകളിൽ സുരക്ഷിതത്വം ഉറപ്പാക്കുക.

 • സുരക്ഷിതമാണ് എന്ന് ഉറപ്പാക്കിയശേഷംമാത്രം വൈദ്യുതി പുനഃസ്ഥാപിക്കുക.

 • ബ്ലീച്ചിംഗ് പൗഡർലായനി ചുവരുകളിലും തറയിലും ഒഴിച്ച് 30 മിനിറ്റ് ശേഷം മാത്രം വൃത്തിയാക്കൽ ആരംഭിക്കുക.

 • പഴകിദ്രവിച്ചതും അടർന്നുവീഴാൻ പാകത്തിലുള്ളതുമായ ഭാഗങ്ങളും സൂക്ഷമയോടെനീക്കം ചെയ്യുക.

 • അടഞ്ഞിരിക്കുന്ന അലമാരകളും ഫ്രിഡ്ജും ശ്രദ്ധയോടെ തുറന്ന് ഇഴജന്തുക്കൾ കുടുങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തുക.

 • വീട്ടുപകരണങ്ങൾ ശ്രദ്ധയോടെ പുറത്തേക്ക് മാറ്റുക. നേർപ്പിച്ച ഫിനോൾ ഉപയോഗിച്ച് ഉപകരണങ്ങൾ വൃത്തിയാക്കാം.

 • ശ്രദ്ധയോടെ ചെളി കോരി മാറ്റുക(മൺകോരി ഉപയോഗിക്കുക).

 • ചെളി മാറ്റിയശേഷം അണുനാശിനി ഉപയോഗിച്ച് തറ കഴുകുക.

 • ചെളി കായലിൽ നിക്ഷേപിക്കരുത്, ഒരു സ്ഥലത്ത് കൂട്ടിയിട്ട് ഉണങ്ങാൻ അനുവദിക്കുക.

 • പ്ലാസ്റ്റിക് (വൃത്തിയുള്ളതും മണ്ണിൽ കുഴഞ്ഞുപോകാത്തതും) പ്രത്യേകം ശേഖരിച്ച് കെട്ടി വയ്ക്കുക. കഴുകി എടുക്കാൻ സാധിക്കുന്നവ കഴുകി ഉണക്കി ശേഖരിക്കുക.

 • ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കുക.

 • മൃഗങ്ങളുടെയും മറ്റും മൃതശരീര ഭാഗങ്ങൾ കത്തിച്ചുകളയുക.

ക്ലോറിൻ ലായനി തയ്യാറാക്കുന്ന വിധം

 • 6 ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കുക. അതിലേക്ക് ഒരു ലിറ്റർ വെള്ളം ചേർത്ത് കലക്കി ലയിപ്പിക്കുക. 10 മിനിറ്റ് സമയം അനക്കാതെ വച്ച് തെളിയാൻ അനുവദിക്കുക. ശേഷം അതിന്റെ തെളി എടുത്ത് ഉപയോഗിക്കാം. ക്ലോറിൻ ലായനി ഒഴിച്ച് അര മണിക്കൂർ കഴിഞ്ഞശേഷം മാത്രം കഴുകുക.

കിണർ ക്ലോറിനേഷൻ ചെയ്യുന്ന വിധം

 • ഒരു സാധാരണ കിണറിന്റെ ഒരു ഉറ(തൊടി) യ്ക്ക് ഏകദേശം അര ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ എന്ന കണക്കിൽ ആകെയുള്ള വെള്ളത്തിന്റെ അളവിൽ ക്ലോറിൻ ലായനി തയ്യാറാക്കി കിണറ്റിൽ ഒഴിച്ച് ഒരു മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാം.

 • ആയിരം ലിറ്റർ വെള്ളത്തിന് അര ടീസ്പൂൺ (രണ്ടരഗ്രാം) ബ്ലീച്ചിംഗ് പൗഡർ സാധാരണ ക്ലോറിനേഷനും ഒരു ടീസ്പൂൺ പൗഡർ സൂപ്പർ ക്ലോറിനേഷനും ഉപയോഗിക്കണം

ആരോഗ്യകരമായ മുൻകരുതലുകൾ

 • കുടിവെള്ളം തിളപ്പിച്ച് ആറ്റിയത് മാത്രം ഉപയോഗിക്കുക.

 • പാത്രം കഴുകാനും ബ്ലീച്ചിംഗ് ലായനി ഉപയോഗിക്കണം. ബ്ലീച്ചിംഗ് ലായനിയിൽ അല്പം ഡിറ്റർജന്റ് പൗ‍ഡർ കൂടി ഉപയോഗിച്ച് കഴുകാനുള്ള ലായനി തയ്യാറാക്കാം. സോപ്പ് ഉപയോഗിച്ച് കൈകഴുകിയശേഷം മാത്രം ഭക്ഷണം കഴിക്കുക. നനഞ്ഞു കുതിർന്ന് കേടായ വസ്ത്രങ്ങളും കിടക്കയും മറ്റും ഉപേക്ഷിക്കുക.

മഹാപ്രളയത്തിലെ മോഷ്ടാക്കൾ

മഹാപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരപൂര്‍വ്വം ഒരു ചെറിയ കവിത.
മഹാപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരപൂര്‍വ്വം.

ലൈഫ് ജാക്കറ്റില്ല, കുടയില്ല,
ഉടുപ്പുപോലുമില്ലാതെ
അര്‍ദ്ധനഗ്നരായി വന്നു.
എല്ലാമുള്ളവരെ കരയിലെത്തിച്ചു,
ജീവന്‍ രക്ഷിച്ചു.

ആരോടും പറയാതെ,
ഒന്നും എടുക്കാതെ
തിരിച്ചുപോയെന്നാണോ
വിചാരം?

ഞങ്ങടെ മനസ്സുണ്ടല്ലോ
അത് നിങ്ങൾ കട്ടോണ്ട് പോയി
കൊണ്ടോയ്ക്കോ,
അത് നിങ്ങ എടുത്തോ.

വെള്ളപ്പൊക്കം – കുടിവെള്ളം കിട്ടാതെ വന്നാൽ എന്ത് ചെയ്യണം?

മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ദുരിതം തീർന്നാലും തീരാത്തതായി ഒന്നുണ്ടാകും – കുടിവെള്ളത്തിന്റെ അഭാവം. വെള്ളം നിറഞ്ഞൊഴുകിയ ജലാശയങ്ങളും കിണറുകളും മലിനമാലുകയും ജലം ഉപയോഗശൂന്യമാവുകയും ചെയ്യും. പ്രധാന പമ്പിംഗ് സ്റ്റേഷനുകളില്‍ ചെളിയടിഞ്ഞും മറ്റും ജലവിതരണം ദിവസങ്ങളോളം തടസ്സപ്പെടാം. അപ്പോൾ കുടിവെള്ളത്തിനായി എന്തുചെയ്യും?

Continue reading വെള്ളപ്പൊക്കം – കുടിവെള്ളം കിട്ടാതെ വന്നാൽ എന്ത് ചെയ്യണം?

വെള്ളപ്പൊക്കത്തിൽ ശ്രദ്ധിക്കേണ്ടത്

നമ്മളിൽ പലർക്കും മുമ്പ് പരിചയമില്ലാത്ത നിലയിലുള്ള പ്രകൃതിദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം ഏതാണ്ടെല്ലായിടത്തും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു, അഥവാ നാമെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇത്തരം ഒരവസരത്തിൽ എന്തെല്ലാം കരുതലുകളാണ് നാം കൈക്കൊള്ളേണ്ടത്?

Floods
Kerala Floods (image By Ceekaypee [Public domain], from Wikimedia Commons)

വെള്ളം കയറും മുമ്പ് എന്തെല്ലാം തയ്യാറെടുപ്പുകൾ

 • നിങ്ങളുടെ പ്രദേശത്തെ നീരൊഴുക്കിന്റെ നിലയും വെള്ളപ്പൊക്ക സാദ്ധ്യതയും സംബന്ധിച്ച് പ്രാദേശിക/ജില്ലാ ഭരണകൂടം നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കുക.
 • വെള്ളപ്പൊക്ക സാധ്യത സംബന്ധിച്ച ശരിയായ വിവരം നിങ്ങൾക്ക് ലഭിച്ചാൽ, അയൽക്കാരെയും അത് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവരെയും ഉടൻ അറിയിക്കുക.
 • അവശ്യസാധനങ്ങളുടെ ഒരു കിറ്റ് തയ്യാറാക്കി വയ്ക്കുക. അവശ്യം ഭക്ഷണ വസ്തുക്കളം കുടിവെള്ളവും കരുതി വയ്ക്കുക.
 • ബ്ലീച്ചിംഗ് പൗഡർ കരുതിവയ്ക്കുക. കുടിവെള്ളം കിട്ടാതായാൽ ലഭ്യമായ വെള്ളം ബ്ലീച്ച് ചെയ്ത് ഉപയോഗിക്കാം.
 • മണൽചാക്കുകൾ മുൻകൂറായി (സാധ്യമെങ്കിൽ മണൽ നിറച്ച്) കരുതി വയ്ക്കുക. മണൽ നിറച്ച ചാക്കുകൾ ഉപയോഗിച്ച് വെള്ളത്തിന്റെ കുത്തൊഴുക്ക് തടയാനും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള സ്ഥലങ്ങൾ സംരക്ഷിക്കാനും കഴിയും.
 • വാഹനങ്ങൾ ഉയർന്ന, സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക.
 • വീട് വിട്ടുപോകുന്നതിന് മുമ്പ് മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിശ്ചേദിക്കുക.
 • മണൽ ചാക്കുകൾ ഉപയോഗിച്ച് ക്ലോസെറ്റുകൾ അടയ്ക്കുക. കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നത് തടയാനും സെപ്റ്റിക് ടാങ്കിലേക്ക് പുറമെ നിന്നുള്ള ചെളിയും മറ്റും കയറുന്നത് തടയാനും ഇത് ഉപകരിക്കും.
 • ജനലുകളും വാതിലുകളും നന്നായി അടയ്ക്കുക. നിങ്ങളുടെ വിലപിടിച്ച വസ്തുക്കൾ സുരക്ഷിതമായിരിക്കുന്നതിനും ഒപ്പം വെള്ളം അകത്തേക്ക് കടക്കുന്നത് പരമാവധി കുറയ്ക്കുന്നതിനും ഇതുമൂലം സാധിക്കും.
 • വളർത്തുമൃഗങ്ങളെ പൂട്ടിയിടാതിരിക്കുക, സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക.
 • വിലപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക. എല്ലാ രേഖകളുടെയും സ്കാൻ/ഫോട്ടോ എടുത്ത് (മൊബൈലുപയോഗിക്കാം) മെയിൽ ചെയ്തിടുക/വാട്സാപ്പ് ചെയ്തിടുക. നഷ്ടപ്പെട്ടാലും പകരം ലഭിക്കുന്നതിന് സഹായകമാകും.
 • വെള്ളം കയറാൻ സാധ്യതയുണ്ടെങ്കിൽ വീട്ടുസാധനങ്ങൾ മുകളിലെ തട്ടുകളിൽ മുൻകൂട്ടി സുരക്ഷിതമായി വയ്ക്കുക. വെള്ളം കയറിത്തുടങ്ങിയാൽ അവ സുരക്ഷിതമാക്കാന്‍ പ്രയാസമായിരിക്കും.

