മറ്റൊരു രാജ്യത്തേക്ക് ആദ്യമായി കാലുകുത്തുകയായിരുന്നു. വിമാനത്തിൽ നിന്നും താഴേക്ക് കാലെടുത്തു കുത്തുകയാണെന്ന് കരുതരുത്, ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് അതിര്‍ത്തി മുറിച്ചുകടക്കുകയാണ്.
“ആരാടാ നീ, എന്തു ധൈര്യമുണ്ടായിട്ടാണ് ഈ രാജ്യത്തേക്ക് കടന്നുവരുന്നത്” – എന്നൊന്നും ചോദിക്കാൻ ആരുമുണ്ടായില്ല. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. അനവധി ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നും വാഹനങ്ങളിലും യാത്രചെയ്യുന്നു.
ഇന്ത്യ-നേപ്പാൾ അതിര്‍ത്തിയായ സുനൗലിയിൽ 2018 ഏപ്രിൽ 10-നാണ് ഞാൻ എത്തുന്നത്. വായിച്ചും കേട്ടറിഞ്ഞും നേപ്പാൾ യാത്രക്ക് തയ്യാറായി എത്തിയതാണ്. ഇന്ത്യൻ പൗരന്, പൗരത്വം തെളിയിക്കുന്ന രേഖ മാത്രം ഹാജരാക്കിയാൽ മറ്റ് അനുമതി പത്രങ്ങളൊന്നും ഇല്ലാതെ തന്നെ നേപ്പാളിൽ യാത്രചെയ്യാൻ സാധിക്കും എന്നു മാത്രമാണ് ഇക്കാര്യത്തിൽ മനസ്സിലാക്കാൻ സാധിച്ചിരുന്നത്. നേപ്പാളിൽ യാത്രചെയ്ത ആരുമായും മുൻ പരിചയം ഇല്ലാതിരുന്നതിനാൽ യാത്ര എങ്ങനെ പ്ലാൻ ചെയ്യണം എന്നൊന്നും മുന്നറിവുണ്ടായിരുന്നില്ല. നേപ്പാളിൽ യാത്രചെയ്തതായി അറിവുള്ള ഏക വ്യക്തി യോദ്ധായിലെ അശോകേട്ടനാണ്.
ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും കയ്യിലുണ്ടായിരുന്നു. ഒരു വലിയ ബാഗിൽ അത്യാവശ്യം വസ്ത്രങ്ങൾ, ക്യാമറ, ട്രിപ്പോഡ് എന്നിവയായിരുന്നു ലഗ്ഗേജ്. ഞാൻ നടന്നു നടന്നു നേപ്പാളിൽ കയറിക്കഴിഞ്ഞു. നുഴഞ്ഞുകയറ്റക്കാരനെന്നു പറഞ്ഞ് വെടിവെപ്പുണ്ടാകുമോ? ഇനിയെന്തു് നടപടിക്രമം പാലിക്കണം എന്ന സംശയത്തിലായിരുന്നു ഞാൻ.
മുന്നു ദിവസം മുമ്പ്, അതായത് ഏപ്രിൽ 7ന് എറണാകുളത്തുനിന്നുമാണ് യാത്ര ആരംഭിച്ചത്. മംഗള എക്സ്പ്രസ്സിൽ സ്ലീപ്പര്‍ കോച്ചിൽ യാത്രചെയ്ത് 9-ാം തീയതി രാവിലെ ഉത്തര്‍ പ്രദേശിലെ ഝാൻസി സ്റ്റേഷനിൽ ഇറങ്ങി. ഉത്തര്‍പ്രദേശിലെ ഒരു തെക്കുപടിഞ്ഞാറൻ പട്ടണമാണ് ഝാൻസി. നമ്മുടെ വീരവനിതയായ ഝാൻസി റാണിയുടെ നാട്. നേപ്പാൾ അതിര്‍ത്തിക്കടുത്തുള്ള പട്ടണമായ ഗോരഖ്പൂരിലേക്ക് ഇവിടെ നിന്നും ട്രെയിൻ ലഭിക്കും. മറ്റൊരു മാര്‍ഗ്ഗം ഡെൽഹിയിലെത്തി, ഗോരഖ്പൂരിന് ട്രെയിൻ പിടിക്കുക എന്നതാണ്. വിമാന മാര്‍ഗ്ഗം ഡൽഹിയിൽ നിന്നും കാഠ്മണ്ടുവിൽ എത്താമെങ്കിലും കരമാര്‍ഗ്ഗം യാത്രചെയ്യുന്നതിനാണ് ഞാൻ തീരുമാനിച്ചിരുന്നത്. (പണലാഭം ചെറിയ കാര്യമല്ലല്ലോ.)
ബുക്ക് ചെയ്ത ട്രെയിൻ വൈകിട്ടാണുള്ളത്. രണ്ടു ദിവസത്തെ ട്രെയിൻ യാത്രയുടെ ക്ഷീണം മാറ്റാൻ, റെയിൽവേയുടെ തന്നെ വിശ്രമമുറിയി ഉപയോഗപ്പെടുത്തി. ബുക്ക് ചെയ്തിരുന്നെങ്കിലും സീറ്റ് കിട്ടിയില്ല, വെയിറ്റിംഗ് ലിസ്റ്റായിരുന്നു. രാത്രി പത്തോടെ എത്തിയ ഒരു ട്രെയിനിൽ അതിനാൽ ലോക്കൽ കോച്ചിലായിരുന്നു ഗോരഖ്പൂരിലേക്കുള്ള യാത്ര. അതൊരു സുഖമില്ലാത്ത യാത്രയായിരുന്നു. മുകളിലെ ലഗ്ഗേജ് ബര്‍ത്തിൽ ഇരിക്കാൻ സീറ്റ് കിട്ടിയെങ്കിലും അസാമാന്യമായ തിരക്കായിരുന്നു. 500-ൽ അധികം കിലോമീറ്റര്‍ ദൂരമുണ്ട് ഝാൻസിയിൽ നിന്നും ഗോരഖ്പൂരിലേക്ക്, 10 മണിക്കൂറിലധികം സമയം എടുക്കും.
പുലര്‍കാലമായപ്പോഴേക്കും തിരക്കൊഴിഞ്ഞു. രണ്ടു മണിക്കൂറോളം കിടന്നുറങ്ങാൻ സാധിച്ചു. ഒമ്പത് മണിയോടെ വണ്ടി ഗോരഖ്പൂര്‍ സ്റ്റേഷനിൽ എത്തി. പുരാതനമായ റെയിൽവേസ്റ്റേഷനാണ്, അതിന്റേതായ വൃത്തിക്കുറവും ഉണ്ട്. പ്രഭാതകൃത്യങ്ങളൊക്കെ റിയിൽവേ സ്റ്റേഷനിൽ തന്നെ കഴിച്ചു. റെയിൽവേ കാന്റീനിൽ നിന്നും പ്രഭാത ഭക്ഷണവും കഴിച്ച് പുറത്തിറങ്ങി. നേപ്പാൾ അതിർത്തിയായ സുനൗലിയിലേക്ക് പോകാൻ അടുത്തുള്ള ബസ്സ്റ്റാന്റിൽ നിന്നും ബസ്സ് കിട്ടും. ബസ്സ് മൂന്നു മണിക്കൂര്‍ വരെ എടുക്കും, ഒരാൾക്ക് 500 രൂപയാകും. ആലോചിച്ചു നിൽക്കെ ഒരു ടാക്സിഡ്രൈവര്‍ എത്തി, ഒരു സീറ്റ് കാലിയുണ്ട്, വരുന്നോ എന്ന് അന്വേഷിച്ചു. (കെട്ടും മട്ടുമൊക്കെ കാണുമ്പോൾ തന്നെ നമ്മളെ അവര്‍ മനസ്സിലാക്കും.) മടിച്ചു നിൽക്കെ, 300 രൂപ തന്നാൽ മതിയെന്ന് അയാൾ പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല, ബാഗ് ടാക്സിക്കു മുകളിൽ കെട്ടിവച്ച് ഞാനും കയറി. മൂന്നു പേരടങ്ങിയ ഒരു കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.
സുനൗലി പട്ടണം
റോഡ് അത്ര സുഖകരമായിരുന്നില്ല. പൊടി പറക്കുന്ന റോലിലൂടെ ധാരാളം ട്രക്കുകൾ ഇരുഭാഗത്തേക്കും പൊയ്ക്കൊണ്ടിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ സുനൗലിക്കടുത്ത് എത്തിയെങ്കിലും ചെക്ക് പോസ്റ്റിൽ പരിശോധനക്ക് കാത്തുകിടക്കുന്ന നൂറുകണക്കിന് വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്റര്‍ മുമ്പേ തന്നെ കാണപ്പെട്ടു. 12 മണിയോടെ ഡ്രൈവര്‍ ഞങ്ങളെ ഒരു ജംഗ്ഷനിൽ ഇറക്കി. അവിടെ നിന്നും കുറച്ചു മുന്നിലായാണ് ചെക്ക് പോസ്റ്റ്. അതു കടന്നാൽ നേപ്പാളായി.
സുനൗലിയിലെ ഇന്ത്യൻ ഗേറ്റ്
ഒരു സൈക്കിൾ റിക്ഷയിൽ കയറി അതിര്‍ത്തിയിലെത്തി. റിക്ഷ അവിടെ വരയേ ഉള്ളൂ. മുന്നോട്ടു നോക്കിയപ്പോൾ ഒരു വലിയ കമാനം കാണപ്പെട്ടു. ഇന്ത്യൻ പതാകയുടെ നിറങ്ങൾ പൂശിയ ആ കമാനം, ഇന്ത്യയുടെ അതിര് സൂചിപ്പിക്കുന്ന വാതിലാണ്. ഇടുങ്ങിയ ആ വഴിയിലൂടെ നുറുകണക്കിന് ചരക്കു വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഞാൻ ആ ദിക്കിലേക്ക് നടന്നു. റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. ഇന്ത്യൻ കമാനം കടന്നു മുന്നോട്ടു പോകുമ്പോൾ, തൊട്ടടുത്ത് മുന്നിലായി നേപ്പാളിലേക്ക് സ്വാഗതം എന്നെഴുതിയ ഗേറ്റും കാണായി. രണ്ടു ഗേറ്റിനും മദ്ധ്യത്തായി “അതിര്‍ത്തി ഇവിടെ അവസാനിക്കുന്നു” എന്ന ഒരു ബോഡും കാണാം.
നേപ്പാളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡ്.
അധികം ഭംഗിയൊന്നുമില്ലാത്ത പഴയ ഒരു സ്വാഗത കവാടമാണ് നേപ്പാളിലേക്ക് സ്വാഗതം ചെയ്തത്. അവിടെ ഏതെങ്കിലും തരത്തിലുള്ള പരിശോധകരെയോ പോലീസിനെയോ ഒന്നും കണ്ടില്ല. രണ്ടു രാജ്യങ്ങള്‍ തമ്മിൽ ആ രണ്ടു ഗേറ്റുകൾ നൽകുന്ന സൂചന ഒഴിച്ചാൽ, വേര്‍തിരിക്കുന്നതായി ഒന്നുമില്ല. ഞാൻ നടന്നു നടന്ന് നേപ്പാൾ ഗേറ്റ് മറികടകടന്ന് നേപ്പാൾ രാജ്യത്ത് കാലുകുത്തി നിന്നു.
അങ്ങനെ ഞാന്‍ ആര്യങ്കാവ് ചുരത്തില്‍ നില്‍ക്കുകയാണ്. കേരളത്തിനും തമിഴ്നാടിനുമിടയില്, ഒരു ബൈക്കില്‍. തിരികെ വീട്ടിലേക്ക് പോകണോ, അതോ ലക്ഷ്യമായ ധനുഷ്കോടിക്ക് പോകണോ? തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നില്ല.
