കേരള സർക്കാരിന്റെ നവകേരള കർമ്മ പരിപാടിയുടെ ഭാഗമായി 2016 ൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.
ചിത്രത്തിനു കടപ്പാട് – mathrubhumi.com
എന്താണ് ലക്ഷ്യം
കേരളത്തിലെ 5 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് സമയബന്ധിതമായി (3 – 4 വർഷം കൊണ്ട്) ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു നൽകുക.
എന്തായിരുന്നു നിലവിലുണ്ടായിരുന്ന അവസ്ഥ:
കേന്ദ്ര-സംസ്ഥാന പദ്ധതികൾ വഴി പ്രതിവർഷം പരമാവധി 20000 വീടുകളാണു നൽകിവന്നത്. അവയിൽ പലതും പൂര്‍ത്തിയാകാതെ പാതിവഴിയിൽ നിന്നുപോയി. എല്ലാ വീടുകളും പൂര്‍ത്തിയാക്കാനായാൽ തന്നെ 5 ലക്ഷം പേർക്ക് വീടു ലഭിക്കാൻ നിലവിലെ അവസ്ഥയിൽ 25 വർഷം വേണ്ടിവരുമായിരുന്നു.
എങ്ങനെ ലക്ഷ്യം നേടും
5 ലക്ഷം ഭവനരഹിതര്‍ക്ക് ഭവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാനാണ് മിഷൻ പ്രഖ്യാപിച്ചത്. ഇതിനായി-
നിലവിൽ നടന്നുകൊണ്ടിരുന്ന പദ്ധതികളെ ഒരുമിപ്പിച്ചു.
പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ നൽകിക്കൊണ്ടിരുന്ന തുകയ്ക്ക് വാസയോഗ്യമായ ഭവനങ്ങൾ പണിയാൻ കഴിയാതിരുന്നതിനാലാണ് നിര്‍ദ്ധനരായ ആളുകള്‍ക്ക് ഭവനങ്ങള്‍ പൂര്‍ത്തിയാക്കാൻ കഴിയാത്തത്, അതിനാൽ തുക 4 ലക്ഷമായി ഉയര്‍ത്തി.
അധികമായി കണ്ടെത്തേണ്ട തുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയും സര്‍ക്കാര്‍ വായ്പയെടുത്തും നൽകുന്നതിനു തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ സഹായത്താൽ നടപ്പാക്കുന്ന പദ്ധതികള്‍ക്കും അധിക തുക ലഭ്യമാക്കാൻ തീരുമാനിച്ചു.
പൂര്‍ത്തിയാക്കിയ വീടുകളുടെ വിശദാംശങ്ങള്‍ എന്താണ്
മിഷന്റെ ആദ്യഘട്ടമാണ് നിലവിൽ പൂര്‍ത്തിയായത്. ഇതിൽ 2,14,144 വീടുകളാണ് പൂര്‍ത്തിയാക്കിയത്. മൂന്ന് രീതിയിലാണ് ഇവ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
1) മുടങ്ങിക്കിടന്ന 52050 എണ്ണം പൂർത്തീകരിച്ചു. ചെലവ് 850 കോടി. പൂര്‍ണ്ണാമായും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു.
2) Sc/ST /Fisheries വകുപ്പുകളിലൂടെ പൂർണ്ണമായും സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ച് 23274 വീടുകൾ നിർമ്മിച്ചു. (ST വിഭാഗത്തിന് 6 ലക്ഷം രൂപയാണ് നൽകുന്നത്.)
3) ലൈഫ് പദ്ധതികള്‍ വഴി. മൂന്നുതരം ലൈഫ് പദ്ധതികളാണ് ഉള്ളത്.
(a) പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച്, ഗ്രാമ പഞ്ചായത്തുകളിൽ ലൈഫ് സർവ്വേയിലൂടെ കണ്ടെത്തിയ ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിർമ്മാണം. 75036 വീട് പൂർത്തീകരിച്ചു. ത്രിതല പഞ്ചായത്തുകളുടെ വിഹിതം, സംസ്ഥാന ബജറ്റിൽ നിന്നുള്ള ഗ്രാന്റ്, സര്‍ക്കാർ വായ്പയായി എടുത്ത തുക എന്നിവയിലൂടെയാണ് പണം കണ്ടെത്തി. 3000 കോടി രൂപയാണ് കേരള സർക്കാർ വായ്പയെടുത്തത്. 25 വർഷം കൊണ്ട് ചെയ്യുന്ന പണി ഒന്നിച്ചു ചെയ്യുന്നതിനാൽ, തുടര്‍ന്നു വരുന്ന വര്‍ഷങ്ങളിൽ ഭവനനിര്‍മ്മാണത്തിനു മുടക്കേണ്ട പണം വായ്പതിരിച്ചടയ്ക്കാൻ ഉപയോഗിക്കാം. ഇത് 15 വർഷം കൊണ്ട് സർക്കാർ തിരിച്ചടയ്ക്കും. 20% ആണ് പഞ്ചായത്തുകളുടെ വിഹിതം. ഈ പണം കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി പഞ്ചായത്തുകൾക്ക് നല്കുന്ന പണമാണ്. അതായത് ഈ പദ്ധതിയും പൂർണ്ണമായും സംസ്ഥാനത്തിന്റെ പണം ഉപയാേഗിച്ചുള്ളതാണ്.
(b) PMAY(ഗ്രാമം) – ഈ പദ്ധതിക്ക് കേന്ദ്ര സഹായം ഉണ്ട്. ഒരു വീടിന് 72000 രൂപ. കഴിഞ്ഞ 2 വർത്തിനിടയ്ക്ക് 16640 വീടുകൾ പൂർത്തിയാക്കി. 72000 രൂപ കഴിച്ചുള്ള 3,28000 രൂപയും സംസ്ഥാനത്തിന്റേതാണ്. 82% തുക സംസ്ഥാനം മുടക്കുന്നു.