വെള്ളപ്പൊക്കത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം

 • വെള്ളപ്പൊക്കത്തിനിടെ വെള്ളത്തിലൂടെ നടക്കുന്നതും നീന്തുന്നതും സുരക്ഷിതമല്ല. കുത്തിയൊഴുകുന്ന അരയടി വെള്ളം നമ്മളെ താഴെ വീഴ്ത്തും. രണ്ടടി വെള്ളത്തിന് ഒരു കാറിനെ ഒഴുക്കി കൊണ്ടുപോകാൻ സാധിക്കും.
 • നദിയുടെയും കായലിന്റെയം കരയിലൂടെ സഞ്ചരിക്കരുത്.
 • കവിഞ്ഞൊഴുകുന്ന വെള്ളവുമായുള്ള സമ്പർക്കം തീർത്തും ഒഴിവാക്കുക. അത് മലിനവും അസുഖം പരത്തുന്നതുമാകും. അഥവാ വെള്ളവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ ഉടൻ തന്നെ ശുദ്ധജലത്തിൽ നന്നായി കഴുകി വൃത്തിയാകുക.
 • വെള്ളത്തിലോ, വെള്ളത്തിനടുത്തോ കളിക്കാൻ കുട്ടികളെ അനുവദിക്കരുത്.
 • നിങ്ങള്‍ വെള്ളപ്പൊക്കബാധിതമായിരിക്കുകയും പോകാൻ മറ്റൊരിടവും ഇല്ലാതിരിക്കുയും ചെയ്താൽ തീർച്ചായായും പ്രാദേശിക സർക്കാരുകൾ ഒരുക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെ തീർച്ചയായും ആശ്രയിക്കുക. അതിലും മികച്ച, സുരക്ഷിതമായ ഇടം വേറെ ലഭിക്കില്ല. ദുരഭിമാനം നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം.

വീട്ടിൽ കരുതേണ്ട എമർജൻസി കിറ്റ്

 • അത്യാവശ്യ ഫോൺ നമ്പരുകൾ ഒരു ബുക്കിൽ/കടലാസിൽ എഴുതി സൂക്ഷിക്കുക. മൊബൈൽ നഷ്ടപ്പെട്ടാലും മറ്റുള്ളവരെ ബന്ധപ്പെടാൻ ഉപകരിക്കും.
 • ഒരു ബാറ്ററി ടോർച്ച്, സ്പെയർ ബാറ്ററികൾ. വൈദ്യുതി ബന്ധം കുറെ നാളത്തേക്ക് വിശ്ചേദിക്കപ്പെട്ടേക്കാം.
 • അത്യാവശ്യ മരുന്നുകള്‍ അടങ്ങിയ പ്രഥമ ശുശ്രൂക്ഷാ കിറ്റ്
 • മൂന്ന് ദിവസത്തേക്കെങ്കിലുമുള്ള കുടിവെള്ളവും പാകം ചെയ്യാതെ കഴിക്കാൻ സാഘിക്കുന്ന ഭക്ഷണസാധനങ്ങളും. കുട്ടികൾക്കാവശ്യമായ ഭക്ഷണം.
 • പ്രധാനപ്പെട്ട രേഖകളുടെ ഫോട്ടോ കോപ്പികൾ. (റേഷൻ കാർഡ്, ആധാർകാർഡ്, ലൈസൻസ്, ഇൻഷ്വറൻസ് രേഖകൾ, പാസ്പോർട്ട്, ഇലക്ഷൻ തിരിച്ചറിയൽ രേഖ മുതലായവ) ഇവ വെള്ളം കടക്കാത്ത ഒരു കൂടിലിട്ട് സൂക്ഷിക്കുക.
 • പെൻസിൽ, കടലാസ്, ചെറിയ കത്തി, വിസിൽ.
 • വീടിന്റെയും വാഹനത്തിന്റെയും സ്പെയർ താക്കോലുകൾ.

യാത്രയിൽ കരുതേണ്ട അവശ്യവസ്തുക്കൾ

 • യാത്രയ്ക്കാവശ്യമായ വസ്ത്രങ്ങൾ (മഴക്കോട്ട്, കുട, പുതപ്പ് മുതലായവ)
 • തിന്നാൻ പാകത്തിലുള്ള ആഹാരം, കുടിവെള്ളം, ചൂട് വെള്ളം (ഫ്ലാസ്കിൽ)
 • മൊബൈൽ ഫോൺ ചാർജർ
 • അത്യാവശ്യ മരുന്നുകൾ
 • പേഴ്സ്, പണം, .ടി.എം. കാർഡ്
 • പ്രധാന ഫോൺ നമ്പരുകൾ എഴുതി സൂക്ഷിച്ചത്.
 • കുട്ടികൾക്കാവശ്യമായ ഭക്ഷണം.

നിങ്ങളുടെ ‘കൂടെ’ ആരുണ്ട്?

സിനിമാ നിരൂപണം – കൂടെ

ഒരുപാട് ആളുകള്‍ ചുറ്റുമുണ്ടെങ്കിലും നിങ്ങളുടെ കൂടെ ആരുണ്ട്? കൂടെയുള്ളവരെ പോലും നിങ്ങള്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്നുണ്ടോ? കാതങ്ങള്‍ അകലെയായിരിക്കുമ്പോഴും നിങ്ങളുടെ കൂടെ പലരും ഉണ്ടായിരുന്നെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നോ? കൂടെയുണ്ടെന്ന് നിങ്ങള്‍ കരുതുന്നവരൊക്കെ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കൂടെയുണ്ടോ?

Koode film poster
ചിത്രത്തിന് കടപ്പാട് – justdial.com


മതിപ്പ്‌ : ★ ★ ★ ★ ☆


ലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മനഃശാസ്ത്രസിനിമകളില്‍ എന്തുകൊണ്ടും വ്യത്യസ്തമായ ഒന്നാണ് അഞ്ജലി മേനോന്റെ കൂടെ. ‘മനശാസ്ത്രസിനിമ’ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് മണിച്ചിത്രത്താഴുപോലെ മനോരോഗം പ്രമേയമാക്കിയ സിനിമകളോ, അല്ലങ്കില്‍ കുറ്റാന്വേഷണം പ്രമേയമാക്കിയ സിനിമകളോ ആണ്. എന്നാല്‍ കൂടെ കുടുംബ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു സിനിമയാണ്.

സ്വതേ അന്തര്‍മുഖനായ ജോഷ്വ എന്ന കൗമാരക്കാരന് ഏറെ വൈകി, തന്റെ ഹൈസ്കൂള്‍ പഠനകാലത്ത് ലഭിക്കുന്ന കൂടപ്പിറപ്പാണ് ജനി. ജനിക്ക് ആ പേരിട്ടതും അവനാണ്. ജോഷ്വയ്ക്ക് ജനിയോടുള്ള സ്നേഹത്തിന്റെ ആഴം മനോഹരമായ ദൃശ്യങ്ങളിലൂടെ സംവിധായിക കാട്ടിത്തരുന്നുണ്ട്. ജനിക്കാന്‍ പോകുന്ന കൂടെപ്പിറപ്പിന് കളിപ്പാട്ടങ്ങള്‍ കൊണ്ടലങ്കരിച്ച ഒരു മുറി തന്നെ ജോഷ്വ ഒരുക്കിയിരുന്നു. അവന്റേതായ ഒരു ലോകത്ത് അവന്‍ ഏറെ ഇഷ്ടപ്പെടുന്ന ഫുട്ബോള്‍, ഫുട്ബോള്‍ കോച്ച്, പിന്നെ സോഫി എന്ന കളിക്കൂട്ടുകാരി എന്നിവരോടൊപ്പം ജനിയും കൂടിച്ചേര്‍ന്ന് ജീവിതം മനോഹരമായി മുന്നേറുമ്പോഴാണ്, എന്നുവേണമെങ്കിലും മരണപ്പെട്ടു പോകാവുന്ന അസുഖത്തിനിരയാണ് ജനിയെന്ന വാര്‍ത്ത അവനെയും കുടുംബത്തെയും ഒരു പോലെ തകര്‍ക്കുന്നത്. എന്ത് വിറ്റും മകളുടെ ജീവന്‍ വിട്ടുകൊടുക്കില്ല എന്ന പിതാവിന്റെ നിശ്ചയത്തിനൊടുവില്‍ ജോഷ്വ എന്ന പതിനഞ്ചുകാരന്‍, ഒരു കുടുംബ സുഹൃത്തിനൊപ്പം ഗള്‍ഫിലേക്ക് ജോലിക്കായി അയക്കപ്പെടുന്നു. സ്നേഹിച്ച് കൊതി തീരും മുമ്പ് വീട്ടില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ടവന്റെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയം.

അഞ്ജലി മേനോൻ | ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്
അഞ്ജലി മേനോൻ | ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്

ഇരപതാം വയസ്സില്‍ ജനി മരണപ്പെടുന്ന വാര്‍ത്ത അറിയുന്ന ജോഷ്വയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഏതോ എണ്ണക്കമ്പനിയുടെ വലിയ ടാങ്ക് വൃത്തിയാക്കുമ്പോഴാണ് അവനാ വാര്‍ത്തയറിയുന്നത്. മനസ്സിന്റെ ഉള്ളിലൂടെ കഥപറയാന്‍ പോകുന്ന സംവിധായിക, ആദ്യ ദൃശ്യം അങ്ങനെ മനോഹരമാക്കിയിരിക്കുന്നു.

