“മനോഹരമായ
പൂക്കളുള്ള ചെടിയുടെ ഫോട്ടോ
കണ്ടല്ലോ.
ഇത്
ആമ്പലോ,താമരയോ?”
“താമരയല്ല,
ആ
പൂവ് കണ്ടില്ലേ,
താമരപ്പൂവിന്റെ
ദളങ്ങള് ഇങ്ങനെയല്ല ..
താമരയിലയുടെ
അരികുകളിൽ ഇങ്ങനെ ഞുറിവുകൾ
കാണില്ലല്ലോ,
അപ്പോ
ഇത് ആമ്പൽ തന്നെ.
ഒരു
പക്ഷേ ഇത് സാധാരണ ആമ്പലായിരിക്കില്ല,
പാടങ്ങളിലൊക്കെ
കാണുന്ന തരത്തിലുള്ള
നെയ്തലാമ്പലായിരിക്കും.”
“എന്നാലേ,
ഇത്
ആമ്പലുമല്ല,
താമരയും
അല്ല,
വളരുന്നത്
പാടത്തുമല്ല.”
“അല്ലേ?”
“അല്ല.“
“പിന്നെ?”
“ഇത്
ഒരുതരം ചെട്ടിപ്പൂവാണ്.
ജമന്തി
എന്നും പറയാം.”
“ചെട്ടിപ്പൂവോ?
ജമന്തിയോ?
പന്നേ…
കളിപ്പിക്കല്ലേ
…
ഇത്
ആമ്പൽ തന്നെ.”
“ശരിക്കും
ഇത് ഒരുതരം ചെട്ടിപ്പൂവുതന്നെയാണ്.
ഇംഗ്ലീഷിൽ
Marsh
Marigold എന്നാണ്
വിളിക്കുന്നത്.
വേണമെങ്കിൽ
നമുക്ക് കുളച്ചെട്ടി എന്നോ
മറ്റോ വിളിക്കാം.
ഇത്
പലനിറത്തിൽ കാണാറുണ്ട്.
മഞ്ഞനിറത്തിലുള്ളവയാണ്
കൂടുതലും.
2000 മുതൽ
3500
വരെ
മീറ്റർ ഉയരത്തിൽ പടിഞ്ഞാറൻ
ഹിമാലയത്തിലും പിന്നെ പാകിസ്ഥാൻ,
അഫ്ഗാനിസ്ഥാൻ
എന്നീ രാജ്യങ്ങളുടെ മലനിരകളിലും
മാത്രം കാണപ്പെടുന്നവയാണ്
ചിത്രത്തിൽ കണ്ട വെള്ള
പൂക്കളോടുകൂടി ചെടികൾ.”
“ഹമ്പട,
അപ്പോ
ഇത് എവിടെനിന്നുള്ളതാണ്?”
“ഇത്
കാശ്മീരിലെ ഗാന്ദർബൽ ജില്ലയിലെ
ഹിമാലയ നിരകളിൽനിന്നും എടുത്ത
ഫോട്ടോയാണ്.”
“ഇതുകണ്ടാൽ
ആമ്പൽ പോലെ തന്നെയുണ്ടല്ലോ.
അപ്പോൾ
ഇതിന് ആമ്പലുമായി എന്തു
വ്യത്യാസമാണ് ഉള്ളത്?”