(c) PMAY(നഗരം) – ഈ പദ്ധതി നഗരങ്ങളിൽ മാത്രമാണുള്ളത്. 47144 വീടുകൾ പൂര്‍ത്തിയാക്കി. കേന്ദ്ര സഹായം ഒരു വീടിന് 1.5 ലക്ഷം. ബാക്കി 2.5 ലക്ഷം സംസ്ഥാനത്തിന്റേത്. നഗരസഭയ്ക്ക് കേരള സർക്കാർ നല്കിയ പ്ലാൻ ഫണ്ടും കേരള സർക്കാർ നല്കുന്ന ഗ്രാന്റും ഉപയോഗിച്ച് ഈ തുക കണ്ടെത്തുന്നു. ഇതിനായും 1000 കോടി രൂപ സർക്കാർ ഹഡ്കോയിൽ നിന്നും വായ്പ എടുത്തിട്ടുണ്ട്. ഈ പദ്ധതിയിൽ 62.5% തുക സംസ്ഥാനത്തിന്റേതാണ്.
PMAY പദ്ധതികളിൽ പണത്തിന്റെ സിംഹഭാഗവും സംസ്ഥാനം മുടക്കിയിട്ടും ഈ പദ്ധതികളുടെ പേര് PMAY Life Mission എന്നുതന്നെയാണ്. പേരുമാറ്റി മാജിക് നടത്തിയിട്ടില്ല.
ഇതിനൊക്കെ വല്ല കണക്കും ഉണ്ടോ?
214144 പേരുടെയും പേരും ,വിലാസവും ,തദ്ദേശസ്ഥാപനവും ,ഫോൺ നമ്പരും ലൈഫ്മിഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർക്കും പരിശോധിക്കാം.
ചുരുക്കി പറയാമോ
ആകെ പൂര്‍ത്തിയാക്കിയ വീടുകൾ – 2,14,144
സംസ്ഥാന വിഹിതം – 90.35% (₹7738.792 കോടി)
കേന്ദ്രവിഹിതം – 9.65% (₹82.70 കോടി)
പിൻകുറിപ്പ്
കേന്ദ്രവിഹിതം സംസ്ഥാാനത്തിന്റെ അവകാശമാണ്. അമ്പതുശതമാനം കേന്ദ്രവിഹിതമെങ്കിലും കിട്ടാൻ സംസ്ഥനത്തിന് അര്‍ഹതയില്ലേ? പോട്ടെ, PMAYയിൽ പൂര്‍ത്തിയാക്കിയ വീടുകളുടെ മുഴുവൻ തുകയും കേന്ദ്രം നൽകാൻ തയ്യാറാകേണ്ടതല്ലേ.
ശ്രീറാം വെങ്കിട്ടരാമൻ, എം.എം. മണി, കൊല്ലപ്പെട്ട കെ മുഹമ്മദ് ബഷീർ
ശ്രീരാം വെങ്കിട്ടരാമന്റെ അറസ്റ്റും എം.എം. മണിയുടെ മുൻ പ്രസംഗവുമായി ബന്ധപ്പെട്ട് ഞാനിട്ട പോസ്റ്റിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രിയ സുഹൃത്ത് Arun Ravi നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്. ശ്രീരാം വെങ്കിട്ടരാമൻ മദ്യപിച്ച് ഒരു അപകടമുണ്ടാക്കുകയും അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു എന്നതുകൊണ്ട് അയാളുടെ മുൻകാല പ്രവൃത്തികളെല്ലാം തെറ്റായിരുന്നു എന്ന് കരുതാനാകില്ല എന്നാണ് അരുൺ ചൂണ്ടിക്കാട്ടിയത്. ഈ വിഷയം ഒന്നുകൂടി പരിശോധിക്കുകയാണിവിടെ.
നമ്മളിൽ പലർക്കും മുമ്പ് പരിചയമില്ലാത്ത നിലയിലുള്ള പ്രകൃതിദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം ഏതാണ്ടെല്ലായിടത്തും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു, അഥവാ നാമെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇത്തരം ഒരവസരത്തിൽ എന്തെല്ലാം കരുതലുകളാണ് നാം കൈക്കൊള്ളേണ്ടത്?
Kerala Floods (image By Ceekaypee [Public domain], from Wikimedia Commons)
വെള്ളം കയറും മുമ്പ് എന്തെല്ലാം തയ്യാറെടുപ്പുകൾ
നിങ്ങളുടെ പ്രദേശത്തെ നീരൊഴുക്കിന്റെ നിലയും വെള്ളപ്പൊക്ക സാദ്ധ്യതയും സംബന്ധിച്ച് പ്രാദേശിക/ജില്ലാ ഭരണകൂടം നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കുക.
വെള്ളപ്പൊക്ക സാധ്യത സംബന്ധിച്ച ശരിയായ വിവരം നിങ്ങൾക്ക് ലഭിച്ചാൽ, അയൽക്കാരെയും അത് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവരെയും ഉടൻ അറിയിക്കുക.
അവശ്യസാധനങ്ങളുടെ ഒരു കിറ്റ് തയ്യാറാക്കി വയ്ക്കുക. അവശ്യം ഭക്ഷണ വസ്തുക്കളം കുടിവെള്ളവും കരുതി വയ്ക്കുക.
ബ്ലീച്ചിംഗ് പൗഡർ കരുതിവയ്ക്കുക. കുടിവെള്ളം കിട്ടാതായാൽ ലഭ്യമായ വെള്ളം ബ്ലീച്ച് ചെയ്ത് ഉപയോഗിക്കാം.
മണൽചാക്കുകൾ മുൻകൂറായി (സാധ്യമെങ്കിൽ മണൽ നിറച്ച്) കരുതി വയ്ക്കുക. മണൽ നിറച്ച ചാക്കുകൾ ഉപയോഗിച്ച് വെള്ളത്തിന്റെ കുത്തൊഴുക്ക് തടയാനും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള സ്ഥലങ്ങൾ സംരക്ഷിക്കാനും കഴിയും.