ജോഷ്വാ ചെറുപ്പത്തില്‍ ചൂഷണം ചെയ്യപ്പെട്ടവനാണെന്നു് സിനമ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. നന്നേ ചെറുപ്പത്തില്‍ തന്നെ അടര്‍ത്തി മാറ്റിയ അച്ഛനും അമ്മയും തന്നെ ചൂഷണം ചെയ്യുകയായിരുന്നു എന്ന് അവന്‍ കരുതുന്നു. ഒറ്റപ്പെടലിന്റെ വേദനയില്‍ നീറിപ്പുകയുന്ന ജോഷ്വയ്ക്ക് മാതാപിതാക്കളോട വിദ്വേഷമാണുള്ളത്. എന്നാല്‍ അവന്റെയുള്ളില്‍ അവന്‍പോലും അറിയാതെ മൂടിക്കിടക്കുന്ന വൈകാരിക സ്നേഹവും, ജനിയടക്കം തന്റെ കുടുംബാംഗങ്ങള്‍ക്ക് തന്നോടുള്ള സ്നേഹവും അവന്‍ പിന്നീട് തിരിച്ചറിയുന്നു.

നസ്രിയ - കൂടെയില്‍ koode review
നസ്രിയ കൂടെയില്‍ | ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്

മരണപ്പെട്ട ജനിയെ അവന്‍ കാണുന്നു. അവളുമായി സംസാരിക്കുകയും (അവളാണ് സംസാരിക്കുന്നത്!) യാത്രചെയ്യുകയും ചെയ്യുന്നു. ആ യാത്രയിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ആ യാത്രയില്‍ അവന്‍ തന്റെ കളിക്കൂട്ടുകാരിയും വിവാഹമോചനം നേടിയവളുമായ സോഫിയെ അറിയുന്നു, അവള്‍ക്ക് തണലാകുന്നു. അശരണനാക്കപ്പെട്ട തന്റെ ബാല്യകാല കോച്ചിനെ ജീവിതത്തിലേക്ക് തിരിച്ച് നടത്തുന്നു. എന്തിന്, തന്റെ പിതാവ് പുറത്തുകാണിക്കാതെ ഒളിച്ചുവച്ച അവനോടുള്ള സ്നേഹത്തിന്റെ ആഴം തിരിച്ചറിയുന്നു. ഊട്ടിയുടെ പശ്ചാത്തലത്തില്‍ അതിമനോഹരമായാണ് ഓരോ ദൃശ്യവും അവതരിപ്പിക്കുന്നത്. എന്നാള്‍ നമ്മള്‍ സിനിമയില്‍ ഇതുവരെ കണ്ടിച്ചുള്ള പരമ്പരാഗത കാഴ്ചകളല്ല താനും.

പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്തര്‍മുഖനായ ജോഷ്വയുടെ ശരീരഭാഷ പൃഥ്വി അസ്സലാക്കിയിരിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം അഭിയലോകത്തേയ്ക്ക് തിരിച്ചെത്തി, ജനിയെ അവതരിപ്പിക്കുന്ന നസ്രിയ തന്റെ ഭാഗം ഗംഭീരമാക്കി. സോഫിയെ അവതരിപ്പിക്കുന്ന പാര്‍വ്വതി, മുഴുനീള കഥാപാത്രമല്ലാതിരുന്നിട്ടും തന്റെ ക്ലാസ്സ് അഭിനയം കാഴ്ചവച്ചിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്താണ് അച്ഛനായി വേഷമിടുന്നത്.

koode-revire-5
രഞ്ജിത്തും മാല പാര്‍വ്വതിയും കൂടെയില്‍ | ചിത്രത്തിന് മനോരമ ഓണ്‍ലൈനോട് കടപ്പാട്

ജോഷ്വയുടെ കഥയാണെങ്കിലും ഒരുപാട് പേരുടെ കഥകള്‍ ചിത്രത്തില്‍ പറയുന്നുണ്ട്. പെണ്ണും വിവാഹബന്ധം വേര്‍പെടുത്തിയതുമായ ഒരുവള്‍ സ്വന്തം വീട്ടില്‍ പോലും അനുഭവിക്കുന്ന ചൂഷണങ്ങളുടെ കഥ സോഫിയിലൂടെയും, മികച്ച ഒരു സാങ്കേതിക വിദഗ്ദനാകുമെന്ന പ്രതീക്ഷിച്ച മിടുക്കനായ മകനെ പഠനം മുടക്കി ഗള്‍ഫിലയക്കേണ്ടി വന്ന പിതാവിന്റെ വേദന, ജീവിതത്തിന്റെ ഏതെങ്കിലും നിമിഷത്തില്‍ മറ്റുള്ളവര്‍ക്കായി നല്‍കിയ സ്നേഹം എന്നെങ്കിലും തിരിച്ചു കിട്ടുമെന്ന് കാണിക്കുന്ന കോച്ചിന്റെ കഥ, മനുഷ്യനൊപ്പം പ്രാധാന്യം നല്‍കി, സിനിമയിലുടനീളം കാണുന്ന ബ്രൗണി എന്ന നായുടെ കഥ, തന്നെ ഉപേക്ഷിച്ചു പോയ കാമുകിയ്ക്ക് സുഖമില്ലന്നറിഞ്ഞ്, വാര്‍ദ്ധക്യത്തില്‍ ജന്മനാട്ടിലേക്ക് തിരിച്ചുപോയ സായിപ്പിന്റെകഥ, സായിപ്പ് സൂക്ഷിക്കാനായി ഏല്പിച്ചു പോയ വാനിന്റെ കഥ… അങ്ങനെ നിരവധി കഥകള്‍ സിനിമയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

koode-review-3
പ്രിഥ്വിരാജും പാര്‍വ്വതിയും | ചിത്രത്തിന് മനോരമ ഓണ്‍ലൈനോട് കടപ്പാട്

മാലാ പാര്‍വതി, ദേവന്‍, റോഷന്‍ മാത്യൂ, പോളി വല്‍സണ്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എം. ജയചന്ദ്രനോടൊപ്പം കര്‍ണാകട സംഗീസംവിധായകന്‍ രഘു ദീക്ഷിത്തും ചേര്‍ന്ന് ഗാനങ്ങള്‍ക്ക് മനോഹരമായി ഈണം നല്‍കിയിരിക്കുന്നു. പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നതും രഘു ദീക്ഷിതാണ്.

സംവിധായികയുടെ മുന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്സിന്റെ പ്രതീക്ഷയില്‍ ഈ ചിത്രം കാണരുത്. കുടുംബ ബന്ധങ്ങളുടെ തീവ്രത എന്ന സാമ്യമൊഴിച്ചാല്‍ പ്രമേയവും അവതരണ രീതിയും ഒക്കെ വ്യത്യസ്തമാണ്. ഒരു പക്കാ വിനോദസിനിമ എന്ന രീതിയല്ല അഞ്ജലി സ്വീകരിച്ചിരിക്കുന്നത്. ഞാന്‍ കൂടി സംസാരിച്ചില്ലെങ്കില്‍ ഇതൊരു അവാര്‍ഡ് പടമായി പോയേനെഎന്ന് ജെനി യാത്രയ്ക്കിടയില്‍ പറയുന്നുപോലുമുണ്ട്. എങ്കിലും സിനിമ സാധാരണക്കാരായ പ്രേഷകരെ പോലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പായും പറയാം.


പിന്‍കുറിപ്പ്:

“കാശ് പോകുമോ?”

“ഇല്ല.”

“എന്നാ പോയി കാണാം ല്ലേ?”

“പോയി കണ്ടോന്നേ…”

തണലും തീയും

ജീവിതം പൊരിവെയിലായിരുന്നു
നീയൊരു തണല്‍മരവും
നിന്നെയോര്‍ക്കുമ്പോഴിപ്പൊഴും
ഉള്ളിലാ ചിത്രം മാത്രം….

മോഹമെന്നില്‍ കൂടൊരുക്കുമ്പോള്‍
എന്നിലെന്നോട് ഞാൻ പറഞ്ഞത്
പച്ചയാണ്, തണലാണവള്‍, ഞാനോ
കാട്ടുതീ, അവള്‍ വെന്തുപോകും

നിന്നെവിട്ടകന്നു ഞാന്‍ പോകെ
കാത്തുകാത്തു നീ കാലം കഴിക്കവേ
ഉള്ളുവിങ്ങി നീയോര്‍ത്തിരിക്കാം
എന്തു നേടി ഞാന്‍, ജീവിതപ്പാതയില്‍

നീയൊരു മരം, ചുടലയാണ് ഞാന്‍
നീ തണല്‍, ഞാന്‍ അജവാഹനൻ
ഞാന്‍ പടുത്തതും  നീ വെടിഞ്ഞതും, ചാമ്പല്‍,
ഞാനതില്‍ മൂടി നീറി നീറി…

നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളില്‍

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക.

Lunar eclipse January 31 2018 California Alfredo Garcia Jr mideclipseപൂര്‍ണ്ണഗ്രഹണ സമയത്ത് ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന ചന്ദ്രന്‍

കദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44നാണ് ഇന്ത്യയില്‍ ആരംഭിക്കുക. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതുമാലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്. പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രമുഖം ഇളം ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നതിനാല്‍ ഇതിനെ രക്തചന്ദ്രന്‍ എന്നും വിളിക്കുന്നു.

ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എങ്ങനെ?

പൗര്‍ണമിയില്‍ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗര്‍ണമി ദിവസം ഭൂമി ഇടയിലും സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേര്‍ രേഖയില്‍ വന്നാല്‍, ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. എല്ലാ പൗര്‍ണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തിനു കാരണം ഭൂമി, സൂര്യന്‍, ചന്ദ്രന്‍ ഇവ കൃത്യം നേര്‍ രേഖയില്‍ വരാത്തതാണ്. അപ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും പതിക്കുക.