റാണുൺകുലേസീ കുടുംബത്തിൽ പെട്ട ചില പൂക്കൾ (കടപ്പാട് – വിക്കിപീഡിയ)
“ആമ്പലും കുളച്ചെട്ടിയും ജലജന്യമായ സസ്യങ്ങളാണ്. അതിനാലാകാം ഇവരണ്ടിനും വെള്ളത്തെ അതിജീവിക്കാനും വെള്ളത്തിൽ വളരാനുമുള്ള അനുകൂലനങ്ങള് കാഴ്ചയിൽ ഒരുപോലെ ഉള്ളത്. ആമ്പൽ നിംഫേസീ കുടുംബത്തിൽ പെട്ട സസ്യമാണ്. കുളച്ചെട്ടി റാണുൺകുലേസീ എന്ന കുടുംബത്തിൽ പെട്ടതും. ഇതിൽ കൂടുതൽ അറിയണമെങ്കിൽ, സോറീ മക്കളേ, പോയി ടിച്ചറോട് ചോദിച്ചുനോക്കൂ …”
കാശ്മീർ ലേകത്തിന്റെ പൂന്തോട്ടമാണെങ്കിൽ അവിടെ സ്വർണ്ണപ്പൂക്കളാല് പരിലസിച്ചുനില്ക്കുന്ന പനിനീർച്ചെടിയാണ് സോനാമാർഗ്. വർഷത്തിൽ ആറുമാസത്തോളം മനുഷ്യവാസമില്ലാതെ, മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം ശ്രീനഗറിൽ നിന്നും ഏകദേശം 87കി.മീ. വടക്കുകിഴക്കായി, സമുദ്രനിരപ്പിൽ നിന്നും 9200 അടി ഉയരത്തില് സ്ഥിതിചെയ്യുന്നു. ശിശിരത്തിലെ കൊടും തണുപ്പിനുശേഷം വസന്താഗമത്തോടെ മഞ്ഞുരുകി വഴിതെളിമ്പോൾ അവിടം സഞ്ചാരികളുടെ പറുദീസയി മാറും. മഞ്ഞുപുതച്ച മലകളിലും പുതുനാമ്പുകൾ തളിരിട്ട താഴ്വരകളിലും ഇളം വെയിൽ തട്ടുമ്പോള് സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ഈ പ്രദേശത്തെ സൗന്ദര്യാരാധകരായ സഞ്ചാരികള് ആരോ ആയിരിക്കണം സോനാമാർഗ് (സ്വർണ്ണപ്പുൽമേട്) എന്ന് വിളിച്ചത്.
കാശ്മീരിന്റെ ഒരു ഗ്രാമക്കാഴ്ച
2019 ജൂലൈയിലാണ് ഞാനും സുഹൃത്ത് വി.കെ. സുജിത്കുമാറും ശ്രീനഗറിൽ എത്തിയത്. ഒരു രണ്ടുരാത്രിയും ഒരു പകലും മാത്രമായിരുന്നു ഞങ്ങളുടെ പക്കൽ ശ്രീനഗറിൽ ചെലവഴിക്കാൻ ഉണ്ടായിരുന്നത്. അതിനാൽ രാവിലെ സോജിലാ-പാസ്സ്, ഉച്ചയ്ക്ക് ശേഷം സോനമാർഗ് എന്നിവ മാത്രം സന്ദർശിക്കാൻ തീരുമാനിച്ചു. ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള ദേശീയ പാതയിൽ വരുന്ന സ്ഥലങ്ങളാണിവ രണ്ടും. ആദ്യം സോനാമാർഗ്, ശേഷം സോജില. കുറച്ചുകൂടി യാത്രചെയ്താൽ കാർഗിൽ വരെ എത്താം. പക്ഷേ അന്നുതന്നെ തിരികെയെത്താൻ സാധിക്കില്ല. അതിനാലാണ് സോജില വരെയായി യാത്ര ചുരുക്കാൻ ഞങ്ങള് തീരുമാനിച്ചത്.
ലേയിലേക്കുള്ള ദേശീയപാത
തലേദിവസം രാത്രിതന്നെ ഒരു റോയൽ എൻഫീൽഡ് ബൈക്ക് തരപ്പെടുത്തിയിരുന്നു. 1300 രൂപ ദിവസ വാടക. രാവിലെ 7 മണിയോടെ യാത്ര ആരംഭിച്ചു. നഗരാതിർത്തി പിന്നിട്ടശേഷം ഒരു ഹോട്ടലിൽ നിന്നും പ്രാതൽ കഴിച്ചു. കാശ്മീരിലെ ഭക്ഷണം ഏറെ രുചികരമാണ്. അവിടത്തെ ചായയ്ക്ക് നമ്മൾ അടിമപ്പെട്ടുപോകും.
മനോഹരമായ കാശ്മീർ ഗ്രാമങ്ങൾക്കിടയിലൂടെ, പ്രകൃതി സൌന്ദര്യം നുകർന്ന്, നനുത്ത തണുപ്പിന്റെ സുഖമാസ്വദിച്ച് ദേശീയപാത ഒന്നിലൂടെ ഞങ്ങളുട യാത്ര മുന്നോട്ടുപോയി. ഝലം നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നായ സിന്ദ് നദിയ്ക്ക് (സിന്ധുനദിയല്ല) സമാന്തരമായാണ് ദേശീയപാതയും പണിതിട്ടുള്ളത്. അതിമനോഹരമായ കാഴ്ചകളായിരുന്നു ഇരുഭാഗത്തും.