ഞാനിപ്പോള്‍ എവിടൊണെന്ന്, ഞാനല്ലാതെ എന്നെ അറിയുന്ന മറ്റാര്‍ക്കും അറിയില്ല എന്ന കാര്യം അല്പം ഭീതിയോടെയാണ് ഓര്‍ത്തത്.
നമ്മള് ജീവിതത്തിന്റെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഇവിടെ ഫോണ്‍ എ ഫ്രണ്ടോ ഓഡിയന്‍സോ ഒന്നും സഹായത്തിനില്ല. തീരുമാനം നമ്മള്‍തന്നെ എടുക്കണം.
ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടു. യാത്രമതിയാക്കി തിരിച്ചു പോയാലും ആരും അറിയില്ല. പിന്നീട് ഒരു തമാശയായി ആരോടെങ്കിലും പറയാം.
പക്ഷേ, ഒരു തീരുമാനം വിജയിപ്പിക്കാനാകാതെ മടങ്ങുന്നത് നമ്മളുടെ ആത്മവിശ്വാസത്തെ തകര്‍ക്കും. നമ്മള് ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടു. അതില്‍ വിജയിക്കണമോ വേണ്ടയോ എന്നത് നമ്മളെ മാത്രം ആശ്രയിച്ചിരിക്കുകയാണ്. ഒരു പക്ഷേ ജീവിതത്തില്‍ ഇനിയൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒന്ന്. നമ്മളുടെ വളരെ നാളത്തെ ആഗ്രഹം – ചെറിയ ഒരു തീരുമാനത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കും. അത് നമുക്ക് എന്നും അഭിമാനിക്കാന്‍ വകനല്കും. ഇപ്പോഴല്ലങ്കില്‍ പിന്നൊരിക്കലും കഴിഞ്ഞെന്നു വരികില്ല.
നല്ല തണുത്ത കാറ്റ് വിശുന്നുണ്ടായിരുന്നു.
സംസ്ഥാനാന്തര് പാതയായിരുന്നിട്ടും വാഹനങ്ങള്‍ തീരെ കുറവ്. ഓഫീസില്‍
നിന്നും സഹപ്രവര്ത്തകന് മനോജിന്റെ ഫോണ്‍ വന്നു. ഓഫീസ് സംബന്ധമായി ചില
കാര്യങ്ങള്‍ അന്വേഷിക്കാനാണ്. വിദ്യയെ വിളിക്കാന്‍ തോന്നി.
“എന്തേ?”
“ഞാന്‍ ബൈക്കില്‍ ഒന്ന് കറങ്ങാന്‍ പോയിരിക്കുകയാണ്.”
“എപ്പോ വരും?”
“വൈകിട്ട് വിളിക്കാം.”
“ശരി.”
ഒരു സമാധാനം കിട്ടി. തണുത്ത കാറ്റ് ശരീരത്തില്‍ മാത്രമല്ല, മനസ്സിനെയും തഴുകി വീശി. എല്ലാ വലിയ യാത്രയുടെയും തുടക്കം ഒരു ചെറിയ കാല്‍വയ്പാണ്. പോവുക തന്നെ.
പക്ഷേ അതിന് മുമ്പ് യാത്ര ഒന്നുകൂടെ ആസൂത്രണം ചെയ്യണം. ഗൂഗിള്‍ മാപ്പ് തുറന്നു. ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്നും തൂത്തുക്കുടിയിലേക്ക് 131 കിലോ മീറ്റര്‍ ദൂരമേയുള്ളു. മണിക്കൂറില്‍ 45 കി.മീ. വേഗതയില്‍ പോയാല്‍ പോലും 4 മണിക്കൂര്‍ കൊണ്ട് എത്താം. തൂത്തുക്കുടിയില്‍ വിശ്രമിച്ച് പുലര്‍ച്ചെ ധനുഷ്കോടിക്ക് പുറപ്പെടാം. തൂത്തുക്കുടി-ധനുഷ്കോടി 210 കിലോമീറ്റര്‍ 4-5 മണിക്കൂര്‍ കൊണ്ട് എത്താം. തൂത്തുക്കുടിയില്‍ നിന്നും നാളെ രാവിലെ 5ന് പുറപ്പെട്ടാല്‍ 10 മണിക്ക് മുമ്പായി ധനുഷ്കോടിയില്‍ എത്താം. ധനുഷ്കോടി രാമേശ്വരം ദ്വീപിന്റെ ഭാഗമാണ്. രാമേശ്വരവും കണ്ട് വൈകിട്ട് 4 മണിയോടെ തിരിച്ച് യാത്ര. രാത്രി 9 മണിയോടെ വീണ്ടും തൂത്തുക്കുടിയിലെത്തി വിശ്രമം. മറ്റന്നാൾ (അന്ന് ഞായറാഴ്ചയാകും) പുലര്‍ച്ചെ തൂത്തുക്കുയിയിൽ നിന്നും തിരിച്ചാല്‍ വൈകിട്ട് 5നു മുമ്പ് വിട്ടിലെത്താം.
നോക്കൂ, കാര്യങ്ങള്‍ എത്ര ലളിതമാണ്. സമാധാനമായി ആലോചിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ട്. ബാഗില്‍ നിന്നും സെല്‍ഫി സ്റ്റിക് എടുത്തു. ബൈക്കും, പശ്ചാത്തലത്തില്‍ ദൂരെ തമിഴ്നാടും കാണത്തക്കരീതിയില്‍ ഒരു സെല്‍ഫി എടുത്തു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. നേരെ ചെങ്കോട്ട, അവിടെ നിന്നും ഭക്ഷണം. ചെറിയ വിശ്രമം .. അതാണ് അടുത്ത ലക്ഷ്യം.
അങ്ങനെ നാലഞ്ച് ഹെയര്‍ പിന് വളവുകള്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ തമിഴ്നാടെത്തി. ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്കു കടക്കുമ്പോള്‍ വനപ്രദേശം വളരെ കുറവാണ്. ഹെയര്‍ പിന് വളവുകളും കുറച്ച് മാത്രമേ ഉള്ളു.
കാഴ്ചയൊക്കെ കണ്ട് വണ്ടി അങ്ങനെ നീങ്ങുകയാണ്.
മോപ്പഡ് നിറയെ സാധനങ്ങളുമായി ഒരു അണ്ണാച്ചി എന്നെ ഓവര്‍ടേക്ക് ചെയ്തു പോയി.
ഞാനും വണ്ടി വേഗത കൂട്ടി. തമിഴ്നാടിന്റെ ചെക്പോസ്റ്റെത്തി. വാഹനങ്ങള്‍
വളരെ കുറവ്. ബൈക്കിന് ചെക്കിംഗില്ല. മുന്നോട്ട്.
ജനുവരി ആയതിനാലാകണം കഠിനമായ വെയിലില്ല. ഇടക്ക് മേഘങ്ങള്‍ സൂര്യനെ മറയ്ക്കുന്നുമുണ്ട്. തമിഴ്നാട് എത്തിയപ്പോള്‍ തന്നെ ആളുകളുടെ വേഷം, വീടുകള്‍, കൃഷി, തെരുവുകള്‍ എല്ലാം വ്യത്യാസപ്പെട്ടതായി കണ്ടു. എത്രപെട്ടന്നാണ് സംസ്കാരം മാറി വരുന്നത്.
ഒരു മണിയോടെ ചെങ്കോട്ട എത്തി. ടൗണ്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രധാന റോഡ് രണ്ടായി പിരിയുന്നു. സൈന്‍ ബോര്‍ഡ് തമിഴിലാണ്. വഴി സംശയമായി. ഗൂഗിള്‍ മാപ്പ് നോക്കിയിട്ടും ഒരു സംശയം. അടുത്ത് കണ്ട ഒരാളോട് തൂത്തുക്കുടിയിലേക്കുള്ള വഴി ചോദിച്ചു.
“തെങ്കാശി വഴി പോകണം.”
ഇടത്തോട്ടു് ചൂണ്ടി അദ്ദേഹം വഴി കാട്ടിത്തന്നു. വണ്ടി ഇടത്തോട്ട് തിരിഞ്ഞു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ തന്നെ പട്ടണം കഴിഞ്ഞ് ഗ്രാമപ്രദേശത്തേക്ക് പ്രവേശിച്ചു. പ്രധാന കടകളോ ഹോട്ടലുകളോ കാണുന്നില്ല. വലിയ വിശപ്പു് തോന്നിയില്ല. ശരി, തെങ്കാശിയിൽ ചെന്ന് ഭക്ഷണം കഴിച്ച് വിശ്രമിക്കാം.
ഏതാണ്ട് 10 കിലോമീറ്റര്‍ ചെന്നുകാണും. കുറെ ചെറുപ്പക്കാര്‍, ചെണ്ടയൊക്കെ കൊട്ടി പാട്ടും മുദ്രാവാക്യം വിളികളുമൊക്കെയായി പോകുന്നു. ഏതെങ്കിലും സിനിമാ നടന്മാരുടെ ഫാന്‍സ് ക്ലബ്ബുകാരാകണം. അലങ്കരിച്ച ഒരു കാളവണ്ടിയില്‍ കുറെ പേര് ഒച്ചയും ബഹളവുമൊക്കെയായി പോകുന്നതും കണ്ടു. കുറേകൂടി ചെന്നപ്പോള്‍ ഒരു ചെറിയ മൈതാനത്ത് ഷാമിയാന പന്തലൊക്കെയിട്ട് ചെറുപ്പക്കാരും ചെറുപ്പക്കാരികളുമായി നൂറോളം പേര് ഇരിക്കുന്നു. പോലീസൊക്കെയുണ്ട്. ഒരു സ്ത്രീ പ്രസംഗിക്കുന്നുണ്ട്.
തെങ്കാശി പട്ടണത്തിലേക്ക് ഞാന്‍ പ്രവേശിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്. പ്രധാന വ്യാപാരശാലകളും ഹോട്ടലുകളും ഒക്കെ അടഞ്ഞുകിടക്കുകയാണ്.
ടൗണില്‍ എത്തിയപ്പോള്‍, ഒരു മൈതാനത്ത് വലിയ ജനക്കൂട്ടം കണ്ടു. പ്രസംഗവും മുദ്രാവാക്യവും ഒക്കെയുണ്ട്. നല്ല പങ്കു് പെണ്‍കുട്ടികളും സ്ത്രീകളുമാണ്.
ഞാന്‍ വണ്ടിയൊതുക്കി പ്രസംഗം ശ്രദ്ധിച്ചു.
“ജല്ലിക്കെട്ട് തമിഴ് മക്കളുടെ സംസ്കാരമാണ്.”
അതാണ് പ്രസംഗത്തിന്റെ കാതല്‍. പെട്ടന്നാണ് ചില വാര്‍ത്തകള്‍ ഫ്ലാഷ് ബാക്കായി മനസ്സിലേക്ക് വന്നത്. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം നടന്നുവരുന്ന വിവരം വായിച്ചിരുന്നു. അത് ഇത്രവലിയ രൂപത്തിലാണെന്ന് കരുതിയിരുന്നില്ല. അതിന്റെ ഭാഗമായാണ് കടകള്‍ അടഞ്ഞ് കിടക്കുന്നത്.
അപ്പോള്‍ ഉച്ചഭക്ഷണം? …കിട്ടില്ലേ?
ജല്ലിക്കെട്ട് നിരോധനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്.