Animation July 27 2018 lunar eclipse appearance2018 ചന്ദ്രഗ്രഹണത്തിന്റെ ചലിതചിത്രീകരണം – By Tomruen [CC BY-SA 4.0 (https://creativecommons.org/licenses/by-sa/4.0)%5D, from Wikimedia Commons

നക്ഷത്രനിരീക്ഷകര്‍ക്ക് അന്നേദിവസം ഗ്രഹണ സമയത്തുതന്നെ അധിക വലിപ്പത്തിലും അധിക പ്രഭയിലും ചൊവ്വയെയും നിരീക്ഷിക്കാം എന്ന സൗകര്യവുമുണ്ട്. ഈ സമയത്ത് ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തുകൂടിയാണ് കടന്നുപോകുന്നത്.

രക്തചന്ദ്രന്‍ (Blood Moon)

ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രന്‍ (Blood Moon) എന്ന് വിളിക്കുന്നത്.  ചുവപ്പ് ചന്ദ്രന്‍ (Red Moon), ചെമ്പന്‍ ചന്ദ്രന്‍ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.

ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രന്‍ (Blood Moon) എന്ന് വിളിക്കുന്നത്.  ചുവപ്പ് ചന്ദ്രന്‍ (Red Moon), ചെമ്പന്‍ ചന്ദ്രന്‍ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.

Blood Moon Graphic Malayalam

ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴല്‍ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനില്‍ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികള്‍ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയില്‍ പതിയ്ക്കുമ്പോള്‍ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാല്‍ ദൃശ്യപ്രകാശത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയില്‍ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ  തിരികെ എത്തുന്നില്ല. തരംഗ ദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ മാത്രം ചന്ദ്രനില്‍ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു. അതായത് പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂര്‍ണ്ണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാവുകയാണ് ചെയ്യുക. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാന്‍ കഴിയില്ല.

കേരളത്തിലെ സമയക്രമം

കേരളത്തില്‍ 27ന് രാത്രി 11 മണിയോടെ ചന്ദ്രന്‍ ഭൂമിയുടെ ഭാഗിക നിഴല്‍ പ്രദേശത്തേക്ക് കടക്കുന്നതായി നിരീക്ഷിക്കാം. അര്‍ദ്ധരാത്രി 12.05-ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. 28 ന് പുലര്‍ച്ചെ 1 മണിയോടെ ചന്ദ്രന്‍ പൂര്‍ണ്ണമായി ഭൂമിയുടെ നിഴലിലാകും. പൂര്‍ണ്ണ ഗ്രഹണം സംഭവിക്കും. പുലര്‍ച്ചെ 2.45 വരെ ഈ നില തുടരും. പിന്നീട് ചന്ദ്രന്‍ ഭാഗിക നിഴല്‍ പ്രദേശത്തേക്ക് പ്രവേശിക്കുകയം 3.45ഓടെ ഗ്രഹണത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്ത് വരികയും ചെയ്യും.

ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ?

നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത്  പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന്  സ്വന്തമായി പ്രകാശം ഇല്ല എന്ന് അറിയാമല്ലോ. സൗരവികിരണം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും നിര്‍ദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു ദോഷവും ഇല്ല.

ഈ വര്‍ഷം സംഭവിക്കുന്ന രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രഗ്രഹണമാണ് ജൂലൈയിലേത്. ആദ്യത്തേത് ജനുവരി 31ന് ആയിരുന്നു. അന്നത് ആഘോഷപൂര്‍വ്വമാണ് കേരള ജനത ഏറ്റെടുത്തത്. എന്തായാലും ഒരു ചന്ദ്രോത്സവം തന്നെ ഒരുക്കി കൗതുകകരമായ ഈ പ്രതിഭാസത്തെ നമുക്ക് വീണ്ടും അവിസ്മരണീയമാക്കാം.

ഒരു പഠനപ്രോജക്ട് എങ്ങനെ നിര്‍വ്വഹിക്കാം

കുട്ടികൾക്ക് (അദ്ധ്യാപക‍ർക്കും രക്ഷിതാക്കൾക്കും) പ്രോജക്ട് പ്രവര്‍ത്തങ്ങൾ എന്നും ഒരു കീറാമുട്ടിയാണ്. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എങ്ങനെ അവതരിപ്പിക്കണം എന്നെല്ലാമുള്ള സംശയങ്ങള്‍ കൂടെപ്പിറപ്പാണ്. റിപ്പോര്‍ട്ട് എഴുതി തയ്യാറാക്കുന്നതാണ് പ്രോജക്ട് പ്രവര്‍ത്തനം എന്നാണ് നല്ലൊരു പങ്കും ധരിച്ചിരിക്കുന്നത്. പ്രോജക്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി ഒരു കുറിപ്പ്.

എന്താണ് പഠന പ്രോജക്ട്

ഒരു പഠനലക്ഷ്യം നിർണയിച്ച് അതിനുവേണ്ട സാമഗ്രികൾ കണ്ടെത്തി കൂട്ടായോ മറ്റുള്ളവരുടെ സഹായത്തോടെയോ പ്രവർത്തിച്ച് ലക്ഷ്യം നേടുക – പഠനപ്രോജക്ടിനെ ഇങ്ങനെ ചുരുക്കി നിർവ്വചിക്കാം. സ്കൂളിൽ ചെയ്തുവരുന്ന പല പഠന പ്രോജക്ടുകളും വ്യക്തിഗതമാണെങ്കിലും അത് പൂർത്തിയാക്കുന്നതിൽ നിങ്ങളോടൊപ്പം നിങ്ങളുടെ അധ്യാപകരും രക്ഷിതാക്കളും സഹ്യത്തുക്കളുമൊക്കെ പങ്കാളികളാകുന്നു. അങ്ങനെ അതൊരു കൂട്ടായ പ്രവർത്തനമായി മാറുന്നു.

പ്രോജക്ടിന്റെ ഭാഗമായി എന്തൊക്കെ ചെയ്യാം

അന്വേഷണം, പരീക്ഷണം, നിരീക്ഷണം, ശേഖരണം, പ്രദർശനം തയ്യാറാക്കൽ ഇവയെല്ലാം പഠന പ്രോജക്ടിന്റെ ഭാഗമാകാം. ഇവയൊക്കെ മുൻപറഞ്ഞ നിർവചനത്തിൻ കീഴിൽ വരുന്നു. ബാലശാസ്ത്രകോൺഗ്രസ്സിനെ സംബന്ധിച്ച് നമ്മൾ ചെയ്യുന്ന പ്രോജക്ട് അന്വേഷണ പ്രോജക്ടുകളാണെന്ന് മാത്രം.

പഠന പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങൾ

പലരും ധരിച്ചു വച്ചിരിക്കുന്നത് റിപ്പോർട്ട് തയ്യാറാക്കലാണ് പ്രോജക്ട് പ്രവർത്തനം എന്നാണ്. എന്നാൽ ഇത് പ്രോജക്ട് പ്രവർത്തനത്തിന്റെ ഒരു ഘടകം മാത്രമാണ്. പ്രധാനപ്പെട്ട പ്രവർത്തനങ്ങളെല്ലാം അതിനു മുമ്പായി നടക്കേണ്ടതുണ്ട്. പഠനപ്രോജക്ടിന്റെ പ്രധാന ഘട്ടങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

1. ഒരു പ്രശ്നം അനുഭവപ്പെടുന്നു

തന്റെ ചുറ്റും കാണുന്ന നിരവധി വിഷയങ്ങളിൽ നിന്നും പ്രോജക്ടിനാവശ്യമായ ഒരു പ്രശ്നം ഉത്ഭവിക്കാം. ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള അന്വേഷണമാണ് പ്രൊജക്ട് പ്രവർത്തനം. പാഠപുസ്തകത്തിൽ നിന്നോ, ദൈനംദിന പ്രവർത്തനങ്ങളിൽനിന്നോ, സാമൂഹ്യ പ്രവർത്തനങ്ങളിൽ നിന്നോ പ്രകൃതി പ്രതിഭാസങ്ങളിൽ നിന്നോ ഒക്കെ ഇത്തരം പ്രശ്നങ്ങൾ ഉത്ഭവിക്കാം. പഠനത്തിന്റെയോ പഠനപ്രവർത്തനത്തിന്റെയോ ഭാഗമായി ലഭിച്ച പ്രശ്നങ്ങളും പ്രൊജക്ട് പ്രവർത്തനത്തിന് കാരണമാകാം. ഇത്തരത്തിൽ പ്രത്യേകമായി ലഭിച്ച ഒരു പ്രശ്നമാണ് നിങ്ങളുടെ പ്രോജക്ടിന് ആധാരം. ഈ പ്രശ്നം പഠനവിധേയമാക്കുമ്പോൾ അത് പഠിക്കാനുണ്ടായ കാരണം, വിഷയം എങ്ങനെ കണ്ടെത്തി, ഈ വിഷയത്തിന് പാഠപുസ്തകവുമായോ ജീവിതവുമായോ അതിനുള്ള ബന്ധം ഇവയൊക്കെ പരിശോധിക്കണം.

ഒരു പഠന പ്രൊജക്ട് ചെയ്യുന്നതിനു മുമ്പായി നമ്മുടെ ലക്ഷ്യം കൃത്യമായി നിർവ്വചിക്കേണ്ടതുണ്ട്. അനുഭവപ്പെടുന്ന പ്രശ്നം വിശാലമായ ഒന്നാകാം. ഉദാഹരണത്തിന് കേരളത്തിലെ നെൽകൃഷിയെ പറ്റി ഒരു പ്രോജക്ട് ചെയ്യണമെന്ന് ആഗ്രഹിച്ചാലും കേരളമാകെ പഠനവിധേയമാക്കാൻ ഒരു കുട്ടിക്കാകില്ല. അതിനാൽ തന്റെ നാട്ടിലെ നെൽകൃഷിയുടെ അവസ്ഥമാത്രമേ അവന് പഠനവിധേയമാക്കാൻ സാധിക്കൂ. മാത്രമല്ല ലഭ്യമായ സമയം, ലഭ്യമായ സൗകര്യങ്ങൾ എന്നിവയെല്ലാം പരിഗണിച്ച് നമ്മുടെ ലക്ഷ്യം പരിമിതപ്പെടുത്തണം. അതായത് വളരെ വിശാലമായ ഒരു പ്രശ്നത്തെപ്പോലും നമ്മുടെ പരിമിതികൾക്കനുസരിച്ചും പ്രായോഗികതക്കനുസരിച്ചും വ്യത്യാസപ്പെടുത്തേണ്ടിവരും. അല്ലങ്കിൽ നമുക്ക് അത് ഫലപ്രഥമായി നിർവ്വഹിക്കാനാകില്ല. പ്രായോഗികമായി പൂർത്തിയാക്കാനാകാത്ത ഒരു പ്രോജക്ട് തെരഞ്ഞെടുക്കുന്നതിൽ അർത്ഥമില്ലല്ലോ. തുടര്‍ന്ന് പ്രോജക്ടിന്റെ തലക്കെട്ട് (ശീർഷകം) നിർണയിക്കണം. ഇത് ഒറ്റ വാക്യത്തിലോ വാചകത്തിലോ ആയിരിക്കണം. കൃത്യവും വ്യക്തവും ആയിരിക്കണം.