സിന്ദ് നദിയുടെ താഴ്വ – ദേശീയപാത 1ൽ നിന്നുള്ള കാഴ്ച
കാശ്മീരിലെല്ലായിടത്തും സൈന്യത്തിന്റെ വൻ സുരക്ഷയുണ്ടായിരുന്നു. ഏതാണ് 25 മീറ്ററിന് ഒരാൾ എന്ന നിലയിൽ ദേശീയപാതക്ക് ഇതുവശവും ജവാൻമാർ നിലയുറപ്പിച്ചിരുന്നു. കാശ്മീരിന്റെ ഭരണഘടനാ പദവി റദ്ദുചെയ്യുന്നതിനു മുമ്പുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ഈ സുരക്ഷാ ക്രമീകരണങ്ങൾ. എന്നാൽ സഞ്ചാരികൾക്ക് അത് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ല.
ഹിമാലയത്തിലെ റോഡുപണി – ഈ കുറുക്കുവഴിയാണ് ഞങ്ങൾക്ക് ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നത്.
മൺസൂണിന് മുമ്പായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാൽ റോഡിൽ പലയിടത്തും തടസ്സങ്ങൾ നേരിട്ടു. അമർനാഥ് യാത്രനടക്കുന്ന സമയമായതിനാലും യാത്രാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ഉദ്ദേശിച്ചതിലും കൂടുതൽ സമയമെടുത്താണ് യാത്ര തുടര്ന്നത്.
സോനാമാർഗ്ഗ് കഴിഞ്ഞ് സോജിലാ പാസ്സിന് ഏകദേശം അടുത്തെത്താറായപ്പോൾ സൈന്യം വഴി പൂർണ്ണമായും അടച്ചു. മുന്നിൽ റോഡ് പണി നടക്കുന്നതിനാൽ ഉച്ചക്ക് 2 മണിക്കുശേഷമേ യാത്രതുടരാനാകൂ എന്ന് അവർ അറിയിച്ചു. അപ്പോൾ സമയം പതിനൊന്നര കഴിയുന്നതേ ഉണ്ടായിരുന്നുള്ളു.
കുറച്ച് പിന്നിലേക്ക് പോയാൽ, മലമുകളിലൂടെ ഒരു കുറുക്കുവഴിയുണ്ടെന്ന് ഒരു ജവാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ തിരികെ വന്ന് മല മുറിച്ചുകടക്കുന്നതിനുള്ള ശ്രമം നടത്തി. വളരെ ഉയരമുള്ള ഒരു മലയുടെ മുകളിലേക്ക് കുത്തനെയുള്ള, ടാർചെയ്യാത്ത, ചരലും പാറയും നിറഞ്ഞ ഒരു റോഡായിരുന്നു അത്. അല്പം സാഹസപ്പെട്ട് ഞങ്ങൾ അതിന്റെ മുകളിലെത്തി. എന്നാൽ മറുഭാഗത്തേക്ക് കടക്കുന്നതിനിടയിൽ റോഡ് പിന്നെയും തടസ്സപ്പെട്ടു. അവിടെ മലയിടിച്ചിൽ മൂലം തകർന്ന റോഡ് നന്നാക്കുന്ന പണി നടക്കുകയായിരുന്നു. വഴി ഗതാഗതയോഗ്യമാക്കാൻ രണ്ടു മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് അറിഞ്ഞതിനെ തുടർന്ന് സോജിലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഞങ്ങൾ സോനാമാർഗ്ഗിലേക്ക് മടങ്ങി.
മലയടിവാരത്തെ മനോഹരമായ ഹോട്ടൽ. വർഷത്തിൽ, മഞ്ഞൊഴിഞ്ഞ ആറുമാസം മാത്രമാണ് ഹോട്ടലുകൾ ഇവിടെ പ്രവർത്തിക്കുക.
