2019 ഡിസംബർ 26നു ഒരു വലയസൂര്യഗ്രഹണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ദർശിക്കാനാകും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയിൽ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം (Annular eclipse) എന്നു് അറിയപ്പെടുന്നത്. ഒരു വലയസൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗീകമായി നിരീക്ഷിക്കാൻ സാധിക്കും. ഇന്ത്യയിൽ തെക്കൻ കർണ്ണാടകം, വടക്കൻ കേരളം, മദ്ധ്യതമിഴ്നാട് എന്നിവിടങ്ങളിലാണ് ഗ്രഹണം പരമാവധി കാണാൻ കഴിയുന്നത്.
2019 ഡിസംബർ 26 ന് ഇന്ത്യയിൽ ദൃശ്യമാകുന്ന വലയസൂര്യഗ്രഹണത്തിന്റെ മാപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്. വിക്കിമീഡിയ കോമൺസ് ഗുണമേന്മയുള്ള ചിത്രമായി ഈ മാപ്പിനെ തെരഞ്ഞടുത്തിട്ടുണ്ട്.


വിക്കി മീഡിയ കോമൺസിലേക്കുള്ള ലിങ്ക് കാണുക.