2 മുന്‍ വിവരങ്ങളുടെ പരിശോധന

ഒരു നല്ല പഠന പ്രോജക്ട് ചെയ്യുന്നതിനു മുമ്പ് അതുമായി ബന്ധപ്പെട്ട് ലഭ്യമായ മുന്‍ വിവരങ്ങള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. നമുക്ക് ചെയ്യാനുള്ള പ്രവര്‍ത്തനത്തെപ്പറ്റി കൃത്യമായ ധാരണ ലഭിക്കുന്നതിനും അനാവശ്യമായ പണച്ചെലവ്, സമയനഷ്ടം എന്നിവ ഒഴിവാക്കുന്നതിനും ഇത് സഹായകമാണ്. ലഭ്യമായ മുന്‍ വിവരങ്ങള്‍/റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നത് നമ്മുടെ പ്രശ്നത്തെ പ്രായോഗികമായി എങ്ങനെ സമീപിക്കാം എന്നതിനെ പ്പറ്റിയും പ്രശ്നത്തിന്റെ സാധ്യമായ ഉത്തരങ്ങളെപ്പറ്റിയും മനസ്സിലാക്കാനും സഹായിക്കുന്നു. പത്ര-മാസികകള്‍, പുസ്തകങ്ങള്‍, ജേര്‍ണലുകള്‍, പഠന റിപ്പോര്‍ട്ടുകള്‍ എന്നിവയെയൊക്കെ ഇതിനായി ആശ്രയിക്കാം.

3. പരികല്പന രൂപപ്പെടുത്തല്‍

നമുക്ക് അനുഭവപ്പെട്ട പ്പശ്നത്തിന്റെ ഉത്തരം/പരിഹാരം തേടലാണല്ലോ നമ്മുടെ ലക്ഷ്യം. മുന്‍ വിവരങ്ങളുടെ പരിശോധനയില്‍ നിന്നോ പ്രശ്നത്തിന്റെ പ്രാഥമിക വിശകലനത്തില്‍ നിന്നോ ഉരുത്തിരിയുന്ന, അല്ലങ്കില്‍ ബുദ്ധിപരമായി ഊഹിക്കപ്പെടുന്ന ഉത്തരമാണ് പരികല്പന. ഒരു പ്രശ്നത്തില്‍ ഒന്നോ അതിലധികമോ പരികല്പനകള്‍ രൂപപ്പെടാം. മുന്‍ പഠന വിവരങ്ങളില്‍ നിന്നോ നിലവിലുള്ള സിദ്ധാന്തങ്ങളില്‍ നിന്നോ വ്യക്തിപരമായ നിരീക്ഷണങ്ങളില്‍ നിന്നോ അനുഭവങ്ങളില്‍ നിന്നോ ഒക്കെ പരികല്പന രൂപപ്പെടുത്തുന്നു.

നമ്മുടെ പ്രശ്നത്തിനുള്ള പ്രസ്താവനാരൂപത്തിലുള്ള താല്കാലിക ഉത്തരമാണ് പരികല്പന.

ഒരു നല്ല പരികല്പനയുടെ ചില പ്രത്യേകതകള്‍ താഴെ പറയുന്നു-

 • ലളിതവും സ്പഷ്ടവും ആയിരിക്കണം.
 • ശരിയാണോ എന്ന് പരീക്ഷിക്കാന്‍ കഴിയുന്ന ഒന്നായിരിക്കണം.
 • അളവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ സാധിക്കണം.
 • നിലനില്കുന്ന അറിവുമായി അതിന് ബന്ധമുണ്ടായിരിക്കണം.
 • ഒരു പരികല്പന സ്വീകരിക്കപ്പെടാനോ തള്ളിക്കളയാനോ ഉള്ള സാധ്യത തുല്യമായിരിക്കണം.

4. പരിശോധനാ ഘടകങ്ങളെ/ ശേഖരിക്കേണ്ട വിവരങ്ങളെ തിരിച്ചറിയുന്നു

ഒരു പരികല്പന ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിന് അതില്‍ ഉള്‍പ്പെട്ടിട്ടുള്ള പരിശോധനാ ഘടകങ്ങളെ (ചരങ്ങള്‍) തിരിച്ചറിയേണ്ടതുണ്ട്. ഒരു ഘടകത്തിന്റെ സ്വാധീനം മറ്റൊരു ഘടകത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തിയാലേ പരികല്പന പരിശോധിക്കാന്‍ കഴിയൂ. ഉദാഹരണത്തിന് വിവിധ പ്രകാശ സ്രോതസ്സുകള്‍ ഒരു വീട്ടിലെ വൈദ്യുത ചെലവിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഒരു പ്രശ്നം ഉണ്ടായി. പ്രാഥമിക വിലയിരുത്തലില്‍ അല്ലങ്കില്‍ മുന്നറിവുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലായ കാര്യം ഫിലമെന്റ് ബള്‍ബിന് വിലക്കുറവാണ് എന്നാല്‍ വൈദ്യുത ഉപയോഗം വളരെ കൂടുതലാണ്. സി.എഫ്.എല്‍ന് വില അല്പം കൂടുതലാണെങ്കിലും വൈദുത ഉപയോഗം കുറവായതിനാന്‍ ആകെ ചെലവ് കുറവാണ്. എല്‍.ഇ.ഡി. ബള്‍ബ് രണ്ടിനേക്കാളും കുറച്ച് വൈദ്യുതിയേ ഉപയോഗിക്കൂ.പക്ഷേ വില വളരെ കൂടുതലാണ്. അതിനാല്‍ സി.എഫ്. എല്‍ ആണ് ലാഭകരം. ഈ വിലയിരുത്തലില്‍ നിന്നും താഴെ പറയുന്ന പരികല്പന രൂപീകരിക്കുന്നു.

ഫിലമെന്റ് ബള്‍ബ്, എല്‍.ഇ.ഡി. ബള്‍ബ് എന്നിവയേക്കാള്‍ ലാഭകരം സി.എഫ്.എല്‍ ആണ്.

ഈ പരികല്പന തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കലാണ് പ്രോജക്ടിന്റെ പ്രധാന ഘട്ടം.

എന്തൊക്കെയാണ് പരിശോധിക്കേണ്ടത്.

 • വിവിധതരം ബള്‍ബുകളുടെ വില.
 • അവയുടെ വൈദ്യുത ഉപഭോഗം.
 • അവ എത്രകാലം ഉപയോഗിക്കാം?

ഇവയാണ് പരിശോധനാ ഘടകങ്ങൾ അഥവാ ചരങ്ങൾ. അവയ്ക്ക് ആവശ്യമായ മൂല്യങ്ങള്‍ നല്കി വിയിരുത്തല്‍ നടത്താം. ഒരു പരികല്പനയുടെ പരിശോധനാ ഘടകങ്ങളെ തിരിച്ചറിയുക എന്നത് പ്രധാനമാണ്.

5. അന്വേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കുന്നു

പരികല്പനയെ പരിശോധനാ വിധേയമാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്, വിവിധ ചരങ്ങള്‍ തമ്മിലുള്ള ബന്ധം മനസസ്സിലാക്കി പരികല്പനയെ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതുണ്ടല്ലോ. ഇതിനാവശ്യമായ ഒരു പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണം.

പ്രൊജക്ട് എങ്ങനെ പൂർത്തിയാക്കാം? എന്തെല്ലാം ചെയ്യണം? ആരൊക്കെ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഏറ്റടുക്കും?എത്ര സമയത്തിനുള്ളിൽ ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കും? ഇത്തരം കാര്യങ്ങൾ മുന്‍കൂട്ടി തീരുമാനിക്കുന്നതാണ് ആസൂത്രണം.

മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന പ്രൊജക്ടുകൾ മാത്രമേ സമയബന്ധിതമായും ഫലപ്രദമായും ചെയ്തു തീർക്കാനാകൂ. ശേഖരിക്കേണ്ട വിവരങ്ങളുടെ അളവ്, തരം, സ്രോതസ്സ് എന്നിവ മനസ്സിലാക്കണം. സമയപരിധി, ഏതൊക്കെ പ്രവർത്തനങ്ങൾ ഏതേത് സമയത്തിനുള്ളിൽ ചെയ്യും തുടങ്ങിയവ തീരുമാനിക്കണം. ഇതനുസരിച്ച ഒരു പ്രവർത്തന കലണ്ടർ തയ്യാറാക്കണം.

6. പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കും അളവുകള്‍ക്കുമുള്ള സാമഗ്രികള്‍ തയ്യാറാക്കുന്നു

അന്വേഷണത്തിന്റെ സ്വഭാവം അനുസരിച്ച് വിവരശേഖരണത്തിനും പരീക്ഷണങ്ങള്‍ക്കുമുള്ള വിവിധ സാമഗ്രികള്‍ രൂപപ്പെടുത്തണം. പരീക്ഷണം, നിരീക്ഷണം, സന്ദർശനം, സര്‍വ്വേ തുടങ്ങിയ വിവിധ രീതികളാണ് പൊതുവേ വിവരശേഖരണത്തിന് തെരഞ്ഞെടുക്കാറുള്ളത്. ചോദ്യാവലി, സർവ്വേ ഫോറം, അളവ് ഉപകരണങ്ങള്‍, ക്യാമറ, ശബ്ദം റെക്കോഡ് ചെയ്യുന്നതിനുള്ള ഉപകരണം, വിവരം രേഖപ്പെടുത്തുന്നതിനുള്ള പട്ടികകൾ തുടങ്ങിയവയാണ് സാധാരണയായുള്ള വിവരശേഖരണ സാമഗ്രികള്‍.

