‘വംശം’, ‘വംശശുദ്ധി’ തറവാടിത്തം, കുടുംബത്തിൽ പിറപ്പ്, കുലം എന്നിങ്ങനെ സ്വയം മഹത്വവല്ക്കരിക്കുന്നതിനുള്ള പ്രവണത കേരളീയ സമൂഹത്തിൽ വര്‍ദ്ധിച്ചുവരികയാണല്ലോ. തൊലി വെളുപ്പും ആഢ്യത്വവുമാണ് ശ്രേഷ്ഠതയ്ക്ക് ആധാരമെന്ന അധമ ചിന്ത ചിലരുടെയെങ്കലും ഉള്ളിൽ പതിഞ്ഞു കിടക്കുകയും ഇടക്കിടെ അറിയാതെ പുറത്തുചാടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ കറുത്തവര്‍ഗ്ഗക്കാരനായ ജസ്സി ഒവൻസിന്റെ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണ്.

കടപ്പാട് : Wikimedia Commons
വെളുത്തവരിൽത്തന്നെ, ജര്‍മ്മനിയിലെ ആര്യന്മാരാണ് ഏറ്റവും ഉത്കൃഷ്ടരായ മനുഷ്യര്‍ എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഏകാധിപതിയായിരുന്ന ജര്‍മ്മൻ ചാൻസലറായിരുന്ന ഹിറ്റ്ലര്‍. ജൂതന്മാര്, മറ്റു ഹീനവംശജര് എന്നിവരുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെടുന്നതുമൂലം ആര്യന്മാര്ക്ക് വംശശുദ്ധി ഇല്ലാതാകുന്നു എന്ന് ഹിറ്റ്ലര്‍ വാദിച്ചു. ‘ജൂതവിമുക്തമായ ജര്‍മ്മനി’ അതായിരുന്നു 1933-ൽ അധികാരത്തിൽ വന്ന ഹിറ്റ്ലറുടെ പ്രഥമ പരിഗണന. ജർമൻ സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുള്ള ‘സെമിറ്റിക്-വിരുദ്ധത’യെ ‘ജൂത-വിരുദ്ധത’യാക്കി മാറ്റിയെടുക്കാൻ ഹിറ്റ്ലര്‍ക്ക് സാധിച്ചു. ആര്യന്മാരുടെ വംശശുദ്ധി നിലനിര്‍ത്താനായി ജൂതന്മാരുടെ എല്ലാവിധ പൗരാവകാശങ്ങളും നിഷേധിക്കുകയും ലക്ഷക്കണക്കിന് ജൂതന്മാരെ രാജ്യത്തുനിന്നും പുറത്താക്കുകയും ചെയ്തു. ഏകദേശം 60ലക്ഷം ജൂതരെയും 57ലക്ഷം സോവിയറ്റ് വംശദരെയും ലക്ഷക്കണക്കിന് മറ്റ് വംശജരായ അനാര്യരെയും കൂട്ടക്കൊല ചെയ്തു ഹിറ്റ്ലര്‍.1

1936ലെ ഒളിമ്പിക്സിന് ആതിത്യം വഹിച്ചത് ഹിറ്റ്ലറുടെ നാസി ജര്‍മ്മനി ആയിരുന്നു. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠരായ മനുഷ്യര്‍ ജര്‍മ്മിനിയിലെ ആര്യന്മാരാണെന്ന് തെളിയിക്കാനുള്ള അവസരമായാണ് ബര്‍ലിൻ നടന്ന ഒളിമ്പിക്സിനെ ഹിറ്റ്ലര്‍ കണ്ടത്. ഒളിമ്പിക്സിലെ തിളക്കമാര്‍ന്ന വിജയങ്ങള്‍ ആര്യൻമാരുടേത് ആയിരിക്കും എന്ന് ഹിറ്റലര്‍ വീമ്പിളക്കി. ഒളിമ്പിക്സിന്റെ ഗ്ലാമര്‍ ഇനങ്ങളായ ഓട്ടം, ചാട്ടം എന്നിവയിൽ മെഡൽ മറ്റാര്‍ക്കെങ്കിലും പോകുന്നത് സഹിക്കാൻ അയാള്‍ക്കാകുമായിരുന്നില്ല.