ചെങ്കോട്ടയിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നില്ലെങ്കിലും തെങ്കാശിയില്‍ പ്രതിഷേധം ഏതാണ്ട് ബന്ദിന്റെ പ്രതീതിയിലായിരുന്നു. എവിടെയും ഹോട്ടലുകള്‍ കണ്ടില്ല. വഴിയില്‍ കൂറ്റന്‍ ഗോപുരത്തോടുകൂടിയ ക്ഷേത്രം കണ്ടു. തെങ്കാശി ക്ഷേത്രമാണ്. പോകാനോ, ചിത്രമെടുക്കാനോ മെനക്കെട്ടില്ല. എത്രയും പെട്ടന്ന് എവിടെയെങ്കിലും ഭക്ഷണം കിട്ടുന്ന സ്ഥലം കണ്ടെത്തണം. ബന്ദായതിനാലാണ് റോഡില്‍ വാഹനങ്ങള്‍ കുറവായതെന്ന് അപ്പോഴാണ് ബോധ്യമായത്.
ബന്ദ് ദിവസമാണ് ഞാന്‍ യാത്രക്ക് തെരഞ്ഞെടുത്തത്. എന്നെ സമ്മതിക്കണം. ഇതിപ്പോ നിക്കണോ, പോണോ എന്ന അവസ്ഥയിലായി ഞാന്‍.
തെങ്കാശി പട്ടണം ഇടുങ്ങിയ റോഡുകളോടുകൂടിയതാണ്. വഴിതെറ്റാതിരിക്കാന്‍ ചോദിച്ച് ചോദിച്ച് മുന്നോട്ട് പോയി. പട്ടണം അവസാനിക്കുന്നിടത്ത് ചില ചെറിയ കടകളും ഹോട്ടലുകളും തുറന്നിട്ടുണ്ട്. പക്ഷേ വൃത്തിയില്ലാത്തതിനാല്‍ അവിടെ നിന്നും ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല.
മണി 2 കഴിഞ്ഞു.
വിശ്രമിക്കാന്‍ പറ്റിയ സ്ഥലങ്ങളും കാണുന്നില്ല. കൂറച്ചുകൂടെ പോയപ്പോള്‍ ഒരു
മരത്തണലില്‍ കരിക്ക് വില്കുന്നത് കണ്ട് വണ്ടി നിര്‍ത്തി. ഒഴിഞ്ഞ സ്ഥലത്ത്
മൂത്രമൊഴിച്ചു. നടുനിവര്‍ത്തി, ചരിഞ്ഞും തിരിഞ്ഞും ചില അഭ്യാസങ്ങളൊക്കെ
കാട്ടി ശരീരത്തിന്റെ മുഷിച്ചിലകറ്റി.
“കരിക്ക് എന്ത് വില?”
“ഇരുപത് രൂപ സര്”
കൊള്ളാം, നാട്ടില്‍ മുപ്പത് രൂപയാണ്.
“ഒരെണ്ണമെടുക്ക്.”
വഴിയരികിൽ
വെള്ളമുള്ളത് വേണോ, കഴിക്കാനുള്ളത് വേണോ എന്നയാള്‍ ചോദിച്ചു. വെള്ളം മതിയെന്ന് പറഞ്ഞു. കരിക്ക് കുടിച്ച് കഴിഞ്ഞപ്പോഴാണ്, അതിനുള്ളില്‍ കാമ്പൊന്നുമില്ലന്നും, എന്തെങ്കിലും തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍ നല്ലതായിരുന്നല്ലോ എന്നും തോന്നിയത്. ഒന്നുംകൂടെ പറഞ്ഞാലോ? വേണ്ട. അടുത്ത് തന്നെ ഹോട്ടല്‍ ഏതെങ്കിലും കാണാതിരിക്കില്ല.
“ഇവിടെ എതാവത് ഹോട്ടല്‍ ഇരിക്കാ?”
“തിരുനല്‍ വേലി പോകണം സര്.”
നന്നായി. തിരുനല്‍ വേലിയെത്താന് മൂന്നരയെങ്കിലും ആകും. അതുവരെ പട്ടിണി. സഹിക്കുക തന്നെ.
വീണ്ടും മുന്നോട്ട്. പലയിടത്തും ജല്ലിക്കെട്ട് പ്രതിഷേധങ്ങള്‍ കണ്ടു. ഒരു ആശ്വാസമുള്ളത് എല്ലാം സമാധാനപരമാണ് എന്നതാണ്. അര മണിക്കൂര്‍ കൂടി പോയപ്പോള്‍ അടുത്ത കരിക്കുകാരന്റെ അടുത്ത് നിര്‍ത്തി. ഇപ്രാവശ്യം അബദ്ധം പറ്റാന്‍ പാടില്ല. പക്ഷേ തിന്നാനുള്ളത് വേണം എന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? അറിയാവുന്ന തമിഴില്‍ ഒരു കാച്ച് കാച്ചി.
അയാള്‍ എന്നെ തുറിച്ച് നോക്കി. വിശന്നുവലഞ്ഞവന്റെ ദയനീയത ഭാഷക്കതീതമാണല്ലോ. ആള്‍ക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു. കാമ്പുള്ള കരിക്കാണ് വെട്ടിത്തന്നത്. വെള്ളവും കുടിച്ച് കരിക്കും തിന്നുകഴിഞ്ഞപ്പോള്‍ ഉഷാറായി.
തെങ്കാശിവരെ നല്ല റോഡായിരുന്നു. എന്നാല്‍ തെങ്കാശി കഴിഞ്ഞപ്പോള്‍ മുതല്‍ റോഡ് വളരെ മോശമായി. ഇങ്ങനെയാണ് മുന്നോട്ടുള്ള യാത്രയെങ്കില്‍ നട്ടെല്ല് തകര്‍ന്നുപോകുമെന്ന് തോന്നി. അതുകൊണ്ട് യാത്ര മെല്ലെയായിരുന്നു. റോഡില്‍ തിരക്കില്ലാത്തതാണ് ആശ്വാസം.
മൂന്നരയോടെ
തിരുനല്‍വേലി എത്തി. പെട്രാള്‍ പമ്പുകള്‍ തുറന്നിരിക്കുന്നുണ്ട്. അടുത്ത്
കണ്ട പമ്പില്‍ കയറി. നോട്ട് നിരോധന കാലമാണ്. എന്റെ കയ്യിലാണെങ്കില്‍
2000രൂപയുടെ നോട്ടാണ്. ഒരു ചേച്ചിയാണ് പമ്പില്‍. 2000 രൂപാ കാണിച്ച്
ചോദിച്ചു-
“ചില്ലറ ഇരിക്കാ?”
അങ്ങനെതന്നെയാണോ ചോദിക്കുന്നത് എന്നറിയില്ല. എന്തായാലും ചേച്ചിക്ക് കാര്യം മനസ്സിലായി.
“എത്ര ?”
“300 രൂപയ്ക്ക്”
അങ്ങനെ അക്കാര്യത്തിലും തീരുമാനമായി. പോട്രോളടിച്ച്, ബാക്കി 17 നൂറ് രൂപാ നോട്ടുകള്‍ എണ്ണിത്തന്നു. നാട്ടിലൊക്കെ വലിയ ചില്ലറക്ഷാമമാണ്. ചില്ലറയുടെ കാര്യത്തില്‍ ഞാനൊരു പണക്കാരനായി.
തിരുനെല്‍വേലി വലിയ നഗരമാണ്. പ്രധാന കടകളൊക്കെ അടഞ്ഞുതന്നെയാണ്. ഇടക്കിടക്ക് ചെറിയ ചില പെട്ടിക്കടകള്‍ തുറന്നിരുപ്പുണ്ട്. അധികം കുഴപ്പമില്ലന്നു തോന്നിയ ഒരു ഹോട്ടല്‍ തുറന്നിരിക്കുന്നത് കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. വണ്ടിയൊതുക്കി കയറിയിരുന്നു.
ഊണല്ല, വിവിധതരം സാദങ്ങളാണ്. എനിക്ക് പരിചയമില്ലാത്തതിനാല്‍ പരീക്ഷിക്കാന്‍ നിന്നില്ല. ചിക്കന്‍ ബിരിയാണിയുണ്ടെന്ന് പറഞ്ഞു. അതുതന്നെ ഓഡര്‍ ചെയ്തു. നമ്മുടെ ബിരായാണി പോലെയല്ല. ചോറില്‍ മുളകും മഞ്ഞ നിറവും ധാരാളം ചേര്‍ത്തിരിക്കുന്നു. നല്ല എരിവുണ്ട്. ഒരു ചിക്കന്റെ കഷ്ണവും ഉണ്ട്. എന്നാലും തരക്കേടില്ല. 80 രൂപ. ഹോട്ടല്‍ അധികം വൃത്തിയുള്ളതല്ല. നാട്ടിലെ പൊറോട്ടയും അവിടെയുണ്ട്. പണം കൊടുത്ത് ഇറങ്ങി. എവിടെ വിശ്രമിക്കും. പട്ടണം കഴിഞ്ഞാല്‍ ഗ്രാമപ്രദേശങ്ങളെത്തും. ഏതെങ്കിലും മരത്തണലില്‍ വിശ്രമിക്കാം.
കുറച്ചുകൂടി മുന്നോട്ട് പോയപ്പോഴാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങളെത്തിയത്. വലിയ റോഡുകള്‍. ഇടക്ക് നല്ല ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ തുറന്നിരിക്കുന്നത് കണ്ടു. എന്തായാലും കഴിച്ചുപോയല്ലോ.
പട്ടണത്തില്‍ നിന്നും തൂത്തുക്കുടിയിലേക്കുള്ള ദേശീയ പാതയില്‍ പ്രവേശിച്ചു. വലിയ 6 വരി ഹൈവേയാണ്. നല്ല റോഡ്. വാഹനങ്ങള്‍ തീരെ കുറവ്. ഒരു 80 കീലോമീറ്റര്‍ വേഗതയില്‍ പോയാലും അപകടമില്ല. എങ്കിലും 60-65 കി. മീ. വേഗതയില്‍ വണ്ടിയോടി.
അടുത്ത പ്രശ്നം എന്താന്നുവച്ചാല് വഴിയിലെങ്ങും വിശ്രമിക്കാന്‍ സൗകര്യമില്ല. അറ്റം കാണാന്‍ കഴിയാത്തപോലെ, വളവും തിരുവുമില്ലാതെ നീണ്ടുകിടക്കുകയാണ് ഹൈവേ. ഉറങ്ങിപ്പോകരുതെന്ന് മാത്രം. ഉറങ്ങാതിരിക്കാന്‍ ഞാന്‍ എന്നോട് തന്നെ വര്‍ത്തമാനം പറഞ്ഞു. സത്യത്തില്‍ ഇത്രയും ഏകാന്തത ലഭിച്ചിട്ട് എത്രയോ വര്‍ഷങ്ങളായിരിക്കണം. നമ്മള് നമ്മളോട് തന്നെ വര്‍ത്തമാനം പറയുക എന്നത് രസകരമായ ഏര്‍പ്പാടാണ്. നാം തന്നെ മനസ്സില്‍ മൂടിവച്ച നൂറ് നൂറ് കാര്യങ്ങള്‍ നമ്മളോട് തന്നെ പറയുക….
വിശ്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. എന്തായാലും തൂത്തുക്കുടി എത്തി റൂമെടുത്ത് വിശ്രമിക്കാം. അങ്ങകലെ കൂറ്റന്‍ മലനിരകള്‍ കാണപ്പെട്ടു. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാകാം. റോഡ് മലയരുകിലേക്ക് എത്തിക്കൊണ്ടിരുന്നു. മലയുടെ അടുത്തെത്തിയപ്പോള്‍ അത് വളഞ്ഞ് മലയെ ചുറ്റി മുന്നോട്ട് പോയി. ചായ കുടിക്കാന്‍ ആഗ്രഹമുണ്ടായി. എന്നാല്‍ എവിടെയും നിര്‍ത്താന്‍ തോന്നിയില്ല. പോകുന്നത്രയും പോകട്ടെ. സീറ്റില്‍ വളരെ നേരം അമര്‍ന്നിരുന്ന് ചന്തി വേദനിക്കാന്‍ തുടങ്ങി. അല്പം തിരിഞ്ഞും പിരിഞ്ഞുമൊക്കെ ഇരുന്ന് ഒരു വിധം അഡ്ജസ്റ്റ് ചെയ്തു.