7. വിവരശേഖരണം.

വിവരശേഖരണത്തിന് പല മാർഗങ്ങളുണ്ട്. പരീക്ഷണം, സർവ്വേ, ഫീൽഡ് സ്റ്റഡി, നിരീക്ഷണം. ഇന്റർവ്യൂ തുടങ്ങിയവയൊക്കെ വിവരശേഖരണ മാർഗങ്ങളാണ്.

വിവരശേഖരണത്തിന്റെ ആദ്യ പടി പ്രോജക്ട് ഡയറി എഴുതിത്തുടങ്ങുകയാണ്. പ്രോജക്ട് പ്രവർത്തനം ആരംഭിക്കുന്നതു് മുതൽ അവസാനിക്കുന്നതു് വരെയുള്ള എല്ലാ കാര്യങ്ങളും അപ്പപ്പോൾ കുറിച്ചു വയ്ക്കുേണ്ടതുണ്ട്. ഇതിനുപയോഗിക്കുന്ന ബുക്കാണ് പ്രോജക്ട് ഡയറി. (ഇത് പ്രൊജക്ട് റിപ്പോർട്ടല്ല. ഇതിൽനിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത്.)

അടുത്ത പടി സാമ്പിള്‍ തെരഞ്ഞെടുക്കുക എന്നതാണ്.  സാമ്പിൾ തെരഞ്ഞെടുക്കുമ്പോൾ സമൂഹത്തിലെ എല്ലാത്തരത്തിലുമുള്ള വ്യക്തിഗത യൂണിറ്റുകളെയും അത് പ്രതിനിധീകരിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.

ശേഖരിക്കേണ്ട വിവരങ്ങളുടെ വ്യാപ്തി വലുതായിരിക്കുമ്പോൾ വിവരശേഖരണം പ്രയാസമാകുന്നു. ഇത് പരിഹരിക്കാനായി മുഴുവൻ സമൂഹത്തെയും പ്രതിനിധീകരിക്കുന്നതരത്തിൽ ചെറിയ ഒരു ഗ്രൂപ്പിനെ തെരഞ്ഞെടുക്കുന്നു. ഇതാണ് സാമ്പിൾ.

ഉദാഹരണത്തിന് ഒരു പഞ്ചായത്ത് വാർഡിലെ വീടുകളിലെ ശരാശരി വൈദ്യുത ഉപഭോഗം കണ്ടെത്തുന്നതിനു് വാർഡിലെ 500ൽ അധികം വീടുകളിൽ സർവ്വേ നടത്തേണ്ടി വരും. ഇത് പ്രയാസകരമാണ്. എന്നാൽ ഈ മുഴുവൻ വീടുകളെയും പ്രതിനിധീകരിക്കുന്ന തരത്തിൽ പത്തോ ഇരുപതോ വീടുകളെ സാമ്പിളായി തെഞ്ഞെടുക്കാവുന്നതാണ്. ഈ സാമ്പിളിൽ എല്ലാത്തരത്തിലുമുള്ള (ഉപഭോഗം കുറഞ്ഞത്, വളരെ കൂടുതലുള്ളത്, ശരാശരി ഉപഭോഗമുള്ളത് തുടങ്ങിയവ) വീടുകളും ഉൾപ്പെടാൻ ശ്രദ്ധിക്കണമെന്നു മാത്രം.

മുമ്പ് പറഞ്ഞരീതിയിലുള്ള സാമഗ്രികളുടെ സഹായത്തോടെ, അനുയോജ്യമായ സാമ്പിൾ തെരഞ്ഞെടുത്ത് വിവരശേഖരണം നടത്താം.

8. ലഭിച്ച വിവരങ്ങളെ അപ്രഗ്രഥിക്കുന്നു

ശേഖരിച്ച വിവരങ്ങളെ അപ്രഗ്രഥിച്ചാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. വിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.

വിവരങ്ങളെ തരംതിരിക്കണം.

ഉദാഹരണത്തിന് ഒരു പക്ഷി നിരീക്ഷകൻ തനിക്ക് ലഭിച്ച വിവരങ്ങളിൽ നിന്നും ദേശാടന പക്ഷികളെയും തദ്ദേശീയ പക്ഷികളെയും തരംതരിച്ചെഴുതുന്നു. ധാന്യങ്ങൾ തിന്നുന്നവ, പുഴുക്കളെ തിന്നുവ, ചത്ത ജീവികളെ തിന്നുവ എന്നിങ്ങനെ ആഹാരരീതിയനുസരിച്ചും, വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ വലിപ്പമനുസരിച്ചും പക്ഷികളെ തരംതിരിക്കാം.

തരംതിരിച്ച വിവരങ്ങളെ ക്രോഡീകരിക്കണം

അതായത് എത്രയിനം ദേശാടന പക്ഷികൾ കാണപ്പെടുന്നു. ധാന്യങ്ങൾ തിന്നുജീവിക്കുന്ന എത്ര പക്ഷികൾ ഉണ്ട് എന്നിങ്ങനെ. ഈ വിവരങ്ങളൊക്കെ പ്രത്യേകം പട്ടികകളായി തയ്യാറാക്കിയാൽ മനസ്സിലാക്കാൻ എളുപ്പമാണ്. പട്ടികകൾ ഉപയോഗിച്ച് ആവശ്യമെങ്കിൽ കണക്ക് കൂട്ടലുകൾ നടത്തണം.

അപഗ്രഥിക്കപ്പെട്ട വിവരങ്ങളെ വ്യാഖ്യാനിക്കണം

ഉദാ- ദേശാടന പക്ഷികൾ ഇരപിടിയൻമാരാണ്; ദേശാടന പക്ഷികൾ വൃക്ഷങ്ങളിലാണ് കൂടുകൂട്ടുന്നത്; ചുറ്റുപാടും കാണപ്പെടുന്ന പക്ഷികളിൽ ഭൂരിപക്ഷവും തദ്ദേശീയരാണ് – എന്നിങ്ങനെ.

9. പരികല്പനയുടെ പരിശോധന (ടെസ്റ്റിംഗ്)

ലഭിച്ച വിവരങ്ങളുടെയും വ്യാഖ്യാനത്തിന്റെയും അടിസ്ഥാനത്തിൽ പരികല്പനയെ പരിശോധിക്കുന്നു. പരികല്പനയെ ശരിവക്കുന്നവയാണ് ലഭിച്ച വിരങ്ങൾ എങ്കിൽ പരികല്പന സ്വീകരിക്കപ്പെടുന്നു, അല്ലങ്കിൽ തള്ളിക്കളയുന്നു.

10. തീരുമാനത്തിൽ/നിഗമനത്തിൽ എത്തിച്ചേരൽ

പ്രോജക്ട് പ്രവർത്തനത്തിന്റെ പരിസമാപ്തിയാണ് തീരുമാനമെടുക്കൽ. പരികല്പനയെ പറ്റിയുള്ള തീർപ്പ് കല്പിക്കുന്നത് ഈ ഘട്ടത്തിലാണ്. പരികല്പന സ്വീകരിക്കുകയോ തള്ളപ്പെടുകയോ ചെയ്യാം. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പുതിയ പരികല്പനകൾ രൂപപ്പെടുകയോ, നിലവിലെ സിദ്ധാന്തങ്ങൾ പരിഷ്കരിക്കപ്പെടുകയോ ചെയ്യാം.

പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കലും പ്രസിദ്ധീകരിക്കലും.

ലഭിച്ച വിവരങ്ങളും അതിന്റെ അപ്രഗ്രഥനവും വിശകലനവും നിഗമനങ്ങളുമൊക്കെ മറ്റുള്ളവർക്ക് മനസ്സിലാകത്തക്ക വിധത്തിൽ ക്രമപ്പെടുത്തി തയ്യാറാക്കുന്ന എഴുത്ത് രൂപമാണ് പ്രോജക്ട് റിപ്പോർട്ട്. ഇതിന് നിയതമായ ഒരു ഘടനയുണ്ട്. ഒരു പ്രോജക്ട് റിപ്പോർട്ടിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഉള്ളടക്കം ഇപ്രകാരമാണ്

ശീർഷകം

എന്താണ് റിപ്പോർട്ട് പ്രതിപാതിക്കുന്നത് എന്ന് വിവരിക്കുന്ന ഒരു ശീർഷകം (തലക്കെട്ട്) എല്ലാ പ്രോജക്ട് റിപ്പോർട്ടിന്റെയും ഭാഗമാണ്. ഇത് ലളിതമായിരിക്കുകയും അതേസമയം പരിശോധനാ ഘടകങ്ങൾ തമ്മിലുള്ള ബന്ധം പ്രതിപാതിക്കുകയും വേണം. എന്നൽ ഇത് പരമാവഴി 15 വാക്കുകൾക്കുള്ളിലായിരിക്കുന്നതാണ് ഉചിതം. ശീർഷകത്തോടൊപ്പം ഗവേഷകന്റെ പേരും സ്ഥാപനത്തിന്റെ പേരും തീർച്ചയായും ഉണ്ടായിരിക്കണം.

സംഗ്രഹം

പ്രൊജക്ടിനെ സംബന്ധിച്ച ഒരു ലഘു വിവരണമാണ് സംഗ്രഹം. ഇത് ലളിതമായ ഭാഷയിലുള്ളതും വായനാ താല്പര്യം വളർത്തുന്നതും ആയിരിക്കണം. പരമാവധി 120 വാക്കുകൾ മതിയാകും. അന്വേഷണ വിധേയമായ പ്രശ്നം, അന്വേഷണത്തിന് ഉപയോഗിച്ച രീതി, സാമ്പിളിന്റെ വിവരങ്ങൾ, വിവരശേഖരണത്തിന് ഉപയോഗിച്ച ഉപാധികൾ, പഠനഫലം, നിഗമനം എന്നിവയെല്ലാം പരാമർശിച്ചിരിക്കണം.

സംഗ്രഹം വായിച്ചശേഷം മുഴുവൽ റിപ്പോർട്ട് വായിക്കണോ എന്ന് വായനക്കാരൻ തീരുമാനിക്കുന്നു.