വാഹനങ്ങൾ ഉയർന്ന, സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക.
വീട് വിട്ടുപോകുന്നതിന് മുമ്പ് മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിശ്ചേദിക്കുക.
മണൽ ചാക്കുകൾ ഉപയോഗിച്ച് ക്ലോസെറ്റുകൾ അടയ്ക്കുക. കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നത് തടയാനും സെപ്റ്റിക് ടാങ്കിലേക്ക് പുറമെ നിന്നുള്ള ചെളിയും മറ്റും കയറുന്നത് തടയാനും ഇത് ഉപകരിക്കും.
ജനലുകളും വാതിലുകളും നന്നായി അടയ്ക്കുക. നിങ്ങളുടെ വിലപിടിച്ച വസ്തുക്കൾ സുരക്ഷിതമായിരിക്കുന്നതിനും ഒപ്പം വെള്ളം അകത്തേക്ക് കടക്കുന്നത് പരമാവധി കുറയ്ക്കുന്നതിനും ഇതുമൂലം സാധിക്കും.
വളർത്തുമൃഗങ്ങളെ പൂട്ടിയിടാതിരിക്കുക, സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക.
വിലപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക. എല്ലാ രേഖകളുടെയും സ്കാൻ/ഫോട്ടോ എടുത്ത് (മൊബൈലുപയോഗിക്കാം) മെയിൽ ചെയ്തിടുക/വാട്സാപ്പ് ചെയ്തിടുക. നഷ്ടപ്പെട്ടാലും പകരം ലഭിക്കുന്നതിന് സഹായകമാകും.
വെള്ളം കയറാൻ സാധ്യതയുണ്ടെങ്കിൽ വീട്ടുസാധനങ്ങൾ മുകളിലെ തട്ടുകളിൽ മുൻകൂട്ടി സുരക്ഷിതമായി വയ്ക്കുക. വെള്ളം കയറിത്തുടങ്ങിയാൽ അവ സുരക്ഷിതമാക്കാന്‍ പ്രയാസമായിരിക്കും.
വെള്ളപ്പൊക്കത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം
വെള്ളപ്പൊക്കത്തിനിടെ വെള്ളത്തിലൂടെ നടക്കുന്നതും നീന്തുന്നതും സുരക്ഷിതമല്ല. കുത്തിയൊഴുകുന്ന അരയടി വെള്ളം നമ്മളെ താഴെ വീഴ്ത്തും. രണ്ടടി വെള്ളത്തിന് ഒരു കാറിനെ ഒഴുക്കി കൊണ്ടുപോകാൻ സാധിക്കും.
നദിയുടെയും കായലിന്റെയം കരയിലൂടെ സഞ്ചരിക്കരുത്.
കവിഞ്ഞൊഴുകുന്ന വെള്ളവുമായുള്ള സമ്പർക്കം തീർത്തും ഒഴിവാക്കുക. അത് മലിനവും അസുഖം പരത്തുന്നതുമാകും. അഥവാ വെള്ളവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ ഉടൻ തന്നെ ശുദ്ധജലത്തിൽ നന്നായി കഴുകി വൃത്തിയാകുക.
വെള്ളത്തിലോ, വെള്ളത്തിനടുത്തോ കളിക്കാൻ കുട്ടികളെ അനുവദിക്കരുത്.
നിങ്ങള്‍ വെള്ളപ്പൊക്കബാധിതമായിരിക്കുകയും പോകാൻ മറ്റൊരിടവും ഇല്ലാതിരിക്കുയും ചെയ്താൽ തീർച്ചായായും പ്രാദേശിക സർക്കാരുകൾ ഒരുക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെ തീർച്ചയായും ആശ്രയിക്കുക. അതിലും മികച്ച, സുരക്ഷിതമായ ഇടം വേറെ ലഭിക്കില്ല. ദുരഭിമാനം നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം.
വീട്ടിൽ കരുതേണ്ട എമർജൻസി കിറ്റ്
അത്യാവശ്യ ഫോൺ നമ്പരുകൾ ഒരു ബുക്കിൽ/കടലാസിൽ എഴുതി സൂക്ഷിക്കുക. മൊബൈൽ നഷ്ടപ്പെട്ടാലും മറ്റുള്ളവരെ ബന്ധപ്പെടാൻ ഉപകരിക്കും.
ഒരു ബാറ്ററി ടോർച്ച്, സ്പെയർ ബാറ്ററികൾ. വൈദ്യുതി ബന്ധം കുറെ നാളത്തേക്ക് വിശ്ചേദിക്കപ്പെട്ടേക്കാം.
അത്യാവശ്യ മരുന്നുകള്‍ അടങ്ങിയ പ്രഥമ ശുശ്രൂക്ഷാ കിറ്റ്
മൂന്ന് ദിവസത്തേക്കെങ്കിലുമുള്ള കുടിവെള്ളവും പാകം ചെയ്യാതെ കഴിക്കാൻ സാഘിക്കുന്ന ഭക്ഷണസാധനങ്ങളും. കുട്ടികൾക്കാവശ്യമായ ഭക്ഷണം.
പ്രധാനപ്പെട്ട രേഖകളുടെ ഫോട്ടോ കോപ്പികൾ. (റേഷൻ കാർഡ്, ആധാർകാർഡ്, ലൈസൻസ്, ഇൻഷ്വറൻസ് രേഖകൾ, പാസ്പോർട്ട്, ഇലക്ഷൻ തിരിച്ചറിയൽ രേഖ മുതലായവ) ഇവ വെള്ളം കടക്കാത്ത ഒരു കൂടിലിട്ട് സൂക്ഷിക്കുക.
പെൻസിൽ, കടലാസ്, ചെറിയ കത്തി, വിസിൽ.
വീടിന്റെയും വാഹനത്തിന്റെയും സ്പെയർ താക്കോലുകൾ.