തൂത്തുക്കുടിയിലേക്കുള്ള വഴിമദ്ധ്യേ കാണുന്ന മല.
വണ്ടി നിര്‍ത്താതെ മുന്നോട്ട് പോയി. നാലരയായപ്പോള്‍ തൂത്തുക്കുടി എത്താറായെന്ന് മനസ്സിലായി. കുറച്ചുകൂടെ പോയപ്പോള്‍ റോഡിന് കുറുകെ വലിയൊരു ഫ്ലൈ-ഓവര്‍. മറ്റൊരു ദേശീയപാതയാണ്. സൈന്‍ ബോര്‍ഡ് വായിച്ചു. ഇടത്തോട്ട് പോയാല്‍ ചെന്നൈ, രാമേശ്വരം വലത്തോട്ടുപോയാല്‍ തൂത്തുക്കുടി പോര്‍ട്ട്, നേരേ പോയാല്‍ തൂത്തുക്കുടി പട്ടണം. അങ്ങനെ തൂത്തുക്കുടി എത്തി. ഇവിടെ നിന്നാണ് രാമേശ്വരത്തിന് തിരിഞ്ഞ് പോകേണ്ടത്.
നേരെ ആറ് കിലോമീറ്റര്‍ കൂടി മുന്നോട്ട്
പോയപ്പോള്‍ നഗര മധ്യത്തില്‍ എത്തി. ഒരു വലിയ സ്കൂള്‍ മൈതാനത്ത്
ജല്ലിക്കെട്ട് പ്രതിഷേധം നടക്കുന്നു. വലിയ ആള്‍ക്കൂട്ടം. ധാരാളം
പോലീസുകാര്‍. പക്ഷേ കടകളൊക്കെ തുറന്നുതന്നെയാണ്.
ഇനി വേണ്ടത്
തങ്ങാനൊരിടമാണ്. ഓണ്‍ലൈനില്‍ തപ്പിനോക്കി. നില്ക്കുന്നതിനടുത്ത് മിതമായ
നിരക്കില്‍, എന്നാല്‍ സൗകര്യങ്ങളുള്ള ഹോട്ടലുണ്ട്. ഹോട്ടല്‍ വിശാഖ.
ഓണ്‍ലൈന്‍ പണമടച്ചു് ബുക്ക്ചെയ്തു. ചെറിയ ഒരു കടയില്‍ നിന്നും ചായകുടിച്ചു.
ഹോട്ടല്‍ കണ്ടെത്തി ചെക്കിന് ചെയ്തു. വൃത്തിയുള്ള ഹോട്ടല്‍. ഒന്നാം നിലയിലാണ് മുറി. ഊമയായ ഒരു പരിചാരകനാണ് മുറി കാണിച്ചുതന്നത്. 30വയസ്സുണ്ടാകും. ആംഗ്യഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുടിവെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. ഉടന്‍ തന്നെ മിനറല്‍ വെള്ളത്തിന്റെ ഒരു കുപ്പിയുമായി ആള് ഹാജരായി. ആള് തന്നെ ടി.വി. ഓണ്‍ ചെയ്തു. റിമോട്ടെടുത്ത് ചാനല്‍ മാറ്റുന്നതൊക്കെ പഠിപ്പിക്കാന്‍ തുടങ്ങി. പോകുന്ന ലക്ഷണമില്ല. വെള്ളത്തിന്റെ പണത്തിനാണോ നില്‍ക്കുന്നത്, ടിപ്പിനാണോ? 50 രൂപ കൊടുത്തു. വാങ്ങി സലാം പറഞ്ഞ് ആള് പോയി.
അല്പനേരം ടിവി ചാനല്‍ മാറ്റി മാറ്റി നോക്കി. മലയാളം കിട്ടുന്നില്ല. തമിഴ്, ഹിന്ദിയൊക്കെയുണ്ട്. തമിഴ് ചാനലുകള്‍ നിറയെ ജെല്ലിക്കെട്ട് സമര വാര്‍ത്തകള്‍ മാത്രം. കുളിച്ച് ഡ്രസ്സ് മാറി. ഉഷാറായി. ഒന്ന് പുറത്തൊക്കെ കറങ്ങി വരാം. അങ്ങനെ നടക്കാനിറങ്ങി. അടുത്ത് തന്നെ ഒരു മാളുണ്ടായിരുന്നു. അതൊക്കെ കണ്ട്, തെരുവിലൂടെ ഒരു മണിക്കൂറോളം നടന്നു. കപ്പടാ മീശയും തടിച്ച ശരീരവും വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ധാരാളം ആളുകള്‍. ജോലി കഴിഞ്ഞ് മടങ്ങുന്ന ധാരാളം സ്ത്രീകള്‍. പൂക്കളുടേയും പഴങ്ങളുടേയും തെരുവ് കച്ചവടം. ചെറിയ മദ്യക്കടകള്‍. പലയിടത്തും ആളുകള്‍ കൂട്ടംകൂടി വര്‍ത്തമാനം പറഞ്ഞ് നില്ക്കുന്നു. വണ്ടിയോടിച്ചതിന്റെ ചടപ്പൊക്കെ മാറി. കുറച്ച് പഴങ്ങള്‍ വാങ്ങി ഹോട്ടലിനടുത്തെത്തി. സന്ധ്യ കഴിഞ്ഞിരിക്കുന്നു.
ഹോട്ടലിനടുത്ത് തന്നെ നല്ലൊരു വെജിറ്റേറിയന്‍ റെസ്റ്റൊറന്റുണ്ട്. അവിടെനിന്നും രാത്രിഭക്ഷണം കഴിച്ച് റൂമിലേക്ക് പോകാം. വിചാരിച്ചതിലും വലിയ റെസ്റ്റോറന്റാണ്. പലതരം വെജിറ്റേരിയന്‍ വിഭവങ്ങളുണ്ട്. പലതിന്റെയും പേരറിയില്ല. എന്തായാലും യാത്രയുടെ ക്ഷീണം ഭക്ഷണത്തില്‍ തീര്‍ക്കണം. തലപ്പാവൊക്കെ വച്ച് കോട്ടും സൂട്ടുമൊക്കെയിട്ട പരിചാരകരാണ്. തടിച്ച ഓരാള് വന്നു.
“കഴിക്കാനെന്തുണ്ട്?”
നാളികേരം കയറ്റിവന്ന വണ്ടിയുടെ കെട്ടഴിഞ്ഞതുമാതിരി ചറപറ ചറപറാന്ന് ഏതാണ്ട് നൂറോളം വിഭവങ്ങളുടെ പേര് അയാള്‍ ഒരു മിനിറ്റിനുള്ളില്‍ പറഞ്ഞുകഴിഞ്ഞു. ഒരു സമാധാനമുള്ളത് എല്ലാം തമിഴ് പേരായതിനാല്‍ ഒന്നും മനസ്സിലായില്ല എന്നതാണ്.
“മെനുകാര്‍ഡ് ഇറ്ക്കാ?” എന്റെ വായില്‍ എന്താ തമിഴ് വരില്ലേ? ഹല്ല പിന്നെ.
ടിയാന് അപ്പുറത്തെ ടേബിളില്‍ നിന്നും മെനുകാര്‍ഡെടുത്ത് നീട്ടി. കാര്‍ഡ് എന്നെ നോക്കി കൊഞ്ഞണം കാണിക്കുന്നതുപോലെ തോന്നി. തമിഴ് മാത്രം. വില മാത്രം മനസ്സിലാകുന്നുണ്ട്. എന്ത് വാങ്ങും. ചുറ്റും തടിമാടന്മാരും തടിച്ചികളും മെലിഞ്ഞവരുമായി സകലമാന ആളുകളും ആശങ്കയൊന്നുമില്ലാതെ വെട്ടിവിഴുങ്ങുകയാണ്. വെജിറ്റബിള്‍ ബിരിയാണി പോലെ ഒരു വിഭവം അടുത്ത മേശയിലിരിക്കുന്നവന് കഴിക്കുന്നുണ്ട്. അത് പറഞ്ഞാലോ?
അന്ത പ്ലേറ്റിലേ ഇരിക്കിറ സാധനം എനക്കും വേണം – എന്ന് പറഞ്ഞാലോ? മനസ്സുവന്നില്ല. പിന്നെ ഒന്നും വിചാരിച്ചില്ല, രണ്ടുംകല്പിച്ച് ചോദിച്ചു:
“ഇഡ്ഢലി ഇറ്ക്കാ?”
“ആമ സാര്‍”
“കൊണ്ട് വാ.”
കുറ്റം പറയരുതല്ലോ. നല്ല പൂ പോലുള്ള ഇഡ്ഢലി. സാമ്പാറും ചമ്മന്തിയും.
ആഹാരം കഴിച്ച് റൂമിലെത്തി. നേരത്തെ കിടക്കണം. പുലര്‍ച്ചെ യാത്ര തുടങ്ങണം. ഇനി കേവലം 4 മണിക്കൂര്‍ യാത്ര ചെയ്താല്‍ എന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാം എന്ന ചിന്ത മനസ്സില്‍ കുളിര് കോരിയിട്ടു.
കിടക്കുന്നതിന് മുമ്പ് വീട്ടില്‍ വിളിക്കാം.
നോക്കുമ്പോള്‍ വിദ്യയുടെ 4 മിസ്സ് കോള്‍. എപ്പോഴോ ഫോണ്‍ സൈലന്റിലായിപ്പോയി.
വിദ്യയെ വിളിച്ചു.
“എവിടെയാ? എപ്പോ എത്തും?”
“എടീ, ഞാന്‍ ഇപ്പോ തൂത്തുക്കുടിയിലാ.”
“തൂത്തുക്കുടിയോ അതെവിടെയാ? അവിടെ എന്തിന് പോയി?”
ഞാന്‍ ധനുഷ്കോടിക്കുള്ള യാത്രയിലാണെന്നും, ഇന്ത്യുടെ കിഴക്കേ തീരത്തു് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വിശ്രമിക്കുകയാണെന്നും പറഞ്ഞ് മനസ്സിലാക്കി. എന്തായാലും വിചാരിച്ച പൊട്ടിത്തെറിയൊന്നും ഉണ്ടായില്ല.
“സാരമില്ലടിയേ. ഞാന്‍ മറ്റന്നാള്‍ സന്ധ്യക്ക് മുമ്പ് തിരിച്ചെത്തും.”
അങ്ങേ തലയ്ക്കല്‍ നിന്നും മറുപടി ഉണ്ടായില്ല.
“ശരി.” എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
ആശ്വാസം തോന്നി. ടി.വി. ഓണ്‍ ചെയ്തു. ഒരു ഹിന്ദി സിനിമ, കേരളമാണ് കാണിക്കുന്നത്. കൗതുകം തോന്നി. നായകനെ കണ്ടിട്ടുണ്ടെങ്കിലും പേരറിയില്ല. നായകന് കളരി പഠിക്കാന്‍ കേരളത്തില്‍ എത്തുന്നതും, പ്രേമിക്കുന്നതും അതെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് കഥ. എന്തായാലും കണ്ടിരുന്ന് ഉറക്കം വന്നു. ടി.വി. ഓഫ് ചെയ്ത്, രാവിലെ 4 മണിക്ക് അലാറം വച്ച് ഉറങ്ങാന്‍ കിടന്നു.
അടുത്ത പ്രഭാതത്തില്‍ എന്നെ കാത്തിരുന്നത് എത്രമാത്രം ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു എന്നറിയാതെ, യാത്രാ ക്ഷീണത്തില്‍ ഗാഢമായ നിദ്രയിലേക്ക് ഞാന്‍ വഴുതിവീണു.
ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് 3 ദിവസം കൊണ്ട് പോയി വന്ന കാര്യമാണ് പറയാന്‍ പോകുന്നത്- ഈ മുന്നറിയിപ്പോടെ: ഈ യാത്ര ഒരു നട്ടപ്രാന്തും ഇതേരീതിയില്‍ ആരും അനുകരിക്കാന്‍ പാടില്ലാത്തതുമാണ്. എന്നിരിക്കിലും ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് നിങ്ങള്‍ക്ക് നല്ലൊരു ബൈക്ക് സവാരി ധനുഷ്കോടിയിലേക്ക് പ്ലാന്‍ ചെയ്യാവുന്നതേ ഉള്ളു.
ദൂരങ്ങളിലേക്ക് യാത്രചെയ്യാനുള്ള ആഗ്രഹം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. മൂന്നാം ക്ലാസ്സില്‍ വച്ച് അലക്സാണ്ടര്‍ സാര്‍ മെഗല്ലന്റെ കപ്പല്‍യാത്രയുടെ കഥ പറഞ്ഞപ്പോള്‍ തുടങ്ങിയതായിരിക്കാം, അല്ലങ്കില്‍ ഈ നീണ്ടുപരന്നുകിടക്കുന്ന ഭൂമി മോഹിപ്പിക്കുന്നതാകാം. ഒരു ഇരുചക്രവാഹനത്തില്‍ ഭൂമി മുഴുവന്‍ യാത്രചെയ്ത് തിരിച്ചെത്തുക എന്ന നൈസായ ഒരു ആഗ്രഹം ആരോടും പറയാതെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.
ഇത് നടന്നത് 2017-ൽ ആണ്. മൂന്നു-നാലു വര്‍ഷങ്ങളായി തുടർന്ന കഠിനമായ പുറംവേദനയും, ആസ്ത്മ, ശ്വാസംമുട്ട് തുടങ്ങിയ അസുഖങ്ങളും യാത്രകളെ പിന്നോട്ടടിച്ചിരുന്നു. ആ വര്‍ഷം ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കുറച്ച് ശമനമുണ്ടായി. ജനുവരിയുടെ തുടക്കത്തിലാണ് യാത്ര പുനരാരംഭിക്കുന്നതിനെ പറ്റിയുള്ള കലശ്ശലായ ചിന്ത വന്നുകൂടിയത്. അപ്പോ, ഇവ വീണ്ടും വരുന്നതിനു മുമ്പായി യാത്രപോകുന്നതല്ലേ നല്ലത്. ശുഭസ്യ ശീഘ്രം — ന്നാണല്ലോ. അങ്ങനെ തന്നെ. അക്കാര്യം തീരുമാനമായി.
വിദ്യയോട് (ഭാര്യ) സൂചിപ്പിച്ചു. “ഞാന്‍ ഉടന്‍ തന്നെ ഒരു ബൈക്ക് യാത്ര പോകുന്നുണ്ട്.”
“നിങ്ങള്‍ക്കൊക്കെ എന്തു വേണേ ആകാല്ലോ. നടുവേദന, ശ്വാസംമുട്ട് എന്നൊക്കെ പറഞ്ഞ് ഇവിടെ കണ്ടുപോകരുത്.”
“സന്തോഷം.”
മൂന്നാര്‍, ഗവി തുടങ്ങിയ പരമ്പരാഗത സ്ഥലങ്ങളാണ് മനസ്സില്‍ വന്നത്. ഗൂഗിള്‍ മാപ്പ് നോക്കിയിരുന്നപ്പോഴാണ് ശ്രീലങ്കയിലേക്ക് നീണ്ടു നില്ക്കുന്ന ആ മുനമ്പ് ശ്രദ്ധയില്‍ പെട്ടത് – ധനുഷ്കോടി. 504 കി.മീ., 11 മണിക്കൂര്‍ എന്നൊക്കെ മാപ്പ് പറഞ്ഞുതന്നു. അങ്ങോട്ട് പോയാലോ. ആരെ കൂട്ടണം? വണ്ടി ഏത് സംഘടിപ്പിക്കും. അത്രയും ദൂരം യാത്രചെയ്യാന്‍ പറ്റുമോ? ചിന്തിച്ചാല്‍ ഒരു അന്തവുമില്ല. അതുകൊണ്ട് ഉടന്‍ പോകണം. ആളുകളോടൊക്കെ ആലോചിച്ചു വരുമ്പോഴേക്കും മനസ്സുമാറും.
അതങ്ങ് തീരുമാനമായി. ജനുവരി 20 വെള്ളി യാത്രതിരിക്കുക, 22 ഞായര്‍ തിരിച്ചെത്തുക. വണ്ടി? വലിയ യാത്രയ്ക്കൊക്കെ ബുള്ളറ്റാണ് ഒരു ആചാരം. സ്വന്തമായി ബുള്ളറ്റില്ല. ആരോടെങ്കിലും കടം വാങ്ങാം. പക്ഷേ സംഭവം നടക്കണമെന്നില്ല. അതോടെ യാത്രയും മുടങ്ങും. ഒടുവില്‍ കയ്യിലുള്ള ഹോണ്ട ട്വിസ്റ്റര്‍ ബൈക്കില്‍ പോകാന്‍ തീരുമാനിച്ചു. വണ്ടി സര്‍വ്വീസ് ചെയ്യിച്ചു. പഴയ ബാറ്ററി മാറ്റിവച്ചു.
കുമിളി-തേനി-മഥുര വഴിയും പോകാം, ആര്യങ്കാവ്-തിരുനല്‍വേലി-തൂത്തുക്കുടി വഴിയും പോകാം. വെള്ളിയാഴ്ച കൊല്ലത്ത് ഒരു ബന്ധുവിന്റെ കല്യാണമുണ്ട്. (സ്വന്തം വീട് കൊല്ലം മണ്റോത്തുരുത്താണ്. അമ്മയും സഹോദരിയും അവിടെയുണ്ട്.) വ്യാഴ്യാഴ്ച രാത്രിയിലെ കല്യാണ സല്‍ക്കാരം കൂടിയിട്ട് വെള്ളിയാഴ്ച രാവിലെ അവിടെനിന്നും ആര്യങ്കാവ് വഴി യാത്ര തുടരാം.
ജനുവരി 19 വ്യാഴം. മൂന്നു ദിവസം ലീവ് പറഞ്ഞ് വൈകിട്ട് ഓഫീസില്‍ നിന്നും വീട്ടിലെത്തി. സന്ധ്യയോടെ ആവശ്യസാധനങ്ങള്‍ ബാഗില്‍ നിറച്ചു. ക്യാമറ എടുത്തു. വിദ്യ വീട്ടിലില്ലായിരുന്നു. പറയാന്‍ നിന്നില്ല. പറഞ്ഞാല്‍, പിന്തിരിപ്പിച്ചാല്, യാത്രമുടങ്ങിയാലോ? കൊല്ലത്ത് ചെന്നിട്ട് പറയാം.
അങ്ങനെ ആലപ്പുഴയില്‍ നിന്നും കരുനാഗപ്പള്ളി, ഭരണിക്കാവ് വഴി മണ്‍റോതുരുത്തിന് വണ്ടിവിട്ടു. ഏകദേശം 90 കി.മീ. വേണം മൺറോത്തുരുത്ത് എത്താൻ. കായംകുളം കഴിഞ്ഞപ്പോള്‍ 300രൂപയ്ക്ക് പെട്രോളടിച്ചു. വണ്ടി ഏതാണ്ട് ഫുള്‍ ടാങ്ക്. ഓച്ചിറയായപ്പോള് വിദ്യയുടെ ഫോണ്‍ വന്നു.
“എവിടെ പോയി?”
“കൊല്ലത്ത് കല്യാണത്തിന് പോകുന്നു.”
“ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടേ?”
“ഇറങ്ങാന്‍ നേരത്ത് കണ്ടില്ല. ചെന്നിട്ട് വിളിക്കാമെന്ന് കരുതി.”
“ശരി, ചെന്നിട്ട് വിളിക്കണേ.”
സത്യം പറയണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ഇത്രയും ദൂരം ഒറ്റക്ക് പോകണോ, പോകാന്‍ കഴിയുമോ? മനസ്സില്‍ വടംവലി തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്ങാനും ഇടക്കുവച്ച് മനസ്സുമാറി തിരിച്ചു പോരേണ്ടി വന്നാല്‍, നാണക്കേടാണല്ലോ. അപ്പോ ഒരു തീരുമാനമായിട്ടു പറയാം.
ഒമ്പതുമണിയോടെ മണ്റോതുരുത്തില് എത്തി. കല്യാണത്തിന് പോകാന്‍ തോന്നിയില്ല. അമ്മ പോയാല്‍ മതിയെന്ന് പറഞ്ഞു. ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നു. നാളെ നീണ്ടൊരു യാത്ര പോവുകയാണ്. പോകാന്‍ കഴിയുമോ? പോകണോ? അപകടങ്ങള്‍? അസുഖം വന്നാല്‍? വേണ്ടെന്നുവച്ചാലോ? തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. എന്തായാലും നേരം വെളുക്കട്ടെ.
ജനുവരി 20 വെള്ളി. രാവിലെ ഉണര്‍ന്നെങ്കിലും എഴുന്നേറ്റില്ല. ഏഴരവരെ അങ്ങനെ അലസമായി കിടന്നു. എന്തുചെയ്യണം?
മനസ്സ് മൂന്നായി പിരിഞ്ഞ് സംവാദത്തില്‍ മുഴുകി. ഒരു ഭാഗം ദുര്വാശിക്കാരനെ പോലെ യാത്രയ്ക്ക് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. യാത്രകഴിയുമ്പോല് ലഭിക്കുന്ന സംതൃപ്തി, സുഹൃത്തുകളുടെയും മറ്റും അസൂയ കലര്‍ന്ന പ്രതികരണങ്ങള്‍… അങ്ങനെയുള്ള പ്രലോഭനങ്ങള്‍. മനസ്സിന്റെ ആ ഭാഗത്തെ ദുര എന്നുവിളിക്കാം. മനസ്സിന്റെ മറ്റൊരു ഭാഗം വൈരാഗിയുടേതാണ്. ഒന്നിനും സമ്മതിക്കില്ല. ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ? നിന്റെ കയ്യില്‍ നല്ലൊരു ബൈക്കെങ്കിലും ഉണ്ടോ? വഴിക്ക് വച്ച് അസുഖം വന്നാല്‍? നീണ്ട യാത്രയില്‍ അപകടം ഉണ്ടായാല്‍? കൂടെ ഒരാളെങ്കിലും ഉണ്ടോ? എന്ത് വീണ്ടുവിചാരമില്ലാത്ത യാത്രയ്ക്കാണ് നീ പുറപ്പെടുന്നത്? തിരിച്ചുപോകൂ ….. മനസ്സിന്റെ ഈ രണ്ടു് വിരുദ്ധ ഭാഗങ്ങളും തര്‍ക്കത്തില്‍ മുഴുകിയപ്പോല് മൂന്നാമത്തെ ഭാഗം – സമവായക്കാരന്‍ – ഒരു ഉപായം മുന്നോട്ടുവച്ചു. സാരമില്ല. എന്തായാലും പുറപ്പെട്ടതല്ലേ. തെന്മല വരെ പോയി നോക്കാം. ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ അവിടെ ഇക്കോ ടൂറിസമൊക്കെ കണ്ട് തിരിച്ചു പോരാം. കുഴപ്പമില്ലങ്കില്‍ യാത്ര തുടരാം. വലിയ വേഗത വേണ്ട. ആര്യങ്കാവ് കഴിഞ്ഞ് പിന്നെയും യാത്രാ ക്ഷീണം തോന്നുകയാണെങ്കില്‍ തിരച്ചുപോരാം. അല്ലങ്കില്‍ യാത്ര തുടരാം. ഒറ്റയടിക്ക് യാത്ര തുടരേണ്ട. വൈകിട്ട് തൂത്തുക്കുടുയില്‍ തങ്ങി, സ്ഥിതിഗതികള്‍ നല്ലതാണെങ്കിൽ പുലര്‍ച്ചെ ധനുഷ്കോടിക്ക് പോകാം. അത്യാവശ്യ മരുന്നുകള്‍ കയ്യില്‍ കരുതിയിട്ടുണ്ടല്ലോ.
എന്നാൽ അങ്ങനെതന്നെ. സമാധാനമായി.
കുളിച്ച് റെഡിയായി. പുറപ്പെടുന്നതിന് മുമ്പ് വണ്ടിയുടെ കടലാസുകള്‍ എല്ലാമുണ്ടോ എന്ന് പരിശോധിച്ചു. ആര്.സി. ബുക്ക്, ഇന്‍ഷ്വറന്‍സ് ശരിയാണ്. പക്ഷേ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. നമ്മളെ പിന്തിരിപ്പിക്കാന് ആരോ ശ്രമിച്ചപോലെ. അമ്പട, തോല്കാനിപ്പോൾ മനസ്സില്ല. വഴിയില്‍ എവിടെ നിന്നെങ്കിലും പുക പരിശോധിപ്പിക്കാം. ആകെ കൂടെ ഒരു ഉത്സാഹം തോന്നി.
ഷൂവും ജാക്കറ്റും ധരിച്ചു. വീടിന്റെ മുന്നുില്‍ നിന്നും ഒരു സെല്‍ഫിയെടുത്തു. സമയം 9 മണി. അപ്പോൾ യാത്ര മുന്നോട്ട്. ചിറ്റുമല, മുളവന, ചീരങ്കാവ് വഴി കൊട്ടാരക്കര എത്താറായപ്പോള്‍ വഴിയില്‍ പുക പരിശോധന കേന്ദ്രം കണ്ടു. സര്‍ട്ടിഫിക്കറ്റ് വാങ്ങി യാത്ര തുടര്‍ന്നു. 50 കി.മീ. ശരാശരി വേഗതയില്‍ വണ്ടിയോടിച്ചു. 10.30-ഓടെ പുനലൂരെത്തി. തൂക്കുപാലത്തിന്റെ ഫോട്ടോ എടുക്കണമെന്ന് വിചാരിച്ചെങ്കിലും സമയം കളയണ്ടാ എന്നു തീരുമാനിച്ച് യാത്ര തുടര്‍ന്നു. പുനലൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ യാത്രക്ക് ഒരു സുഖം തോന്നിത്തുടങ്ങി. വളഞ്ഞും തിരിഞ്ഞം കയറ്റം കയറിയാത്ര. മനോഹരമായ കാഴ്ചകള്‍. ചൂട് ഇല്ലാത്ത വെയില്. അങ്ങനെ രസം പിടിച്ച യാത്ര. പുനലൂര്‍ ചെങ്കോട്ട പുതിയ റെയില്‍വേ പാതയുടെ പണികള്‍ നടന്നുവരുന്നു. വഴിക്കിരുപുറവും മനോഹരമായ മലകള്‍. ഉയരം കൂടിവരുന്നു. അങ്ങനെ അങ്ങനെ 11-ഓടെ തെന്മലയെത്തി. കുഴപ്പമില്ല. യാത്ര തുടരാം. തുടര്‍ന്നു. അധികം ചൂടില്ലാത്തതിനാല്‍ യാത്രക്ഷീണം തീരെ അനുഭവപ്പെടുന്നില്ല. എന്തായാലും ആര്യങ്കാവ് ചുരം വരെ പോകാം. അവിടെ നിന്നും ആലോചിച്ചിട്ട് ബാക്കിയാത്രയെ പറ്റി തീരുമാനിക്കാം. തുടരാനാണെങ്കില്‍ തന്നെ അവിടെ അല്പം വിശ്രമിച്ചിട്ടാകാം യാത്ര.
കുറച്ചുകൂടെ പോയപ്പോള്‍ പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെത്തി. പാലരുവിയില്‍ ഒരു കുളിയൊക്കെ പാസ്സാക്കി തിരിച്ചുപോയാലോ? മനസ്സ് ഇടക്കിടെ കൈവിട്ട് പോകാതിരിക്കാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ടായിരുന്നു. മുന്നോട്ടുതന്നെ യാത്ര തുടര്‍ന്നു. ആര്യങ്കാവെത്തി, ഫോറസ്റ്റ് ചെക്പോസ്റ്റ് കഴിഞ്ഞ് മുന്നോട്ട്. കുറച്ച് ഹെയര്‍പിന്‍ വളവുകളിറങ്ങി താഴേക്ക് ചെന്നാല്‍ തമിഴ്നാടായി.
ചുരമിറങ്ങുന്നതിനു മുമ്പായി ഒരു ചെറിയ ഹോട്ടല്‍ കണ്ടു. ചെറിയ ക്ഷീണം ഉണ്ട്. ഭക്ഷണം കഴിച്ചാലോ? വേണ്ട, വിശപ്പായില്ല. ഒരു നാരങ്ങാവെള്ളം കുടിക്കാം. പ്രായമുള്ള ഒരമ്മയാണ് ഹോട്ടല്‍ നടത്തുന്നത്. ഒരു സോഡാ നാരങ്ങയും ഉപ്പിലിട്ട പൈനാപ്പിളും കഴിച്ചു. തമിഴാനാട്ടില്‍ നിന്നും ചുരം കയറിവന്ന ഒരു കെ.എസ്. ആര്.ടി.സി. ബസ് ഹോട്ടലിനടുത്ത് നിര്‍ത്തി. കണ്ടക്ടര്‍ ഇറങ്ങിവന്ന് രണ്ട് കുപ്പികളില്‍ വെള്ളം നിറച്ചു പോയി. എന്തായായലും അവിടെ അധികം നില്ക്കാന് തോന്നിയില്ല. അല്പം കൂടി മുന്നോട്ട് പോയപ്പോൾ മുകളില്‍ നിന്നും താഴേക്കുള്ള മനോഹരമായ കാഴ്ച കാണാറായി. അങ്ങകലെ തമിഴ്നാട് കയ്യാട്ടി വിളിക്കുന്നപോലെ.
അങ്ങോട്ടോ ഇങ്ങോട്ടോ ? – കേരള-തമിഴ്നാട് അതിർത്തിയിൽ
ആദ്യ ഹെയര്‍പിന്‍ വളവ് കഴിയുമ്പോള്‍ തന്നെ, താഴെ മനോഹരമായ തമിഴ് ഗ്രാമങ്ങള്‍ കാണാനാകും. അതിനുമപ്പുറം, അങ്ങകലെ ഏതോ പട്ടണം. ചെങ്കോട്ടയാണോ, അറിയില്ല. ഒരു വശത്ത് വനവും മറുവശത്ത് വലിയ താഴ്ചയും. വണ്ടിയില്‍ നിന്നും ഇറങ്ങി. കുറച്ച് ക്ഷീണമൊക്കെ തോന്നുന്നുണ്ട്. മൂന്ന് മണിക്കൂറായിരിക്കുന്നു. 90കി.മീ. ദൂരം താണ്ടിയിരിക്കുന്നു. ഇനിയുമുണ്ട് നാനൂറിലധികം കിലോമീറ്റര്‍, പരിചയമില്ലാത്ത, ഭാഷയറിയാത്ത നാട്ടിലൂടെ. താഴെ തമിഴ്നാടാണ്. മുകളില്‍ കേരളവും. എങ്ങോട്ട് പോകണം. എന്ത് തീരുമാനിക്കും? ചുരത്തിലൂടെ ഒരിളം തെന്നൽ തഴുകിയൊഴുകി തമിഴ്നാട്ടിലേക്ക് പോയി. ഞാനവിടെ എന്നതുചെയ്യേണ്ടൂ എന്നറിയാതെ നിന്നു.
കാശ്മീർ ലേകത്തിന്റെ പൂന്തോട്ടമാണെങ്കിൽ അവിടെ സ്വർണ്ണപ്പൂക്കളാല് പരിലസിച്ചുനില്‍ക്കുന്ന പനിനീർച്ചെടിയാണ് സോനാമാർഗ്. വർഷത്തിൽ ആറുമാസത്തോളം മനുഷ്യവാസമില്ലാതെ, മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം ശ്രീനഗറിൽ നിന്നും ഏകദേശം 87കി.മീ. വടക്കുകിഴക്കായി, സമുദ്രനിരപ്പിൽ നിന്നും 9200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ശിശിരത്തിലെ കൊടും തണുപ്പിനുശേഷം വസന്താഗമത്തോടെ മഞ്ഞുരുകി വഴിതെളിമ്പോൾ അവിടം സഞ്ചാരികളുടെ പറുദീസയി മാറും. മഞ്ഞുപുതച്ച മലകളിലും പുതുനാമ്പുകൾ തളിരിട്ട താഴ്വരകളിലും ഇളം വെയിൽ തട്ടുമ്പോള്‍ സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ഈ പ്രദേശത്തെ സൗന്ദര്യാരാധകരായ സഞ്ചാരികള്‍ ആരോ ആയിരിക്കണം സോനാമാർഗ് (സ്വർണ്ണപ്പുൽമേട്) എന്ന് വിളിച്ചത്.
കാശ്മീരിന്റെ ഒരു ഗ്രാമക്കാഴ്ച
2019 ജൂലൈയിലാണ് ഞാനും സുഹൃത്ത് വി.കെ. സുജിത്കുമാറും ശ്രീനഗറിൽ എത്തിയത്. ഒരു രണ്ടുരാത്രിയും ഒരു പകലും മാത്രമായിരുന്നു ഞങ്ങളുടെ പക്കൽ ശ്രീനഗറിൽ ചെലവഴിക്കാൻ ഉണ്ടായിരുന്നത്. അതിനാൽ രാവിലെ സോജിലാ-പാസ്സ്, ഉച്ചയ്ക്ക് ശേഷം സോനമാർഗ് എന്നിവ മാത്രം സന്ദർശിക്കാൻ തീരുമാനിച്ചു. ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള ദേശീയ പാതയിൽ വരുന്ന സ്ഥലങ്ങളാണിവ രണ്ടും. ആദ്യം സോനാമാർഗ്, ശേഷം സോജില. കുറച്ചുകൂടി യാത്രചെയ്താൽ കാർഗിൽ വരെ എത്താം. പക്ഷേ അന്നുതന്നെ തിരികെയെത്താൻ സാധിക്കില്ല. അതിനാലാണ് സോജില വരെയായി യാത്ര ചുരുക്കാൻ ഞങ്ങള്‍ തീരുമാനിച്ചത്.
ലേയിലേക്കുള്ള ദേശീയപാത
തലേദിവസം രാത്രിതന്നെ ഒരു റോയൽ എൻഫീൽഡ് ബൈക്ക് തരപ്പെടുത്തിയിരുന്നു. 1300 രൂപ ദിവസ വാടക. രാവിലെ 7 മണിയോടെ യാത്ര ആരംഭിച്ചു. നഗരാതിർത്തി പിന്നിട്ടശേഷം ഒരു ഹോട്ടലിൽ നിന്നും പ്രാതൽ കഴിച്ചു. കാശ്മീരിലെ ഭക്ഷണം ഏറെ രുചികരമാണ്. അവിടത്തെ ചായയ്ക്ക് നമ്മൾ അടിമപ്പെട്ടുപോകും.
മനോഹരമായ കാശ്മീർ ഗ്രാമങ്ങൾക്കിടയിലൂടെ, പ്രകൃതി സൌന്ദര്യം നുകർന്ന്, നനുത്ത തണുപ്പിന്റെ സുഖമാസ്വദിച്ച് ദേശീയപാത ഒന്നിലൂടെ ഞങ്ങളുട യാത്ര മുന്നോട്ടുപോയി. ഝലം നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നായ സിന്ദ് നദിയ്ക്ക് (സിന്ധുനദിയല്ല) സമാന്തരമായാണ് ദേശീയപാതയും പണിതിട്ടുള്ളത്. അതിമനോഹരമായ കാഴ്ചകളായിരുന്നു ഇരുഭാഗത്തും.