തിരികെ സോനാമാർഗ്ഗിലെത്തിയപ്പോൾ ഉച്ച കഴിഞ്ഞു. അപ്പോഴേക്കും ഞങ്ങൾ നന്നായി ക്ഷീണിച്ചിരുന്നു. അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വിശ്രമിച്ചു. ഹിമാലയൻ നിർമ്മാണരീതിയുടെ ലാളിത്യവും സൗന്ദര്യവും ഒത്തിണങ്ങിയ രമണീയമായ ഒരു കെട്ടിടത്തിലാണ് മലയടിവാരത്തെ ആ ഹോട്ടൽ പ്രവർത്തിച്ചത്. അവിടെ ചെലവഴിച്ച സമയം ഉന്മേഷദായകമയിരുന്നു.
ഹിമാനി – ദേശീയപാതയിൽ നിന്നുള്ള ദൃശ്യം
ഡിസംബർ ജനുവരി മാസങ്ങളിൽ പത്തടിയോളം ഉയരത്തിൽ സോനാമാർഗ്ഗിലെ ദേശീയപാതയിൽ മഞ്ഞുറയും . അതിനാൽ ഏതാണ്ട് ആറുമാസത്തോളം ഇവിടെ ഗതാഗതം തടസ്സപ്പെടും. അക്കാലത്ത് ലേയിലേക്ക് റോഡുമാർഗ്ഗം പോകുക അസാധ്യമാണ്. ഇതു പരിഹരിക്കുന്നതിനായി ദൈർഘ്യമേറിയ ഒരു തുരങ്കത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
സോനാ മാർഗ്ഗിലെ പ്രധാന വിനോദം അവിടെയുള്ള ഹിമാനികൾ സന്ദർശിക്കുക എന്നതാണ്. ഉരുകുന്ന ഹിമാനികളിൽ നിന്നുള്ള ജലമാണ് വേനൽക്കാലത്തുപോലും ഹിമാലയൻ നദികളെ ജലസമൃദ്ധമാക്കുന്നത്. ഹൈവേയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തായാണ് താജിവാസ് ഹിമാനി. അവിടെനിന്ന് ഒഴുകിയെത്തുന്ന ജലം സിന്ദ് നദിയുടെ പ്രധാന സ്രോതസ്സാണ്.
ഹിമാനികളിൽനിന്ന് ഒഴുകിയെത്തുന്ന ജലം ഹിമാലയൻ നദികളെ വേനൽക്കാലത്തും ജലസമൃദ്ധമാക്കുന്നു
ദേശീയപാതയിൽ നിന്നും ഹിമാനിയിലേക്കുള്ള കയറ്റം സാധാരണ സഞ്ചാരികൾക്ക് കഠിനമാണ്. വാഹനങ്ങൾ പോകില്ല. അതിനാൽ മിക്ക യാത്രികരും മലകയറാനായി കുതിര സാവരിയാണ് ആശ്രയിക്കുക. നൂറുകണക്കിന് കുതിരകളെയാണ് പ്രധാന സീസണിൽ അവിടെ എത്തിക്കുന്നത്.
ഞങ്ങൾ എത്തിയത് ജൂലൈ അവസാന സമയമായിരുന്നു. സീസൺ ഏതാണ്ട് അവസാനിച്ചിരുന്നു. വേനൽ അധികമായിരിക്കുന്ന ആ സമയത്ത്, സാധാരണ മഞ്ഞുകാണുന്ന സ്ഥലത്തുനിന്നും വളരെ അകലെ, പർവ്വതമുകളിൽ മലയിടുക്കുകളിലും പർവ്വതശീർഷങ്ങളിലും മാത്രമായിരുന്നു മഞ്ഞുണ്ടായിരുന്നത്. അതിനാൽ കുതിരക്കാർ ഒരു സവാരിയ്ക്ക് രണ്ടായിരം മുതൽ മുകളിലോട്ടാണ് തുക ആവശ്യപ്പെട്ടത്. എന്നാൽ കുതിരയ്ക്ക് പകരം പറ്റുന്നത്ര ദൂരം നടന്നു കയറാനായിരുന്നു ഞങ്ങളുടെ തീരുമാനം.