ആമുഖം

പഠന വിധേയമായ പ്രശ്നം ഉത്ഭവിക്കാനുണ്ടായ പശ്ചാത്തലം, പ്രശ്നത്തിന്റെ പ്രസക്തി മുതലായവ ആമുഖത്തിൽ പരാർശിക്കുന്നു. ഒരു നല്ല ആമുഖത്തിൽ താഴെ പറയുന്ന ഘടകങ്ങൾ ഉണ്ടായിരിക്കും.

 • പ്രൊജക്ടിന്റെ ആവശ്യകത.
 • ഇതുമായി ബന്ധപ്പെട്ട മുന്നറിവുകൾ
 • അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ, അവ പഠിക്കുന്നതിനു് തെരഞ്ഞെടുത്ത രീതിശാസ്ത്രം എന്നിവയുടെ യുക്തി.

ഉദ്ദേശ്യങ്ങൾ

പരികല്പന, പ്രോജക്ടിന്റെ ലക്ഷ്യം എന്നിവ ഈ ഭാഗത്ത് ലഘുവായി വിവരിക്കാം.

മുന്നറിവുകളുടെ/മുന്‍ പഠനങ്ങളുടെ പരിശോധന

നമുക്ക് അനുഭവപ്പെട്ട പ്രശ്നം, നമ്മള്‍ രൂപപ്പെടുത്തിയ പരികല്പന എന്നിവയുടെ അടിസ്ഥനത്തിൽ ഇവ സംബന്ധിച്ച ലഭ്യമായ മുന്നറിവുകളും മുൻ പഠനങ്ങളും വിവരിക്കുന്നു.

പഠനരീതി

പഠനത്തിനായി തെരഞ്ഞെടുത്തത് എന്തൊക്കെ/ ആരെയൊക്കെ, വിവരശേഖരണത്തിനായി ഉപയോഗിച്ച ഉപാധികൾ (ഉദാ ഫോമുകൾ, ചോദ്യാവലി മുതലായവ-അവ സൂചിപ്പിച്ചാൽമതി, പൂർണരൂപം അനുബന്ധമായി പിന്നാലെ ചേർക്കുന്നതാണ് നല്ലത്.), സ്വീകരിച്ച മാർഗങ്ങൾ, അന്വേഷണ നടപടിക്രമങ്ങളുടെ ക്രമാനുഗത വിവരണം, അന്വേഷണ പദ്ധതി എന്നിവ വിവരിക്കുന്നു.

ശേഖരിച്ച വിവരങ്ങളുടെ ക്രോഡീകരണം, അപ്രഗ്രഥനം

ലഭിച്ചവിവരങ്ങളെ തരംതിരിച്ച് ക്രോഢീകരിച്ച് പട്ടികകളാക്കി അവതരിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അപ്രകാരം രേഖപ്പെടുത്തണം. വിവരണ രീതി പരമാവധി ഒഴിവാക്കുക. ഗ്രാഫുകളാക്കി ചിത്രീകരിക്കുുന്നതും നല്ലതുതന്നെ. ഇവ എല്ലാം തന്നെ പൂര്‍ണ രൂപത്തിലായിരിക്കണം. മതിയായ തലക്കെട്ടുകളും വരി, നിര എന്നിവയുടെ തലക്കെട്ടും ഉണ്ടായിരിക്കണം. നിഗമനങ്ങള്‍ ചുരുക്കി അവതരിപ്പിക്കണം. പഠനത്തിലൂടെ എന്താണ് കണ്ടെത്താന്‍ കഴി‍ഞ്ഞത്, ഈ കണ്ടെത്തല്‍ എങ്ങനെ വിശദീകരിക്കാം, ഇതിന് പരികല്പനയുമായുള്ള ബന്ധം എന്നിവയൊക്കെ പ്രതിപാദിക്കേണ്ടി വരും.

ഉപസംഹാരം, നിഗമനം.

നമ്മുടെ പഠനഫലങ്ങളെ ചുരുക്കി പ്രതിപാതിക്കുകയും പഠനഫലത്തില്‍ നിന്നും എത്തിച്ചേര്‍ന്ന നിഗമനം പ്രസ്താവിക്കുകയും ചെയ്യുക. പ്രധാനമായും ശ്രദ്ധിക്കേണ്ട സംഗതികള്‍-

 • പഠനത്തില്‍ നിന്നും മനസ്സിലാക്കിയത് എന്ത്? ഈ പഠനഫലം എന്തിനെ സൂചിപ്പിക്കുന്നു?
 • ഇനിയും മനസ്സിലാക്കാനുള്ള കാര്യങ്ങള്‍ എന്തെല്ലാം? ഭാവി പഠനത്തിന്റെ ദിശ എന്തായിരിക്കും?
 • ഈ പഠനത്തില്‍ വന്നു ചേര്‍ന്നിട്ടുള്ള പരിമിതികള്‍ എന്തെല്ലാം?
 • ഈ പഠനത്തില്‍ നിന്നും ലഭിച്ച നേട്ടം, പുതിയ കണ്ടെത്തലുകള്‍, പുതിയ വിവരങ്ങള്‍, പ്രായോഗിക തലത്തിലുള്ള കണ്ടെത്തലുകള്‍ എന്തെല്ലാം?
 • എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ വയ്ക്കാനുണ്ടോ?

അവലംബം, അനുബന്ധം

വിവരങ്ങൾ ഏതൊക്കെ പുസ്തകത്തിൽ നിന്ന്/വെബ്സൈറ്റിൽ നിന്ന് കിട്ടി? അവയുടെ പേര്, രചയിതാവിന്റെ പേര്, പ്രസിദ്ധീകരിച്ചത് ആര്? പ്രസിദ്ധീകരിച്ച വര്‍ഷം. വെബ്‍സൈറ്റാണെങ്കില്‍ ഇവയോടൊപ്പം പൂര്‍ണമായ വെബ് അഡ്രസ്സും നല്‍കണം. ചിത്രങ്ങൾ, ചോദ്യാവലി, സർവ്വേ ഫോറങ്ങൾ മുതലായവ അനുബന്ധമായി നല്‍കണം.

റിപ്പോര്‍ട്ടിന്റെ ഘടന

പൊതുവേ പ്രൊജക്ട് റിപ്പോര്‍ട്ടിനെ പ്രാഥമിക ഭാഗം, പ്രധാന ഭാഗം എന്നിങ്ങനെ തരംതിരിക്കാം. അവയിൽ ഉള്‍പ്പെടുത്താവുന്ന ഉള്ളടക്കം ഇപ്രകാരമാണ്-

പ്രാഥമിക ഭാഗം

 1. ശീര്‍ഷകം
 2. നന്ദിപൂര്‍വ്വം (ആരെങ്കിലും ഉണ്ടങ്കില്‍)
 3. സാക്ഷ്യപത്രം
 4. ഉള്ളടക്കം,
 5. സംഗ്രഹം

മുഖ്യ ഭാഗം

1. ആമുഖം

 • അനുഭവപ്പെട്ട പ്രശ്നത്തിന്റെ പ്രസ്താവന
 • പ്രശ്നത്തിന്റെ സമകാലികവും ചരിത്രപരവുമായ പ്രാധാന്യം
 • ലക്ഷ്യം
 • പരികല്പന പ്രസ്താവിക്കല്‍
 • അനുമാനങ്ങള്‍
 • പരിമിതികള്‍
 • പ്രത്യേക പദങ്ങളുടെ നിര്‍വ്വചനം (ആവശ്യമെങ്കില്‍)

2. സമാന പ്രശ്നങ്ങളുടെ ലഭ്യമായ മുന്നറിവുകള്‍/ഗവേഷണങ്ങള്‍

വിവരണങ്ങള്‍, പട്ടികകള്‍, ചിത്രങ്ങള്‍, ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്താം.

3. പഠന രീതി

 • ഗവേഷണ രൂപരേഖയുടേയും രീതിശാത്രത്തിന്റെയും വിവരണം.
 • വിവരശേഖരണത്തിന്റെ ഉറവിടം.
 • സാമ്പിള്‍ നടപടിക്രമം
 • വിവരശേഖരണത്തിന്റെ ഉപാധികളും രീതിയും.
 • കണക്ക് കൂട്ടല്‍ രീതികള്‍

4. വിവരങ്ങളുടെ അപഗ്രഥനം

ഉള്‍പ്പെടുത്താവുന്നവ:

 • വിവരണം
 • പട്ടികകള്‍
 • ചിത്രങ്ങള്‍, ഗ്രാഫുകള്‍

5. ഉപസംഹാരം, നിഗമനം

 • പ്രശ്നം
 • ഗവേഷണ രീതി
 • പ്രധാന കണ്ടെത്തലുകള്‍ (പരികല്പന സ്വീകരിക്കാമോ, തള്ളിക്കളയാമോ)
 • നിഗമനം
 • തുടര്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യത

6. അവലംബം

 • വിവരങ്ങള്‍ എവിടെനിന്നും ലഭിച്ചു, അവയുടെ സ്രോതസ്സ് മുതാലയവ

7. അനുബന്ധം

 • ചിത്രങ്ങൾ, ചോദ്യാവലി, സർവ്വേ ഫോറങ്ങൾ മുതലായവ


(ഇവ ഒരു നിര്‍ദ്ദേശം മാത്രമാണ്. ഉചിതമായ മറ്റു രീതികളും ഉപയോഗിക്കാവുന്നതാണ്)

ആളെക്കൊല്ലുന്ന വാക്സിൻ; പത്ത് വർഷത്തിൽ ആകെ മരണം 10612! നിങ്ങള്‍ ഞെട്ടിയോ?

വാക്സിനേഷന്‍ മൂലം പ്രതിദിനം 3 കുട്ടികള്‍ ഈ രാജ്യത്ത് മരിക്കുന്നുണ്ടോ?

ആളെക്കൊല്ലുന്ന വാക്സിൻ; പത്ത് വർഷത്തിൽ ആകെ മരണം 10612!