സിന്ദ് നദിയുടെ താഴ്വ – ദേശീയപാത 1ൽ നിന്നുള്ള കാഴ്ച
കാശ്മീരിലെല്ലായിടത്തും സൈന്യത്തിന്റെ വൻ സുരക്ഷയുണ്ടായിരുന്നു. ഏതാണ് 25 മീറ്ററിന് ഒരാൾ എന്ന നിലയിൽ ദേശീയപാതക്ക് ഇതുവശവും ജവാൻമാർ നിലയുറപ്പിച്ചിരുന്നു. കാശ്മീരിന്റെ ഭരണഘടനാ പദവി റദ്ദുചെയ്യുന്നതിനു മുമ്പുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ഈ സുരക്ഷാ ക്രമീകരണങ്ങൾ. എന്നാൽ സഞ്ചാരികൾക്ക് അത് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ല.
ഹിമാലയത്തിലെ റോഡുപണി – ഈ കുറുക്കുവഴിയാണ് ഞങ്ങൾക്ക് ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നത്.
മൺസൂണിന് മുമ്പായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാൽ റോഡിൽ പലയിടത്തും തടസ്സങ്ങൾ നേരിട്ടു. അമർനാഥ് യാത്രനടക്കുന്ന സമയമായതിനാലും യാത്രാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ഉദ്ദേശിച്ചതിലും കൂടുതൽ സമയമെടുത്താണ് യാത്ര തുടര്‍ന്നത്.
സോനാമാർഗ്ഗ് കഴിഞ്ഞ് സോജിലാ പാസ്സിന് ഏകദേശം അടുത്തെത്താറായപ്പോൾ സൈന്യം വഴി പൂർണ്ണമായും അടച്ചു. മുന്നിൽ റോഡ് പണി നടക്കുന്നതിനാൽ ഉച്ചക്ക് 2 മണിക്കുശേഷമേ യാത്രതുടരാനാകൂ എന്ന് അവർ അറിയിച്ചു. അപ്പോൾ സമയം പതിനൊന്നര കഴിയുന്നതേ ഉണ്ടായിരുന്നുള്ളു.
കുറച്ച് പിന്നിലേക്ക് പോയാൽ, മലമുകളിലൂടെ ഒരു കുറുക്കുവഴിയുണ്ടെന്ന് ഒരു ജവാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ തിരികെ വന്ന് മല മുറിച്ചുകടക്കുന്നതിനുള്ള ശ്രമം നടത്തി. വളരെ ഉയരമുള്ള ഒരു മലയുടെ മുകളിലേക്ക് കുത്തനെയുള്ള, ടാർചെയ്യാത്ത, ചരലും പാറയും നിറഞ്ഞ ഒരു റോഡായിരുന്നു അത്. അല്പം സാഹസപ്പെട്ട് ഞങ്ങൾ അതിന്റെ മുകളിലെത്തി. എന്നാൽ മറുഭാഗത്തേക്ക് കടക്കുന്നതിനിടയിൽ റോഡ് പിന്നെയും തടസ്സപ്പെട്ടു. അവിടെ മലയിടിച്ചിൽ മൂലം തകർന്ന റോഡ് നന്നാക്കുന്ന പണി നടക്കുകയായിരുന്നു. വഴി ഗതാഗതയോഗ്യമാക്കാൻ രണ്ടു മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് അറിഞ്ഞതിനെ തുടർന്ന് സോജിലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഞങ്ങൾ സോനാമാർഗ്ഗിലേക്ക് മടങ്ങി.
മലയടിവാരത്തെ മനോഹരമായ ഹോട്ടൽ. വർഷത്തിൽ, മഞ്ഞൊഴിഞ്ഞ ആറുമാസം മാത്രമാണ് ഹോട്ടലുകൾ ഇവിടെ പ്രവർത്തിക്കുക.
തിരികെ സോനാമാർഗ്ഗിലെത്തിയപ്പോൾ ഉച്ച കഴിഞ്ഞു. അപ്പോഴേക്കും ഞങ്ങൾ നന്നായി ക്ഷീണിച്ചിരുന്നു. അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വിശ്രമിച്ചു. ഹിമാലയൻ നിർമ്മാണരീതിയുടെ ലാളിത്യവും സൗന്ദര്യവും ഒത്തിണങ്ങിയ രമണീയമായ ഒരു കെട്ടിടത്തിലാണ് മലയടിവാരത്തെ ആ ഹോട്ടൽ പ്രവർത്തിച്ചത്. അവിടെ ചെലവഴിച്ച സമയം ഉന്മേഷദായകമയിരുന്നു.
ഹിമാനി – ദേശീയപാതയിൽ നിന്നുള്ള ദൃശ്യം
ഡിസംബർ ജനുവരി മാസങ്ങളിൽ പത്തടിയോളം ഉയരത്തിൽ സോനാമാർഗ്ഗിലെ ദേശീയപാതയിൽ മഞ്ഞുറയും . അതിനാൽ ഏതാണ്ട് ആറുമാസത്തോളം ഇവിടെ ഗതാഗതം തടസ്സപ്പെടും. അക്കാലത്ത് ലേയിലേക്ക് റോഡുമാർഗ്ഗം പോകുക അസാധ്യമാണ്. ഇതു പരിഹരിക്കുന്നതിനായി ദൈർഘ്യമേറിയ ഒരു തുരങ്കത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
സോനാ മാർഗ്ഗിലെ പ്രധാന വിനോദം അവിടെയുള്ള ഹിമാനികൾ സന്ദർശിക്കുക എന്നതാണ്. ഉരുകുന്ന ഹിമാനികളിൽ നിന്നുള്ള ജലമാണ് വേനൽക്കാലത്തുപോലും ഹിമാലയൻ നദികളെ ജലസമൃദ്ധമാക്കുന്നത്. ഹൈവേയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തായാണ് താജിവാസ് ഹിമാനി. അവിടെനിന്ന് ഒഴുകിയെത്തുന്ന ജലം സിന്ദ് നദിയുടെ പ്രധാന സ്രോതസ്സാണ്.
ഹിമാനികളിൽനിന്ന് ഒഴുകിയെത്തുന്ന ജലം ഹിമാലയൻ നദികളെ വേനൽക്കാലത്തും ജലസമൃദ്ധമാക്കുന്നു
ദേശീയപാതയിൽ നിന്നും ഹിമാനിയിലേക്കുള്ള കയറ്റം സാധാരണ സഞ്ചാരികൾക്ക് കഠിനമാണ്. വാഹനങ്ങൾ പോകില്ല. അതിനാൽ മിക്ക യാത്രികരും മലകയറാനായി കുതിര സാവരിയാണ് ആശ്രയിക്കുക. നൂറുകണക്കിന് കുതിരകളെയാണ് പ്രധാന സീസണിൽ അവിടെ എത്തിക്കുന്നത്.
ഞങ്ങൾ എത്തിയത് ജൂലൈ അവസാന സമയമായിരുന്നു. സീസൺ ഏതാണ്ട് അവസാനിച്ചിരുന്നു. വേനൽ അധികമായിരിക്കുന്ന ആ സമയത്ത്, സാധാരണ മഞ്ഞുകാണുന്ന സ്ഥലത്തുനിന്നും വളരെ അകലെ, പർവ്വതമുകളിൽ മലയിടുക്കുകളിലും പർവ്വതശീർഷങ്ങളിലും മാത്രമായിരുന്നു മഞ്ഞുണ്ടായിരുന്നത്. അതിനാൽ കുതിരക്കാർ ഒരു സവാരിയ്ക്ക് രണ്ടായിരം മുതൽ മുകളിലോട്ടാണ് തുക ആവശ്യപ്പെട്ടത്. എന്നാൽ കുതിരയ്ക്ക് പകരം പറ്റുന്നത്ര ദൂരം നടന്നു കയറാനായിരുന്നു ഞങ്ങളുടെ തീരുമാനം.
ഹിമാനിയിലേക്ക് കുതിരപ്പുറത്ത് യാത്ര പുറപ്പെടുന്നവർ
സുരക്ഷിതമെന്നു തോന്നിയ ഒരു സ്ഥലത്ത് വണ്ടിയൊതുക്കി ഞങ്ങൾ മലകയറ്റം ആരംഭിച്ചു. ഒരു മണിക്കൂർകൊണ്ട് ഞങ്ങൾ അടിവാരത്ത് എത്തി. സാധാരണ സീസൺ സമയത്ത് മഞ്ഞുകേളികൾ അരങ്ങേറുന്ന സ്ഥലമാണ് അത്. വേനൽ കടുത്തതിനാൽ അവിടത്തെ മഞ്ഞെല്ലാം ഉരുകി തീർന്നിരുന്നു. സഞ്ചാരികളും തീരെ കുറവായിരുന്നു. കുറച്ച് താല്‍ക്കാലിക കടകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിയെ ചായ, ചെറിയ പലഹാരങ്ങൾ, ബ്രഡ്, മുട്ട വിഭവങ്ങൾ, മാഗി എന്നിവ ലഭിക്കും.
മലയിടുക്കിൽ മഞ്ഞുറഞ്ഞിരിക്കുന്ന കാഴ്ച. ഇവിടേക്കായിരുന്നു ഞങ്ങളുടെ മലകയറ്റം.
അടിവാരത്തുനിന്നും ഉയരത്തിലേക്കുനോക്കിയാൽ മഞ്ഞിന്റെ തൊപ്പിയണിഞ്ഞ രണ്ടുമൂന്ന് പർവ്വത ശിഖരങ്ങൾ കാണാമായിരുന്നു. രണ്ടുമലകൾ തമ്മിൽ ചേരുന്ന ഇടുക്കുകളിലും ധാരാളം മഞ്ഞുറഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. താഴെനിന്നും നോക്കുമ്പോൾ ഹൃദയാകൃതിയിൽ കാണപ്പെട്ട, അത്തരം ഒരു മഞ്ഞുപ്രദേശത്ത് എത്തിപ്പെടുക എന്നതായിരുന്നു തുടർന്നുള്ള ഞങ്ങളുടെ ലക്ഷ്യം. മലയിടുക്കിലൂടെയുള്ള യാത്ര അത്രമേൽ ഹരം പകരുന്നതാകയാൽ യാത്രയുടെ കാഠിന്യം അനുഭവപ്പെട്ടതേയില്ല.
ഹിമാനിയിലേക്കുള്ള നടത്തം
മലകയറുന്നതിനിടയിൽ ആടുമേയ്ക്കുന്ന കുട്ടികളെ പരിചയപ്പെട്ടു. സീസൺ സമയത്ത് വിവിധങ്ങളായ തൊഴിലുകളിൽ ഏർപ്പെടുന്നതിനായി ഗ്രാമങ്ങളിൽ നിന്നും എത്തി, താല്‍ക്കാലിക കുടിലുകൾ കെട്ടി താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു അവർ. അല്പം കൂടി നടന്നപ്പോൾ രണ്ടു കാശ്മീരികൾ ഞങ്ങളെ പരിചയപ്പെട്ടു. മുകളിൽ മഞ്ഞിൽ തെന്നൽ വണ്ടികൾ (Sledge) വലിക്കുന്നവരാണ് അവർ. ഞങ്ങളിൽ രണ്ടു ഇടപാടുകാരെ അവർ കണ്ടിട്ടുണ്ടാകണം. അവരും ഞങ്ങളോടൊപ്പം മുകളിലേക്കുള്ള യാത്രയിൽ കൂടി. അതെന്തായാലും നന്നായി. കാരണം മുകളിലേക്കുള്ള, പ്രയാസം കുറഞ്ഞതും സുരക്ഷിതവുമായ വഴികൾ അവർക്ക് പരിചിതമായിരുന്നു.