ഹിമാനിയിലേക്ക് കുതിരപ്പുറത്ത് യാത്ര പുറപ്പെടുന്നവർ
സുരക്ഷിതമെന്നു തോന്നിയ ഒരു സ്ഥലത്ത് വണ്ടിയൊതുക്കി ഞങ്ങൾ മലകയറ്റം ആരംഭിച്ചു. ഒരു മണിക്കൂർകൊണ്ട് ഞങ്ങൾ അടിവാരത്ത് എത്തി. സാധാരണ സീസൺ സമയത്ത് മഞ്ഞുകേളികൾ അരങ്ങേറുന്ന സ്ഥലമാണ് അത്. വേനൽ കടുത്തതിനാൽ അവിടത്തെ മഞ്ഞെല്ലാം ഉരുകി തീർന്നിരുന്നു. സഞ്ചാരികളും തീരെ കുറവായിരുന്നു. കുറച്ച് താല്ക്കാലിക കടകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിയെ ചായ, ചെറിയ പലഹാരങ്ങൾ, ബ്രഡ്, മുട്ട വിഭവങ്ങൾ, മാഗി എന്നിവ ലഭിക്കും.
മലയിടുക്കിൽ മഞ്ഞുറഞ്ഞിരിക്കുന്ന കാഴ്ച. ഇവിടേക്കായിരുന്നു ഞങ്ങളുടെ മലകയറ്റം.
അടിവാരത്തുനിന്നും ഉയരത്തിലേക്കുനോക്കിയാൽ മഞ്ഞിന്റെ തൊപ്പിയണിഞ്ഞ രണ്ടുമൂന്ന് പർവ്വത ശിഖരങ്ങൾ കാണാമായിരുന്നു. രണ്ടുമലകൾ തമ്മിൽ ചേരുന്ന ഇടുക്കുകളിലും ധാരാളം മഞ്ഞുറഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. താഴെനിന്നും നോക്കുമ്പോൾ ഹൃദയാകൃതിയിൽ കാണപ്പെട്ട, അത്തരം ഒരു മഞ്ഞുപ്രദേശത്ത് എത്തിപ്പെടുക എന്നതായിരുന്നു തുടർന്നുള്ള ഞങ്ങളുടെ ലക്ഷ്യം. മലയിടുക്കിലൂടെയുള്ള യാത്ര അത്രമേൽ ഹരം പകരുന്നതാകയാൽ യാത്രയുടെ കാഠിന്യം അനുഭവപ്പെട്ടതേയില്ല.
ഹിമാനിയിലേക്കുള്ള നടത്തം
മലകയറുന്നതിനിടയിൽ ആടുമേയ്ക്കുന്ന കുട്ടികളെ പരിചയപ്പെട്ടു. സീസൺ സമയത്ത് വിവിധങ്ങളായ തൊഴിലുകളിൽ ഏർപ്പെടുന്നതിനായി ഗ്രാമങ്ങളിൽ നിന്നും എത്തി, താല്ക്കാലിക കുടിലുകൾ കെട്ടി താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു അവർ. അല്പം കൂടി നടന്നപ്പോൾ രണ്ടു കാശ്മീരികൾ ഞങ്ങളെ പരിചയപ്പെട്ടു. മുകളിൽ മഞ്ഞിൽ തെന്നൽ വണ്ടികൾ (Sledge) വലിക്കുന്നവരാണ് അവർ. ഞങ്ങളിൽ രണ്ടു ഇടപാടുകാരെ അവർ കണ്ടിട്ടുണ്ടാകണം. അവരും ഞങ്ങളോടൊപ്പം മുകളിലേക്കുള്ള യാത്രയിൽ കൂടി. അതെന്തായാലും നന്നായി. കാരണം മുകളിലേക്കുള്ള, പ്രയാസം കുറഞ്ഞതും സുരക്ഷിതവുമായ വഴികൾ അവർക്ക് പരിചിതമായിരുന്നു.
