
2008 ഏപ്രിൽ 26
അന്നൊരു ശനിയാഴ്ചയായിരുന്നു.
ഓഫീസിൽ നിന്നും വൈകിട്ട് നേരെ പോയത് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കാനായിരുന്നു.
കൂലംകഷമായ ചര്‍ച്ചകള്‍, വാദങ്ങള്‍, ഇഴതിരിച്ചുള്ള വിശകലനങ്ങള്‍, നാളെ
തന്നെ കേരളത്തെ ശാസ്ത്രബോധമുള്ള ഒരു സമൂഹമാക്കി മാറ്റുന്നതിനുള്ള
കാര്യപരിപാടികള്‍ …
അതിനിടയിൽ ഒരു സുഹൃത്തിന്റെ മെസ്സേജ് വന്നു –
“Happy Anniversary”
എന്തിന്റെ ആനിവേഴ്സറി? ഒന്നും മനസ്സിലായില്ല.
കമ്മിറ്റി രാത്രി 10 മണി വരെ നീണ്ടു. കമ്മിറ്റി പിരിഞ്ഞിട്ടും പ്രധാന പ്രവര്‍ത്തകരൊക്കെ കൊച്ചു വര്‍ത്തമാനം പറഞ്ഞു നിന്നു. പിന്നെ അടുത്തുള്ള തട്ടുകടയിൽ നിന്നും ദോശയും കട്ടനും കഴിച്ചു പിരിഞ്ഞു.
വീട്ടിലെത്തിയപ്പോൾ 10.30. കാളിന്ദി ജനിച്ച് കഷ്ടി 1 മാസം കഴിഞ്ഞിട്ടേയുള്ളു. ഞാൻ എത്തുന്നതിനു മുമ്പ് കുഞ്ഞ് ഉറങ്ങിപ്പോയി. പരിഷത്തിന്റെ സജീവ ഭാരവാഹിയായിരുന്ന അക്കാലത്ത് മിക്കവാറും രാവിലെ 7 മണിക്ക് മുമ്പായി വീട്ടിൽ നിന്നും ഇറങ്ങുംമായിരുന്നു. തിരികെ എത്തുന്നത് രാത്രി ഏതാണ്ട് 10-11 മണിയോടെയാണ്. ഉണര്‍ന്നിരിക്കുന്ന കുഞ്ഞിനെ കണ്ടിട്ട് കുറച്ചു ദിവസങ്ങളായി. പതിവു പോലെ തന്നെ വിദ്യ ഉറങ്ങിയിട്ടില്ല.
“കുഞ്ഞ് ഉറങ്ങിപ്പോയി, അല്ലേ?”
“ഉം.”
“നീ ഭക്ഷണം കഴിച്ചോ?”
“ഇല്ല.”
“അതെന്താ കഴിക്കാതിരുന്നത്? ഞാൻ കഴിച്ചിട്ടാണ് വന്നത്. ഈ സമയത്ത് ഇങ്ങനെ രാത്രി വൈകുന്നവരെ കഴിക്കാതിരിക്കരുത്. എന്നെ കാത്തിരിക്കേണ്ട. സമയത്ത് കഴിച്ച് കിടക്കണം.”
അവള് ഒന്നും പറഞ്ഞില്ല. ഏതോ അന്യഗ്രഹജീവിയെ കണ്ടപോലെ എന്നെ നോക്കി നിന്നു. എന്റെ ഫ്രീ ഉപദേശം പിടിച്ചുകാണില്ല.
“ഒന്നു കുളിച്ചു വരാം.”
കുളിച്ചുകൊണ്ടിരുന്നപ്പോൾ മെസ്സേജിന്റെ കാര്യം പിന്നെയും ഓര്‍ത്തു.
“എടീ, Happy Anniversary എന്നൊരു മെസ്സേജ് വന്നിരിക്കുന്നു. നമ്മുടെ ബിനു അയച്ചതാ. എന്താ കാര്യമെന്ന് മനസ്സിലായില്ല. തെറ്റിയെങ്ങാനും അയച്ചതായിരിക്കും.”
തല തുവര്‍ത്തി മുറിയിലേക്ക് വരുന്ന വഴി ഞാൻ ചോദിച്ചു.
“ആയിരിക്കും.” വളരെ ഉദാസീനമായിരുന്നു വിദ്യയുടെ മറുപടി.
“ഒന്നും കഴിക്കുന്നില്ലേ?”
“വേണ്ട, ഞാൻ കഴിച്ചിട്ടാണ് വന്നത്. നീ കഴിച്ചോളൂ….ഞാനും വരാം കൂട്ടിന്.”
“അല്പം പായസം കഴിക്കുന്നതിന് കുഴപ്പമില്ലല്ലോ?”
“പായസ്സമോ? എന്താ വിശേഷം? ആരുടെയെങ്കിലും പിറന്നാളായിരുന്നോ?”
“അല്ല. ഞാൻ തന്നെ വച്ചതാണ്.”
എന്താ കാര്യം എന്ന തരത്തിൽ ഞാൻ അവളെ നോക്കി.
“വെറുതെ. എനിക്കു തോന്നി.”
“എന്തായാലും ഒരു ഗ്ലാസ്സ് കുടിക്കാം.”
നല്ല പായസ്സമായിരുന്നു. പായസ്സം എനിക്ക് പണ്ടേ ഇഷ്ടമാണ്.
പായസ്സമൊക്കെ കുടിച്ച് സുഖമായി കിടന്നുറങ്ങി.
അടുത്ത ദിവസം പ്രഭാതം.
ചായ കുടിക്കുന്നതിനിടയിൽ പിന്നെയും മെസ്സേജിന്റെ കാര്യം ഓര്‍മ്മ വന്നു. എന്തായിരിക്കും ബിനു ഉദ്ദേശിച്ചത്?
“എടീ ഇന്നലെ എന്തിന്റെ വാര്‍ഷികമായിരുന്നു?”
“എടോ മനുഷ്യാ, നമ്മുടെ ആദ്യ വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ.”
“ഇതുപോലൊരു പൊട്ടനെയാണല്ലോ ഞാൻ കെട്ടിയത്.” ഞാൻ മിഴിച്ചു നോക്കുന്നതിനിടയിൽ അവള് പിറിപിറുത്തു.
ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇന്ന് 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. കുടുംബജീവിതത്തിൽ വാര്ഷികങ്ങള്ക്കൊക്കെ നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. സിനിമയിലൊക്കെ കാണുംപോലെ ആദ്യ വിവാഹവാര്‍ഷികത്തിന് പുതിയ സാരിയും വാങ്ങി വരുന്ന ഒരു ഭര്‍ത്താവിനെയായിരുന്നു അവള് സ്വപ്നം കണ്ടിരുന്നത്. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യത്തിൽ നിന്നും ഏറെ വ്യത്യസ്തമാണെന്ന് അവളും മനസ്സിലാക്കിയിരിക്കും. എന്നെ സഹിച്ചുകൊണ്ട് അവളിപ്പോഴും കൂടെയുണ്ട്. ജീവിതം അന്നത്തേക്കാള്‍ ഒട്ടും വ്യത്യസ്തമല്ല താനും.