യാത്രയിൽ കരുതേണ്ട അവശ്യവസ്തുക്കൾ
യാത്രയ്ക്കാവശ്യമായ വസ്ത്രങ്ങൾ (മഴക്കോട്ട്, കുട, പുതപ്പ് മുതലായവ)
തിന്നാൻ പാകത്തിലുള്ള ആഹാരം, കുടിവെള്ളം, ചൂട് വെള്ളം (ഫ്ലാസ്കിൽ)
കയ്യില്‍ പണമില്ലങ്കിലും വിശക്കുന്നവന്റെ വയര്‍ നിറയ്ക്കുന്നൊരു ഹോട്ടല്‍ കേരളത്തില്‍ തുറന്നിരിക്കുകയാണ്. ദേശീയ പാതയോരത്ത് ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ഈ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവർക്ക് ഇവിടെ വന്നാൽ ഊണു ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ ബില്ലോ കാഷ്യറോ നിങ്ങളെ കാത്തിരിപ്പുണ്ടാവില്ല. ഓരോരുത്തരുടെയും മനസ്സാക്ഷിയാണ് ഇവിടുത്തെ കാഷ്യര്‍.
ജനകീയ ഭക്ഷണശാല, ആലപ്പുഴ
വിശപ്പ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ലോകമാകെ ഓര്‍മ്മിക്കപ്പെടുന്ന പേര് ജീന്‍വാല്‍ ജീനിന്റേതായിരിക്കും. (ഷോങ്വെല് ഷ്യോന് എന്ന് ഫ്രഞ്ച് ഉച്ഛാരണം) സഹോദരിയുടെ മക്കളുടെ വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചതിനു തടവിലാവുകയും പിന്നീട് മാനസാന്തരപ്പെട്ട് മറ്റൊരു ജീവിതം നയിക്കുകയും ഒരു നഗരത്തിന്റെ പിതാവും പരിവര്‍ത്തകനും ഫാക്ടറി ഉടമയും സര്‍വ്വോപരി മനുഷ്യ സ്നേഹത്തിന്റെ മകുടോദാഹരണവും ആയിത്തീര്‍ന്ന, ഒടുവില്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവത്യാഗം ചെയ്ത ജീന്‍ വാല് ജീന്‍.
വിശപ്പ് എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിനെ വേട്ടയാടുന്ന ഒരു ബാല്യകാല ചിത്രമുണ്ട്. വിശപ്പ് സഹിക്കാതെ ഉച്ചനേരത്ത് ഉപ്പ് കട്ട് തിന്നിരുന്ന കൂട്ടുകാരന്റേതാണ്.
ഞാന്‍ പഠിച്ച മണ്‍റോതുരുത്ത് ശങ്കുരുത്തില് വി.എസ്.യു.പി. സ്കൂളിലെ സഹപാഠിയും എന്റെ അയല്ക്കാരനുമായിരുന്ന ശിവ (അവനെ അങ്ങനെ വിളിക്കാം). ഒരു ദിവസം സ്കൂളിനടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന് കയ്യിലെ ചെറിയ പൊതിയില്‍ നിന്നും എന്തോ ഒളിച്ചുകഴിക്കുന്ന ശിവയെ ഞാന്‍ കണ്ടുപിടിച്ചു. നാരങ്ങാ മിഠായിയോ, ഉപ്പിലിട്ട മാങ്ങയോ, ചാമ്പങ്ങയോ മറ്റോ ആകും എന്നാണ് ഞാന്‍ കരുതിയത്. കൂട്ടൂകാര്‍ക്ക് കൊടുക്കാതെ ഒറ്റയ്ക്ക് കഴിക്കാനുള്ള സൂത്രം. എത്ര നിര്‍ബന്ധിച്ചിട്ടും പൊതിയിലെന്താണെന്ന് അവന് പറഞ്ഞില്ല. ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു മുന്നില്‍ അവന് പൊതിയഴിച്ചപ്പോള്‍ ഞാന്‍ ഞെട്ടി. ഒരു പൊതി കല്ലുപ്പ് … അവന് കല്ലുപ്പ് തിന്നുകയാണ്!
അന്നൊക്കെ ആളുകള്‍ പണം കൊടുത്ത് ഉപ്പ് വാങ്ങാറില്ലായിരുന്നു. എല്ലാ പലവ്യഞ്ജന കടകളുടേയും മുന്നില്‍ ഒരു മരപ്പെട്ടിയില്‍ പരലുപ്പ് വച്ചിരിക്കും. സാധനം വാങ്ങുന്നവര്‍ക്ക് ആവശ്യമുള്ള ഉപ്പ് സൗജന്യമായി എടുക്കാം. ഈ മരപ്പെട്ടി പൂട്ടി വയ്ക്കാറില്ല, ശിവ അവിടെ നിന്നും ഉപ്പ് മോഷ്ടിച്ചു കൊണ്ടുവന്ന് തിന്നുകയാണ്. (അന്ന് യു.പി. സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടി ഉണ്ടിയിരുന്നില്ല.)
“ഉച്ചയാകുമ്പോള്‍ വയറ് കത്തും. ഉപ്പ് തിന്ന് കുറച്ച് പൈപ്പ് വെള്ളവും കുടിച്ചാല്‍ നല്ല ആശ്വാസം കിട്ടും. നീ തിന്നു നോക്കിയേ…”
അവന് ഒരു പിടി ഉപ്പ് എന്റെ കയ്യില്‍ വച്ചു തന്നു. ഞാനത് വായിലിട്ട് അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞു.
നീറുന്ന ഒരോര്‍മ്മയാണ് ആ കൂട്ടുകാരന് ….
ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല – ഒരു അതുല്യമാതൃക
ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു: ‘വിശപ്പ് ഒരു വികാരമാണ്’. ഒരു പക്ഷേ, മറ്റെല്ലാത്തിനും മേല്‍ സ്ഥായിയായ വികാരം. അതിനുമുന്നില്‍ നമ്മള് ശരിതെറ്റുകളും വിവേകവും ഒക്കെ നഷ്ടപ്പെടുത്തിയെന്ന് വരും. ഒരു മുഴു ഭ്രാന്തന് പോലും വിശപ്പെന്ന വികാരം തിരിച്ചറിയും.
കയ്യില്‍ പണമില്ലങ്കിലും വിശക്കുന്നവന്റെ വയര്‍ നിറയ്ക്കുന്നൊരു ഹോട്ടല്‍ കേരളത്തില്‍ തുറന്നിരിക്കുകയാണ്. ദേശീയ പാതയോരത്ത് ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ഈ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവർക്ക് ഇവിടെ വന്നാൽ ഊണു ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ ബില്ലോ കാഷ്യറോ നിങ്ങളെ കാത്തിരിപ്പുണ്ടാവില്ല. ഓരോരുത്തരുടെയും മനസ്സാക്ഷിയാണ് ഇവിടുത്തെ കാഷ്യര്‍. കൗണ്ടറില്‍ ഒരു ബോക്സ് ഉണ്ടാവും. ഉള്ളറിഞ്ഞ് ഇഷ്ടമുള്ളത് ഇടാം. ഒന്നും ഇടാന്‍ വകയില്ലാത്തവര്‍ക്കും നിറഞ്ഞ സംതൃപ്തിയോടെ സന്തോഷത്തോടെ മടങ്ങാം. ഈ നിലയിലാവും ഭക്ഷണശാല പ്രവര്‍ത്തിക്കുക. ഓരോരുത്തർക്കും അവരുടെ ആവശ്യത്തിന് കഴിക്കുക, ഓരോരുത്തരും അവരുടെ കഴിവ് അനുസരിച്ച് നൽകുക എന്നതാണ് ആദര്‍ശം. ഇനി ഇങ്ങനെ ലഭിക്കുന്ന പണം മിച്ചമുണ്ടെങ്കില്‍, അത് ചുറ്റുമുള്ള പഞ്ചായത്തുകളിലെ അശരണര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഉപയോഗിക്കും.
ഭക്ഷണഹാള്‍
ആലപ്പുഴയിലെ സന്നദ്ധ സംഘമായ സ്നേഹജാലകമാണ് ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. മാർച്ച് 3 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് ഭക്ഷണശാല തുറന്നു. ഈ ആശയത്തെ പിന്തുണയ്ക്കുന്നവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാണ് ഭക്ഷണശാലയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കലാസാംസ്കാരികരംഗത്തെ പ്രമുഖരും സാന്ത്വന പ്രവർത്തകരും പങ്കാളികളായി.
This slideshow requires JavaScript.
2000- ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണ്‍ സംവിധാനം പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്. ഐ ആര് ടി സി യുടെ സഹായത്തോടെ ഏറ്റവും കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്ക്കരണ സംവിധാനവും ഏറ്റവും ആധുനികമായ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും 6 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടുനിലകളുള്ള ഭക്ഷണശാലയില്‍ താഴെ സ്റ്റീം കിച്ചണും മുകളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും, ഭക്ഷണം മുകളില്‍ എത്തിക്കാന്‍ ലിഫ്റ്റ് സംവിധാനവുമുണ്ട്. കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് ഈ സജ്ജീകരണങ്ങൾക്കുള്ള പണം കണ്ടെത്തിയത്.
അടുക്കള
ഭക്ഷണശാലയുടെ ചുവരുകളിൽ പാതിരപ്പള്ളി ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പിലെ ചിത്രകാരന്മാര് വരച്ച രേഖാചിത്രങ്ങളാണ്. സ്നേഹജാലകം പ്രവര്ത്തകന് കൂടിയായ സവിന്ചന്ദ്രയാണ് ഭക്ഷണശാലയുടെ രൂപകല്പനയും നിര്‍മ്മാണമേല്‍നോട്ടവും നിര്‍വ്വഹിച്ചിട്ടുള്ളത്.
സ്നേഹജാലകം പ്രവര്‍ത്തകന്‍കൂടിയായ എ. രാജു, വെളിയില്‍ ആണ് ഭക്ഷണശാല നിര്‍മ്മിക്കുന്നതിനായി ദേശീയപാതയോരത്ത് സ്ഥലം വിട്ടുനല്‍കിയത്. ഭക്ഷണശാലയോട് ചേര്‍ന്ന് സജീവന് എന്നയാള്‍ തന്റെ രണ്ടരയേക്കര്‍ പുരയിടം ഭക്ഷണശാലയ്ക്കാവശ്യമായ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനായി വിട്ടുനല്‍കി. ഇവിടെ ജൈവകൃഷിത്തോട്ടം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൃഷിത്തോട്ടം സന്ദര്‍ശിക്കാനും പച്ചക്കറികള്‍ വാങ്ങാനും ഉള്ള സൗകര്യവുമുണ്ട്.
കൃഷിത്തോട്ടം
പ്രദേശത്തെ വീടുകളിലെ ആഘോഷങ്ങളിലും സ്മരണദിനങ്ങളിലും ഭക്ഷണം സ്പോണ്സര് ചെയ്യുന്നതിനുള്ള സന്നദ്ധതാഫോറം പൂരിപ്പിച്ചുവാങ്ങി ആ പണം സമാഹരിച്ച് ഭക്ഷണശാലയുടെ ദൈനംദിന പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുമെന്നാണ് ഇതിന്റെ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനകംതന്നെ സ്നേഹജാലകം പ്രദേശത്തെ 10 വാര്‍ഡുകളില്‍നിന്നായി ഇരുപത്തിരണ്ട് ലക്ഷത്തി എഴുപത്താറായിരം രൂപയ്ക്കുള്ള 1576 സന്നദ്ധതാഫോറം ഫെബ്രുവരി 4 ന് വാര്‍ഡുകളില്‍ ചെന്ന് നേരിട്ട് ഏറ്റുവാങ്ങിക്കഴിഞ്ഞു.