ഇടയബാലകരോടൊപ്പം
ഏതാണ്ട് ഒന്നര മണിക്കൂറത്തെ മലകയറ്റത്തിനുശേഷം ഞങ്ങൾ ഹിമാനിയിൽ എത്തിച്ചേർന്നു. കട്ടപിടിച്ച മഞ്ഞ് ഹരം പകരുന്ന അനുഭവമായിരുന്നു. മഞ്ഞിനു മുകളിലൂടെ നടക്കുന്നതിനായി മുട്ടുവരെ എത്തുന്ന, വെള്ളവും തണുപ്പും കയറാത്ത ഷൂസുകൾ ഞങ്ങൾ താഴ്വാരത്തുനിന്നും വാടകയ്ക്ക് വാങ്ങി ധരിച്ചിരുന്നു. മഞ്ഞിനു മുകളിലൂടെ ശ്രദ്ധയോടെ നടന്നില്ലങ്കിൽ വീണുപോകും. ചിലയിടത്ത് മുകളിൽ മഞ്ഞുകാണുമെങ്കിലും താഴെ പൊള്ളയായിരിക്കും. പൊള്ളയായ തുരങ്കങ്ങളിലൂടെ ജലം കുത്തിയൊഴുകുന്നുണ്ടാകും. ചിലഭാഗങ്ങൾ ഉരുകിയുരുകി ഒരു ഗുഹപോലെ ആയിട്ടുണ്ട്.
മഞ്ഞുഗുഹയ്ക്കുള്ളിൽ …
അപ്ലസമയത്തിനുള്ളിൽ കാശ്മീരി സുഹൃത്തുക്കൾ തെന്നൽ വണ്ടികളുമായി എത്തി. കുറച്ചു സമയം അവരോടൊപ്പം തെന്നിക്കളിച്ചു. സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നുണ്ടായിരുന്നു. ചുറ്റും മലകളായതിനാൽ നേരത്തെ തന്നെ അവിടെ ഇരുട്ടുവീഴും. ഞങ്ങൾ തിരികെ ഇറങ്ങാൻ ആരംഭിച്ചു.
മഞ്ഞുരുകി പാറ തെളിഞ്ഞ സ്ഥലങ്ങളിൽ ചെറിയ പൂച്ചെടികൾ വളർന്നു നിന്നു. ചെറിയ ആമ്പലിനെ പോലെയുള്ള ഒരു സസ്യം വെള്ളം ഒഴുകുന്ന ഇടങ്ങളിൽ പാറകളുടെ വശങ്ങളിലൊക്കെ വെള്ള നിറമുള്ള പൂക്കളുമായി വളർന്നു നില്ക്കുന്നുണ്ടായിരുന്നു. മറ്റുള്ള ചെടികളൊക്കെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാൽ അലംകൃതമായിരുന്നു.
മഞ്ഞുനീരുറവ പിറവിയെടുക്കുന്ന പർവ്വതശിഖരം
തിരികെ താഴ്വാരത്തിലെത്തി നല്ലൊരു ചായകുടിച്ചു. തേയില കൊണ്ടുള്ള ചായയായിരുന്നില്ല. ഹിമാലയത്തിൽ ലഭ്യമായ ഏതോ ഒരിലകൊണ്ടുണ്ടാക്കിയ, പാലില്ലാത്ത ചായ. നല്ല രുചിയുണ്ടായിരുന്നു. ചായക്കടയിൽ കൂടിയവർ ഞങ്ങളുമായി സൌഹൃദം പങ്കുവച്ചു. കേരളത്തെക്കുറിച്ചും കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ പറ്റിയും അവർ നല്ലവാക്കുകൾ പറഞ്ഞു. കേരളത്തിൽ നിന്നുള്ളവർ അധികവും ബുള്ളറ്റ് യാത്രനടത്തുന്നവരാണ് എന്ന് അവർ അഭിപ്രായപ്പെട്ടു.
ഇനിയും വരണമീ മഞ്ഞിന്റെ ഭൂമിയിയിൽ
തിരികെ ദേശീയപാതയിൽ എത്തിയപ്പോഴേക്കും അഞ്ചുമണി കഴിഞ്ഞിരുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം സമ്മാനിച്ച സോനാമാർഗ്ഗ് ഓർമ്മകളിൽ നിറച്ച് തിരികെ ശ്രീനഗറിൽ എത്തിയപ്പോൾ രാത്രി പത്തുമണി ആയിരുന്നു. എന്നെങ്കിലും ഒരിക്കൽക്കൂടി ആ പർവ്വതശിഖരത്തിൽ കയറണം എന്ന് അപ്പോൾത്തന്നെ മനസ്സിൽ കുറിച്ചിരുന്നു.
2017 നെ യാത്രയാക്കാന്‍ പൊന്മുടിയിലേക്ക് ഒരു ഫാമിലി ട്രക്കിംഗ് ആകട്ടെയെന്നു് വച്ചു. മുമ്പൊരിക്കല്‍ പൊന്മുടുയില് പോയിട്ടുണ്ടെങ്കിലും ട്രക്കിംഗ് സാധിച്ചിരുന്നില്ല. ആ കുറവ് അങ്ങ് പരിഹരിക്കാമെന്നുവച്ചു. അങ്ങനെ ഞങ്ങള്‍ അഞ്ചുപേര്‍ – ഞാന്‍, വിദ്യ (ഭാര്യ), കാളിന്ദി, കാവരി (മക്കള്‍), അനൂപ് (വിദ്യയുടെ സഹോദരന്) 2017 ഡിസംബര്‍ 31ന് പൊന്മുടിയ്ക്ക് തിരിച്ചു. ചെറിയ വിവരണവും ചിത്രങ്ങളും കാണാം. Continue reading പൊന്മുടിയില് ഒരു പുതുവര്‍ഷത്തലേന്ന് …→
“തേരേ മേരേ സപനേ ….. അബ് ഏക് രംഗ് ഹേ …..”
അത് അവളുടെ പ്രിയപ്പെട്ട പാട്ടാണ്. സ്വയം അലിഞ്ഞാണ് അവള് പാടാറുള്ളത്. സാധാരണ ട്രെയിനില്‍ കാണാറുള്ള വഴിപാട് പാട്ടുകാരെപോലെയല്ല അവള്. എത്ര ഭംഗിയായാണ് പാടുന്നത് …ഇരുപത് വയസ്സിലധികം പ്രായം ഉണ്ടാകാനിടയില്ല. നീലക്കണ്ണുകളുള്ള മെലിഞ്ഞ സുന്ദരി. അവളുടെ ഒക്കത്തുള്ള കുട്ടിക്ക് കഷ്ടിച്ച് ഒന്നര വയസ്സുകാണും. ചെമ്പന്‍ മുടി നീട്ടി വളര്‍ത്തി ഓമനത്തമുള്ള കുട്ടി. മുന്നില്‍ കെട്ടിത്തൂക്കിയ ഹാര്‍മോണിയവും ഒക്കത്ത് കുട്ടിയുമായി സര്‍ക്കസ്സുകാരിയെപ്പോലെ അവള് പാട്ടുംപാടി കംപാര്‍ട്ടുമെന്റുകളിലൂടെ തെന്നിനീങ്ങി പ്പോകും. അവളെ കാണാന്‍ തുടങ്ങിയിട്ട് അധികനാളുകള്‍ ആയിട്ടില്ല. എങ്കിലും ഒരുവട്ടം അവളുടെ പാട്ടുകേള്‍ക്കുന്ന ആരും പെട്ടന്നങ്ങ് മറക്കില്ല.ട്രെയിനിലെ മുഷിപ്പന്‍ യാത്രകളില്‍ ഉണര്‍ത്തുപാട്ടുമായി അവള് വന്നപ്പോഴൊക്കെ ഞാനവള്‍ക്ക് പത്തുരൂപയെങ്കിലും നല്‍കിയിട്ടുണ്ട്. നിഷേധങ്ങള്‍ക്കും നാണയത്തുട്ടുകള്ക്കുമിടയില് പത്തുരൂപാ നോട്ട് ലഭിക്കുമ്പോള്‍ നന്ദിയുള്ള ഒരു നോട്ടം പലപ്പോഴും അവള് എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ഏതോ വടക്കന്‍ സംസ്ഥാനത്തുനിന്നും എത്തിയതാകാം. മൊത്തത്തില്‍ ഒരു രാജസ്ഥാനി പെണ്‍കുട്ടിയുടെ മട്ടുണ്ട്. ഒരിക്കല്‍ പേരു ചോദിച്ചെങ്കിലും മറുപടി തന്നില്ല.ഇന്നു ഞാന്‍ പതിവുള്ള യാത്രയല്ല പോകുന്നത്, പതിവുള്ള ട്രെയിനുമല്ല പതിവുസമയവുമല്ല. ഒളിച്ചോട്ടമാണ്. നാട്ടില്‍ നിന്നും ജീവിതത്തില്‍ നിന്നും. അതുകൊണ്ട് പതിവുകാരാരും ഇല്ല. പ്ലാറ്റ് ഫോമും ഏതാണ്ട് വിജനം. ആ ഏകാന്തതയിലാണ് പ്ലാറ്റുഫോമിന്റെ ഒരരികില്‍ അവളെ കണ്ടത്. സിമന്റ് ബഞ്ചില്‍ കുട്ടി ഉറങ്ങുന്നു. അടുത്തെത്തിയപ്പോള്‍ അവള് തലയുയര്‍ത്തി നോക്കി. പരിചയഭാവം മുഖത്തുണ്ടായിരുന്നു. വിഷാദം കരിപുരട്ടിയ മനസ്സിന് ഉണര്‍വാകാന്‍ അവളൊന്നു പാടിയിരുന്നെങ്കില്‍ എന്ന് തോന്നി.
“പാടുമോ ?”
അങ്ങനെ ചോദിക്കുന്നതിന് മടിതോന്നിയില്ല. അവള്‍ക്ക് ഭാഷ അറിയുമോ എന്നും ചിന്തിച്ചില്ല.
ഒന്നു ശങ്കിച്ചശേഷം അവള് ഹാര്‍മോണിയത്തിലൂടെ വിരലുകള്‍ ഓടിച്ചു.
“തേരേ മേരേ സപനേ അബ് ഏക് രംഗ് ഹേ ….. “
പാടിത്തുടങ്ങി. പാട്ടിലലിഞ്ഞ് ഞാനിരുന്നു. ഒന്നിനുശേഷം മറ്റൊന്ന് … അവള് പാടുകയാണ്. ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് ശ്രദ്ധിച്ചില്ല. അവളും …. പ്ലാറ്റ് ഫോമില്‍ ഒരു ട്രെയിന്‍ വന്നുനിന്നു. അവള് പാട്ടുനിര്‍ത്തി. അവളുടെ കണ്ണുകളില്‍ ഈറനുണ്ടോ ?
“പോവുകയാണ് ബാബുജി …”
അങ്ങനെയാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.
ഞാന്‍ ഒരു അഞ്ഞൂറുരൂപാ എടുത്ത് അവളുടെ നേര്‍ക്ക് നീട്ടി.
പെട്ടന്ന് അവള് പിന്നോക്കം മാറി. അറപ്പും അവജ്ഞയും ഇടകലര്‍ന്ന വികാരത്തോടെ വേണ്ട എന്ന് തലയാട്ടി.
“വലിയ നോട്ടുകള്‍ വഴിതെറ്റിക്കും ബാബുജീ …”
അവള് കുട്ടിയെയും എടുത്ത് തിരിഞ്ഞുനോക്കാതെ നീങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് കയറി.
അഞ്ഞൂറ് രൂപയുടെ നോട്ട് എന്റെ കയ്യിലിരുന്ന് വിറച്ചു.