അത്ലറ്റിക്സിൽ ജര്‍മ്മനിയുടെ പ്രഥാന എതിരാളി അമേരിക്കയുെട ജസ്സി ഓവൻസായിരുന്നു. ജെസി ഓവൻസ് ബെർലിൻ ഒളിമ്പിക്സിനെത്തുമ്പോൾ കറുത്തവംശജനായതിനാൽ ആ പ്രതിഭയെ അംഗീകരിക്കാൻ അഡോൾഫ് ഹിറ്റ്ലറും നാസികളും തയ്യാറായില്ല. എന്നാൽ, 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, ലോങ് ജംപ്, 4×100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ സ്വർണമെഡൽ നേടി ജെസി ഓവൻസ് ഒളിമ്പിക്സിന്റെ ഗ്ലാമര്‍ താരമായി.
ലോംഗ് ജമ്പിനിടെ രണ്ട് ഫൗളുകള്‍ വരുത്തി, മത്സരത്തിൽ നിന്നുതന്നെ പുറത്താകും എന്ന ഒരു ഘട്ടത്തിൽ, സ്വർണം കരസ്ഥമാക്കാൻ ഓവൻസിനെ സഹായിച്ചത് ജര്‍മ്മിനിയുടെ തന്നെ ലുസ് ലോങ്ങായിരുന്നു. ലുസ് ലോങ്ങ് നൽകിയ ആത്മവിശ്വാസവും ഉപദേശവുമാണ് അവസാന ഘട്ടത്തിൽ ഓവൻസിന് തുണയായത്. മത്സരത്തിൽ ലുസ് ലോങ്ങിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഹിറ്റ്ലറുടെ മുന്നിൽ വച്ചുതന്നെ ഓവൻസിനെ അഭിനന്ദിക്കാൻ ലുസ് ലോങ്ങ് ധൈര്യം കാട്ടി.
ഒളിമ്പിക്സ് സ്വർണങ്ങളെക്കാൾ എനിക്ക് വിലപ്പെട്ടത് ലുസ് ലോങ്ങിന്റെ സൗഹൃദമാണ് – ഓവൻസ്
തൊലിവെളുത്ത ആര്യന്മാര് സ്വര്‍ണം വാരിക്കൂട്ടുന്നതു കണ്ട് ആസ്വദിക്കാനെത്തിയ ഹിറ്റ്ലര്ക്കുമുന്നില് കറുത്തവനായ ഓവൻസ് സ്വര്‍ണം വാരിക്കൂട്ടി. അതും നാല് സ്വര്‍ണ്ണം. കറുത്തവന്റെ വിജയം അംഗീകരിക്കാന്‍ ഹിറ്റ്ലര്‍ക്ക് കഴിഞ്ഞില്ല. വിജയ പീഠത്തില്‍ തലയുയര്‍ത്തി നിന്ന ജെസ്സി ഓവന്‍സിനെ അനുമോദിക്കാന്പോലും കൂട്ടാക്കാതെയാണ് ഹിറ്റ്ലര്‍ വേദി വിട്ടത്.
ഹിറ്റ്ലറുടെ ഹസ്തദാനത്തിനല്ല, കറുത്തവന്റെ കരുത്ത് തെളിയിക്കാനാണ് താനെത്തിയത് – ഓവൻസ്
മനസ്സിൽ വംശീയതയും പേറി ജീവിക്കുന്ന അരനാസികള് ഈ ചരിത്രമൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. തൊലിവെളുപ്പല്ല, സാമൂഹ്യ സാഹചര്യങ്ങളും അവസരങ്ങളും കഠിനപ്രയത്നവുമാണ് മനുഷ്യന്റെ വിജയത്തിനും നേട്ടങ്ങള്‍ക്കും അടിസ്ഥാനം. അവസരസമത്വം ലഭിച്ചാൽ ഏത് മനുഷ്യനും കഠിനപ്രയത്നത്തിലൂടെ ഉന്നതങ്ങളിലെത്താം. അതംഗീകരിക്കാൻ ലുസ് ലോംഗിനെ പോലെ വിശാലമായ ഒരു മനസ്സ് വേണമെന്ന് മാത്രം.