സ്നേഹജാലകം – ആലപ്പുഴയിലെ സാന്ത്വനപരിചരണ പദ്ധതി
സാന്ത്വന പരിചരണരംഗത്ത് ആലപ്പുഴയില്‍ നടന്നുവരുന്ന വേറിട്ട ജനകീയ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത് സ്നേഹജാലകമാണ്. രോഗനിര്ണ്ണയരംഗത്തെ കഴുത്തറുപ്പന്‍ പ്രവണതകളെ പ്രതിരോധിക്കാന്‍ മൂന്നിലൊന്ന് ഫീസ് മാത്രം സ്വീകരിച്ചുകൊണ്ട് 4 വര്ഷംമുന്പ് ചെട്ടികാട് ആശുപത്രിക്ക് സമീപം സ്നേഹജാലകം ‘ജനകീയ ലബോറട്ടറി’ ആരംഭിച്ചു. ഇപ്പോൾ പി. കൃഷ്ണപിള്ള സ്മാരകട്രസ്റ്റിന്റെ നേതൃത്വത്തില്‍ മണ്ണഞ്ചേരിയിലും എസ്. ദാമോദരന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോമളപുരത്തും ജനകീയ ലാബുകളുണ്ട്.
സ്നേഹജാലകം ഒരു വർഷത്തിനു മുമ്പാണ് വിശപ്പുരഹിത ഗ്രാമം പരിപാടിയ്ക്കു തുടക്കം കുറിച്ചത്. തുടർന്ന് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റും കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള പ്രവർത്തനം ഏറ്റെടുത്തു. കഴിഞ്ഞ 3 മാസമായി മണ്ണഞ്ചേരി പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ അടുക്കളയില്‍നിന്നും മാരാരിക്കുളം തെക്ക്, മുഹമ്മ, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലായി 400 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷണം എത്തിക്കുന്നുണ്ട്.
ജനകീയ ഭക്ഷണശാല ആരംഭിക്കുന്നതോടെ ആലപ്പുഴ പട്ടണത്തിലെയും മാരാരിക്കുളം തെക്ക്-വടക്ക് ഗ്രാമപഞ്ചായത്തുകളിലെയും ഭക്ഷണം കഴിക്കാന്‍ നിര്‍വ്വാഹമില്ലാത്ത 400 വീടുകളില്‍ ജനകീയ ഭക്ഷണശാലയില്‍നിന്ന് ആഹാരം എത്തിച്ചുനല്കാന് കഴിയും. ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ അഗതികളായ പാലിയേറ്റീവ് രോഗികളും ഇതില്‍ ഉള്‍പ്പെടും. കേവലം ഭക്ഷണം കിടപ്പുരോഗികൾക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, ഭക്ഷണം എത്തിച്ചുകൊടുക്കുന്നവർ മുഖേന രോഗവിവരങ്ങൾ മൊബൈൽ ആപ്പുവഴി ഡോക്ടർക്ക് എത്തിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിയേറ്റീവ് സംഘടനയുടെ പ്രവർത്തകർ നടപ്പാക്കുകയും ചെയ്യും. ഭക്ഷണം എത്തിക്കുന്നത് സമഗ്ര സാന്ത്വനപരിചരണത്തിന്റെ ഭാഗമായിട്ടാണ്.
സ്നേഹജാലകം പ്രവര്‍ത്തകര്‍ ഡോ. ഐസകിനൊപ്പം.
അടുത്ത ദിവസങ്ങളിൽ ഇതുപോലുള്ള ഭക്ഷണശാലകൾ മാരാരിക്കുളത്ത് മറ്റു ചില കേന്ദ്രങ്ങളിലും ആലപ്പുഴ പട്ടണത്തിലും ആരംഭിക്കാനാവും. 2010ലെ ബജറ്റു മുതൽ വിശപ്പുരഹിത പദ്ധതി പലവട്ടം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതാദ്യമായി പ്രായോഗികതലത്തിൽ ആവിഷ്കരിക്കപ്പെടുന്നത് ആലപ്പുഴയിലാണ്. മണ്ഡലത്തിലെ എം.എല്‍.എ. കൂടിയായ ഡോ. തോമസ് ഐസക് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തണലായി കൂടെയുണ്ട്. ഈ മാതൃക കേരളമെമ്പാടും വ്യാപിപ്പിക്കുമെന്ന് 2018-19ലെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
നന്മയുടെ വഴികള്‍ അടഞ്ഞിട്ടില്ല എന്ന് ആലപ്പുഴയിലെ സ്നേഹജാലകം പ്രവര്‍ത്തകര്‍ ലോകത്തിന് കാണിച്ചുതരുന്നു.
2018 ജനുവരി 31. സൂപ്പര്‍ ബ്ലൂ മൂണ്‍ ചന്ദ്രഗ്രഹണം. ചന്ദ്രന് രക്തചന്ദ്രനാകുന്ന അപൂര്‍വ്വമായ ആകാശക്കാഴ്ച. ദിവസങ്ങളുടെ കാത്തിരിപ്പ് തീരാന്‍ പോവുകയാണ്…
വൈകിട്ട് 6.30 മുതല്‍ ഞങ്ങള്‍ തിരുവനന്തപുരം വിഴിഞ്ഞം ഹാര്‍ബറിനടുത്ത് രക്തചന്ദ്രനെ പ്രതീക്ഷിച്ച് കാത്തുനിന്നു. ഞാന്‍ താമസിക്കുന്ന ക്വാട്ടേഴ്സിനടുത്ത് നിന്നും ഒരു കിലോ മീറ്റര്‍ മാറിയാണ് ഹാര്‍ബര്‍. ക്വാട്ടേഴിനടുത്ത് മരങ്ങളുടെ തടസ്സം കാരണം കിഴക്കേ ചക്രവാളം കാണാന്‍ കഴിയില്ല. ടെറസ്സില്‍ നിന്നാലും തുടക്കത്തിലെ ദൃശ്യങ്ങള്‍ നഷ്ടമാകും.
എന്റെ കൂടെ സുഹൃത്ത് ഇജാസ്, ഭാര്യ വിദ്യ, മക്കളായ കാളിന്ദിയും കാവേരിയും. പാറപ്പുറം പള്ളിയ്ക്ക് സമീപം പോര്‍ട്ടിന്റെ ബല്ലാര്‍ഡ് സ്ഥിതിചെയ്യുന്ന സ്ഥലം കടലിലേക്ക് തള്ളിനില്കുന്ന ഒരു മുനമ്പാണ്. അവിടെ നിന്ന് നോക്കിയാല്‍ കിഴക്കേ ചക്രവാളം കുറെയേറെ വ്യക്തമായി കാണാം.
ഞങ്ങളുടെ പ്രധാന ലക്ഷ്യം രക്തചന്ദ്രന്റെ ഫോട്ടോ എടുക്കുകയാണ്.
പക്ഷേ സന്ധ്യയായപ്പോള്‍ മുതല്‍ തന്നെ ചക്രവാളം മേഘാവൃതം … മാത്രമല്ല കിഴക്ക് രക്തചന്ദ്രനെ പോയിട്ട് തവിട്ട് ചന്ദ്രനെ പോലും കാണാനില്ല … പിന്നെയും കാത്തിരിപ്പ് … സമയം 7.10 … അല്പാല്പമായി രക്തചന്ദ്രന്‍ ദൃശ്യമായിതുടങ്ങി … പക്ഷേ വെളിച്ചം തീരെ കുറവ് …വളരെ മങ്ങി മങ്ങി … ഫോട്ടോ ഒന്നും ശരിയാി കിട്ടുന്നില്ല …
ഏഴേ മുക്കാലോടെ പൂര്‍ണ്ണ ഗ്രഹണം അവസാനിക്കും. അത് കഴിഞ്ഞാല്‍ പിന്നെ രക്തചന്ദ്രനെ കാണാന്‍ കഴിയില്ല. ചന്ദ്രന് ഭൂമിയുടെ നിഴലില്‍ നിന്നും അല്പാല്പമായി പുറത്ത് കടക്കാന്‍ തുടങ്ങുന്നതോടെ ചന്ദ്രന് പ്രകാശിതമായിതുടങ്ങും. അതോടെ ഗ്രഹണഭാഗത്തിന്റെ ചുവപ്പും കുറയും. ഹാര്‍ബറിനപ്പുറം വിഴിഞ്ഞം പട്ടണമാണ്. അവിടെനിന്നുള്ള പ്രകാശ മലിനീകരണവും വ്യക്തമായ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഞങ്ങള്‍ ക്വാട്ടേഴ്സിന്റെ ടെറസ്സില്‍ നിന്ന് ഗ്രഹണം കാണാന്‍ തിരുമാനിച്ച് തിരികെ വന്നു. അപ്പോഴേക്കും ടെറസ്സില്‍ നിന്നം കാണാവുന്ന ഉയരത്തില്‍ ചന്ദ്രന് എത്തിയിരുന്നു. ഭംഗിയായി രക്തചന്ദ്രനെ കാണാം. കുട്ടികള്‍ ബൈനോകുലറിലൂടെ കാഴ്ച കണ്ട് ആര്‍ത്ത് വിളിക്കുന്നുണ്ടായിരുന്നു.
ഞാന്‍ ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും പക്ഷേ പൂര്‍ണ്ണ ഗ്രഹണം അവസാനിക്കാറായിരുന്നു. രക്തചന്ദ്രബിമബത്തിന്റെ താഴെ നിന്നും വെളിച്ചം ദൃശ്യമായിത്തുടങ്ങുന്നു.
പെട്ടന്ന് തന്നെ കുറച്ച് ക്ലിക്കുകള്‍ … വളരെ ക്ഷമ ആവശ്യമായ പണിയാണ്. ഒരു ചിത്രം മാത്രം അല്പം ഭംഗിയായി കിട്ടി. വളരെ വേഗം ചന്ദ്രന്റെ ചുവപ്പ് നഷ്ടമായി. മാത്രമല്ല, ചന്ദ്രബിംബത്തിന്റെ പ്രകാശ തീവ്രത കാരണം ഒന്നും തെളിയ൩തെയായി ….
എങ്കിലും അപൂര്‍വ്വമായ ഈ ആകാശക്കാഴ്ചക്ക് സാക്ഷിയാകാന്‍ കഴിഞ്ഞു.
2017 നെ യാത്രയാക്കാന്‍ പൊന്മുടിയിലേക്ക് ഒരു ഫാമിലി ട്രക്കിംഗ് ആകട്ടെയെന്നു് വച്ചു. മുമ്പൊരിക്കല്‍ പൊന്മുടുയില് പോയിട്ടുണ്ടെങ്കിലും ട്രക്കിംഗ് സാധിച്ചിരുന്നില്ല. ആ കുറവ് അങ്ങ് പരിഹരിക്കാമെന്നുവച്ചു. അങ്ങനെ ഞങ്ങള്‍ അഞ്ചുപേര്‍ – ഞാന്‍, വിദ്യ (ഭാര്യ), കാളിന്ദി, കാവരി (മക്കള്‍), അനൂപ് (വിദ്യയുടെ സഹോദരന്) 2017 ഡിസംബര്‍ 31ന് പൊന്മുടിയ്ക്ക് തിരിച്ചു. ചെറിയ വിവരണവും ചിത്രങ്ങളും കാണാം. Continue reading പൊന്മുടിയില് ഒരു പുതുവര്‍ഷത്തലേന്ന് …→
“തേരേ മേരേ സപനേ ….. അബ് ഏക് രംഗ് ഹേ …..”
അത് അവളുടെ പ്രിയപ്പെട്ട പാട്ടാണ്. സ്വയം അലിഞ്ഞാണ് അവള് പാടാറുള്ളത്. സാധാരണ ട്രെയിനില്‍ കാണാറുള്ള വഴിപാട് പാട്ടുകാരെപോലെയല്ല അവള്. എത്ര ഭംഗിയായാണ് പാടുന്നത് …ഇരുപത് വയസ്സിലധികം പ്രായം ഉണ്ടാകാനിടയില്ല. നീലക്കണ്ണുകളുള്ള മെലിഞ്ഞ സുന്ദരി. അവളുടെ ഒക്കത്തുള്ള കുട്ടിക്ക് കഷ്ടിച്ച് ഒന്നര വയസ്സുകാണും. ചെമ്പന്‍ മുടി നീട്ടി വളര്‍ത്തി ഓമനത്തമുള്ള കുട്ടി. മുന്നില്‍ കെട്ടിത്തൂക്കിയ ഹാര്‍മോണിയവും ഒക്കത്ത് കുട്ടിയുമായി സര്‍ക്കസ്സുകാരിയെപ്പോലെ അവള് പാട്ടുംപാടി കംപാര്‍ട്ടുമെന്റുകളിലൂടെ തെന്നിനീങ്ങി പ്പോകും. അവളെ കാണാന്‍ തുടങ്ങിയിട്ട് അധികനാളുകള്‍ ആയിട്ടില്ല. എങ്കിലും ഒരുവട്ടം അവളുടെ പാട്ടുകേള്‍ക്കുന്ന ആരും പെട്ടന്നങ്ങ് മറക്കില്ല.ട്രെയിനിലെ മുഷിപ്പന്‍ യാത്രകളില്‍ ഉണര്‍ത്തുപാട്ടുമായി അവള് വന്നപ്പോഴൊക്കെ ഞാനവള്‍ക്ക് പത്തുരൂപയെങ്കിലും നല്‍കിയിട്ടുണ്ട്. നിഷേധങ്ങള്‍ക്കും നാണയത്തുട്ടുകള്ക്കുമിടയില് പത്തുരൂപാ നോട്ട് ലഭിക്കുമ്പോള്‍ നന്ദിയുള്ള ഒരു നോട്ടം പലപ്പോഴും അവള് എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ഏതോ വടക്കന്‍ സംസ്ഥാനത്തുനിന്നും എത്തിയതാകാം. മൊത്തത്തില്‍ ഒരു രാജസ്ഥാനി പെണ്‍കുട്ടിയുടെ മട്ടുണ്ട്. ഒരിക്കല്‍ പേരു ചോദിച്ചെങ്കിലും മറുപടി തന്നില്ല.ഇന്നു ഞാന്‍ പതിവുള്ള യാത്രയല്ല പോകുന്നത്, പതിവുള്ള ട്രെയിനുമല്ല പതിവുസമയവുമല്ല. ഒളിച്ചോട്ടമാണ്. നാട്ടില്‍ നിന്നും ജീവിതത്തില്‍ നിന്നും. അതുകൊണ്ട് പതിവുകാരാരും ഇല്ല. പ്ലാറ്റ് ഫോമും ഏതാണ്ട് വിജനം. ആ ഏകാന്തതയിലാണ് പ്ലാറ്റുഫോമിന്റെ ഒരരികില്‍ അവളെ കണ്ടത്. സിമന്റ് ബഞ്ചില്‍ കുട്ടി ഉറങ്ങുന്നു. അടുത്തെത്തിയപ്പോള്‍ അവള് തലയുയര്‍ത്തി നോക്കി. പരിചയഭാവം മുഖത്തുണ്ടായിരുന്നു. വിഷാദം കരിപുരട്ടിയ മനസ്സിന് ഉണര്‍വാകാന്‍ അവളൊന്നു പാടിയിരുന്നെങ്കില്‍ എന്ന് തോന്നി.
“പാടുമോ ?”
അങ്ങനെ ചോദിക്കുന്നതിന് മടിതോന്നിയില്ല. അവള്‍ക്ക് ഭാഷ അറിയുമോ എന്നും ചിന്തിച്ചില്ല.
ഒന്നു ശങ്കിച്ചശേഷം അവള് ഹാര്‍മോണിയത്തിലൂടെ വിരലുകള്‍ ഓടിച്ചു.
“തേരേ മേരേ സപനേ അബ് ഏക് രംഗ് ഹേ ….. “
പാടിത്തുടങ്ങി. പാട്ടിലലിഞ്ഞ് ഞാനിരുന്നു. ഒന്നിനുശേഷം മറ്റൊന്ന് … അവള് പാടുകയാണ്. ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് ശ്രദ്ധിച്ചില്ല. അവളും …. പ്ലാറ്റ് ഫോമില്‍ ഒരു ട്രെയിന്‍ വന്നുനിന്നു. അവള് പാട്ടുനിര്‍ത്തി. അവളുടെ കണ്ണുകളില്‍ ഈറനുണ്ടോ ?
“പോവുകയാണ് ബാബുജി …”
അങ്ങനെയാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.
ഞാന്‍ ഒരു അഞ്ഞൂറുരൂപാ എടുത്ത് അവളുടെ നേര്‍ക്ക് നീട്ടി.
പെട്ടന്ന് അവള് പിന്നോക്കം മാറി. അറപ്പും അവജ്ഞയും ഇടകലര്‍ന്ന വികാരത്തോടെ വേണ്ട എന്ന് തലയാട്ടി.
“വലിയ നോട്ടുകള്‍ വഴിതെറ്റിക്കും ബാബുജീ …”
അവള് കുട്ടിയെയും എടുത്ത് തിരിഞ്ഞുനോക്കാതെ നീങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് കയറി.
അഞ്ഞൂറ് രൂപയുടെ നോട്ട് എന്റെ കയ്യിലിരുന്ന് വിറച്ചു.