ഇടയബാലകരോടൊപ്പം
ഏതാണ്ട് ഒന്നര മണിക്കൂറത്തെ മലകയറ്റത്തിനുശേഷം ഞങ്ങൾ ഹിമാനിയിൽ എത്തിച്ചേർന്നു. കട്ടപിടിച്ച മഞ്ഞ് ഹരം പകരുന്ന അനുഭവമായിരുന്നു. മഞ്ഞിനു മുകളിലൂടെ നടക്കുന്നതിനായി മുട്ടുവരെ എത്തുന്ന, വെള്ളവും തണുപ്പും കയറാത്ത ഷൂസുകൾ ഞങ്ങൾ താഴ്വാരത്തുനിന്നും വാടകയ്ക്ക് വാങ്ങി ധരിച്ചിരുന്നു. മഞ്ഞിനു മുകളിലൂടെ ശ്രദ്ധയോടെ നടന്നില്ലങ്കിൽ വീണുപോകും. ചിലയിടത്ത് മുകളിൽ മഞ്ഞുകാണുമെങ്കിലും താഴെ പൊള്ളയായിരിക്കും. പൊള്ളയായ തുരങ്കങ്ങളിലൂടെ ജലം കുത്തിയൊഴുകുന്നുണ്ടാകും. ചിലഭാഗങ്ങൾ ഉരുകിയുരുകി ഒരു ഗുഹപോലെ ആയിട്ടുണ്ട്.
മഞ്ഞുഗുഹയ്ക്കുള്ളിൽ …
അപ്ലസമയത്തിനുള്ളിൽ കാശ്മീരി സുഹൃത്തുക്കൾ തെന്നൽ വണ്ടികളുമായി എത്തി. കുറച്ചു സമയം അവരോടൊപ്പം തെന്നിക്കളിച്ചു. സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നുണ്ടായിരുന്നു. ചുറ്റും മലകളായതിനാൽ നേരത്തെ തന്നെ അവിടെ ഇരുട്ടുവീഴും. ഞങ്ങൾ തിരികെ ഇറങ്ങാൻ ആരംഭിച്ചു.
മഞ്ഞുരുകി പാറ തെളിഞ്ഞ സ്ഥലങ്ങളിൽ ചെറിയ പൂച്ചെടികൾ വളർന്നു നിന്നു. ചെറിയ ആമ്പലിനെ പോലെയുള്ള ഒരു സസ്യം വെള്ളം ഒഴുകുന്ന ഇടങ്ങളിൽ പാറകളുടെ വശങ്ങളിലൊക്കെ വെള്ള നിറമുള്ള പൂക്കളുമായി വളർന്നു നില്ക്കുന്നുണ്ടായിരുന്നു. മറ്റുള്ള ചെടികളൊക്കെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാൽ അലംകൃതമായിരുന്നു.
മഞ്ഞുനീരുറവ പിറവിയെടുക്കുന്ന പർവ്വതശിഖരം
തിരികെ താഴ്വാരത്തിലെത്തി നല്ലൊരു ചായകുടിച്ചു. തേയില കൊണ്ടുള്ള ചായയായിരുന്നില്ല. ഹിമാലയത്തിൽ ലഭ്യമായ ഏതോ ഒരിലകൊണ്ടുണ്ടാക്കിയ, പാലില്ലാത്ത ചായ. നല്ല രുചിയുണ്ടായിരുന്നു. ചായക്കടയിൽ കൂടിയവർ ഞങ്ങളുമായി സൌഹൃദം പങ്കുവച്ചു. കേരളത്തെക്കുറിച്ചും കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ പറ്റിയും അവർ നല്ലവാക്കുകൾ പറഞ്ഞു. കേരളത്തിൽ നിന്നുള്ളവർ അധികവും ബുള്ളറ്റ് യാത്രനടത്തുന്നവരാണ് എന്ന് അവർ അഭിപ്രായപ്പെട്ടു.
ഇനിയും വരണമീ മഞ്ഞിന്റെ ഭൂമിയിയിൽ
തിരികെ ദേശീയപാതയിൽ എത്തിയപ്പോഴേക്കും അഞ്ചുമണി കഴിഞ്ഞിരുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം സമ്മാനിച്ച സോനാമാർഗ്ഗ് ഓർമ്മകളിൽ നിറച്ച് തിരികെ ശ്രീനഗറിൽ എത്തിയപ്പോൾ രാത്രി പത്തുമണി ആയിരുന്നു. എന്നെങ്കിലും ഒരിക്കൽക്കൂടി ആ പർവ്വതശിഖരത്തിൽ കയറണം എന്ന് അപ്പോൾത്തന്നെ മനസ്സിൽ കുറിച്ചിരുന്നു.