നാരദ ന്യൂസ് പോര്‍ട്ടലില്‍ മാര്‍ച്ച് 15ന് വന്ന വാര്‍ത്തയുടെ തലക്കെട്ടാണ്.[1] വാക്സിന്‍ നല്‍കിയ ശേഷം ഉടന്‍ ഉണ്ടായതും, വാക്സിന്റെ പ്രതിപ്രവര്‍ത്തനം മൂലവും ഉണ്ടായ മരണങ്ങളാണോ ഇത്? വാര്‍ത്തയില്‍ നിന്നും അങ്ങനെ വേണം മനസ്സിലാക്കാന്‍. 10 വര്‍ഷത്തില്‍ 10612 മരണം! ഒരു വര്‍ഷം 1061 മരണം. ഒരു മാസം ശരാശരി 88 മരണം. പ്രതിദിനം ഏകദേശം 3 മരണം. അതായത് ഇന്ത്യാ മഹാരാജ്യത്ത് വാക്സിന്‍ നല്‍കുന്നതിലൂടെ പ്രതിദിനം രണ്ടോ മൂന്നോ ശിശുമരണം നടക്കുന്നു.

ശിശുമരണങ്ങള്‍ സംബന്ധിച്ച ഈ കണക്കുകള്‍ എവിടെ നിന്നാണ് കിട്ടിയത്?

ന്യൂ ഡൽഹി സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക്ക് വിഭാഗം തലവൻ ഡോക്ടർ ജേക്കബ് പുളിയേൽ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസർ ഡോക്ടർ ശ്രീനിവാസ് എന്നിവർ ചേർന്ന് നടത്തിയ പഠനത്തെ പറ്റി പറഞ്ഞുകൊണ്ടാണ് വാര്‍ത്ത തുടങ്ങുന്നത്. എന്നാല്‍ ഇവരുടെ പഠന റിപ്പോര്‍ട്ടില്‍ നിന്നുല്ല മരണത്തെ സംബന്ധിച്ച ഈ എമണ്ടന്‍ കണക്കുകള്‍ നാരദ ഉദ്ധരിക്കുന്നത്. കണക്കുകള്‍ എവിടെ നിന്ന് കിട്ടി എന്ന് എവിടെയും പറയുന്നില്ല.

ഡോ. കെ.പി. അരവിന്ദന്റെ പ്രതികരണം

ഈ വാര്‍ത്തയെ പറ്റി പ്രതികരിച്ചുകൊണ്ട് ജനകീയാരോഗ്യ പ്രവര്‍ത്തകനായ ഡോ. കെ.പി. അരവിന്ദന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി-[2]

ഈ കണക്ക് എവിടെ നിന്ന് കിട്ടി എന്നറിയില്ല. എ.ഇ.എഫ്.ഐ (AEFI – Adverse events following immunization) യുടെ കണക്കായിരിക്കണം. വാക്സിനേഷൻ കഴിഞ്ഞുള്ള ദിവസങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ മുഴുവൻ പരിശോധിച്ച് ഏതെങ്കിലും പ്രശ്നം വാക്സീൻ മൂലമാണോ എന്ന് കണ്ടു പിടിക്കുന്നതിനുള്ള സംവിധാനമാണത്. വിവരാവകാശ നിയമ പ്രകാരം ആർക്കും ലഭിക്കുന്ന വിവരങ്ങളാണിത്.

വാക്സിനേഷന്‍ കഴിഞ്ഞുള്ള ദിവസങ്ങളിലെ എല്ലാ തരത്തിലുമുള്ള രോഗങ്ങളും മരണങ്ങളുമാണ് AEFI ആയി റിപ്പോർട്ട് ചെയ്യുന്നത്. ഇവയില്‍ ഏതെങ്കിലും രോഗമോ മരണമോ വാക്സിന്‍ മൂലം ഉണ്ടാകുന്നതാണോ എന്ന് പരിശോധിക്കുന്നു. ഗുരുതര രോഗങ്ങൾ, മരണങ്ങൾ എന്നിവയിൽ മിക്കവാറും എല്ലാത്തിനും വാക്സീൻ അല്ല മറ്റു കാരണങ്ങൾ ആണ് ഉള്ളത്. അതിനാലാണ് ഇതെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തുന്ന യൂറോപ്പ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഒക്കെ വാക്സിനേഷൻ ഇന്നും നില നിന്നു പോകുന്നത്.

ഡോ. അരവിന്ദന്‍ ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു-

ഒരു വാക്സിനും കൊടുക്കാത്ത ഒരു പ്രദേശത്ത് ഒരു വർഷം ഒരു നിശ്ചിത പ്രായത്തിലുള്ള കുട്ടികളിൽ 3650 മരണങ്ങൾ ഉണ്ടാവും എന്ന് വിചാരിക്കുക. അതായത് വ്യത്യസ്തമായ കാരണങ്ങളാൽ ദിവസം 10 മരണങ്ങൾ വീതം. ഈ പ്രദേശത്ത് ഒരു പുതിയ വാക്സിൻ പരിപാടി തുടങ്ങി എന്ന് സങ്കൽപ്പിക്കുക. 100% കുട്ടികളും വാക്സീൻ എടുത്താൽ, ഏതു ദിവസം വാക്സിൻ കൊടുത്താലും AEFI കണക്കുകൾ പ്രകാരം വാക്സീൻ കഴിഞ്ഞുള്ള ഓരോ ദിവസവും 10 മരണങ്ങള്‍ നടക്കും. അതായത് വാക്സീൻ പരിപാടി ഉണ്ടെങ്കിലും ഇല്ലെങ്കിലും 3ദിവസങ്ങളില്‍ 30 മരണങ്ങൾ. വർഷത്തിൽ 3650 മരണങ്ങൾ. നാരദയിലെ ലേഖനെ പോലെയുള്ള വാക്സിന്‍ വിരുദ്ധര്‍ തികഞ്ഞ വിവരമില്ലായ്മ മൂലം ഈ 3650 മരണങ്ങളും വാക്സീൻ കൊണ്ടാണ് എന്നു പറയും!

ചില വാക്സിന്‍ വിരുദ്ധ ആക്ടിവിസ്റ്റുകളാണ് ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുകയും ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിക്കുകയും ചെയ്യുന്നത്. പി.ജി ഹരിയെപ്പോലുള്ള ആക്ടിവിസ്റ്റുകൾ ഇതേ കാര്യം പല തവണ പറഞ്ഞു നടന്നിട്ടുള്ളതാണ്. അവർക്ക് വിവരമില്ലാത്തതു കൊണ്ടല്ല; കാരണം പല ചർച്ചകളിലും പലരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഈ ആക്ടിവിസ്റ്റുകൾ അറിഞ്ഞുകൊണ്ടു തന്നെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്.

നാരദ വാര്‍ത്തയിലെ മറ്റൊരു ഭാഗം നോക്കൂ …

കേരളത്തിൽ വാക്സിൻ കുത്തിവെപ്പെടുത്ത അതേ ദിവസം, 2011 ഡിസംബർ 14 ന് ആൻസി എന്ന കുട്ടി മരണപ്പെട്ടു. തിരുവനന്തപുരത്തെ വിതുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു മരണം. വാക്സിൻ നൽകിയതിനെത്തുടർന്ന് കുട്ടിക്ക് പനി ബാധിക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. 2015 ഡിസംബർ മൂന്നിന് വാക്സിൻ നൽകിയതിനെത്തുടർന്ന് കർണാടകയിൽ ഇരട്ടക്കുട്ടികൾ മരിച്ചതും വാർത്തയായിരുന്നു. ഈ മരണങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത് പെന്റാവലന്റ് വാക്സിന്റെ ദോഷവശങ്ങളാണ്.

അതായത് 2011ന് ശേഷം ഏഴില്‍പരം വര്‍ഷങ്ങളില്‍ വാക്സിന്‍ മൂലം മരണപ്പെട്ടു എന്ന് ആരോപിക്കുന്നതിന് ഇവര്‍ക്ക് ആകെ മൂന്ന് സംഭവങ്ങള്‍ മാത്രമാണ് ഉദ്ധരിക്കാനുള്ളത്. ഇതില്‍ വിതുരയിലെ കുട്ടി പനിമൂലമാണ് മരിച്ചത്. പനിക്ക് കാരണം വാക്സിനാണ് എന്നതിന് തെളിവൊന്നും ഇല്ല. വാക്സിന്‍ നല്‍കി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന എല്ലാ മരണവും വാക്സിന്‍ മൂലം ഉണ്ടാകുന്നതാണെന്നാണ് നാരദ കരുതുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷം ഭാരതത്തില്‍ മരിച്ചത് 50 ലക്ഷം ആളുകളാണ്[3]. ഇവരില്‍ എല്ലാവരുംതന്നെ, മരണത്തിന് 72 മണിക്കൂര്‍ മുമ്പ് വെള്ളം കുടിച്ചവരാണ്. അതുകൊണ്ട് വെള്ളം കുടിച്ച 50 ലക്ഷം ആളുകളാണ് ഭാരതത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി മരണപ്പെട്ടത് എന്ന് പറയാം. ഇതുതന്നെയാണ് വാക്സിന്‍ വിരുദ്ധരുടെ വാദവും.

“ഇയാൾക്കും (ലേഖകന്‍) ഈ പച്ചക്കള്ളം പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിനും എതിരെ അപകീർത്തി കേസെടുക്കേണ്ടതാണ്.” ഡോക്ടര്‍ അരവിന്ദന്‍ എഴുതുന്നു.

പറഞ്ഞുവന്നത് ഇതാണ്, മുകളിലെ തലക്കെട്ട് വായിച്ച് നിങ്ങള്‍ ഞെട്ടുന്നുണ്ടങ്കില്‍ സൂക്ഷിച്ചോളൂ, നിങ്ങളെ ആര്‍ക്കും പറഞ്ഞ് പറ്റിക്കാന്‍ എളുപ്പമാണ്. അട്, മാഞ്ചിയം, തേക്ക് പോലെയുള്ള തട്ടിപ്പുകളില്‍ വളരെ പെട്ടന്ന് ഇരയാകുന്നവരില്‍ ഒരാളാണ് നിങ്ങള്‍. ജാഗ്രതൈ.


അവലംബം

 1. ആളെക്കൊല്ലുന്ന വാക്സിൻ; പത്ത് വർഷത്തിൽ ആകെ മരണം 10612! – നാരദ വാര്‍ത്ത. 2018 മാര്‍ച്ച് 15.
 2. ഡോ. കെ.പി. അരവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്, 2018 മാര്‍ച്ച് 17.
 3. India – Crude death rate, , knoema.

മലയാളം ബ്ലോഗ്

%d bloggers like this: